ഭോപ്പാൽ : മൂന്ന് തവണ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന മുസ്ലിം അനാചാരം നിരോധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് നിരോധന നിയമത്തിന്റെ ഭാഗമായി മുസ്ലിം സ്ത്രീകള്‍ വിവാഹമോചനത്തിന്റെ കാര്യത്തില്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതോടെ ഭര്‍ത്താവും വീട്ടുകാരും നടത്തുന്ന ഗാര്‍ഹികപീഢനം നിശ്ശബ്ദമായി സഹിക്കാന്‍ തയ്യാറാവാതെ, ശക്തമായി വിവാഹമോചനം ആവശ്യപ്പെട്ട് മധ്യപ്രദേശില്‍ കൗണ്‍സലിംഗ് കേന്ദ്രങ്ങളില്‍ എത്തുന്ന മുസ്ലിം സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ദൈനിക് ഭാസ്കര്‍ എന്ന പത്രത്തില്‍ 2020 ജൂലായ് മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച മധ്യപ്രദേശ് സംസ്ഥാനത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 252 മുസ്ലിം വനിതകള്‍ മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും സ്വീകരിച്ച് വിവാഹമോചനം നേടിയതായി പറയുന്നു.
ഭർതൃവീട്ടിലെ പീഡനങ്ങളൾക്കെതിരെ ശബ്ദിക്കാൻ മുത്തലാഖ് നിരോധന നിയമം വനിതകളെ സഹായിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒരു വര്‍ഷത്തിനിടെ നിയമ പ്രകാരം വിവാഹ മോചനം നേടിയ 252 മുസ്ലീം സ്ത്രീകളില്‍ ഭൂരിഭാഗവും ഭർത്താവിൽ നിന്നും നഷ്ടപരിഹാരം പോലും വാങ്ങാൻ കൂട്ടാക്കിയിട്ടില്ല. വിവാഹ മോചനം നേടിയവരിൽ പലരും വിദഗ്ധ നിയമോപദേശം തേടിയ ശേഷമാണ് ഭർതൃവീടുകൾ വിട്ടത്.
മുത്തലാഖ് നിരോധന നിയമം നിലവിൽ വന്നതോടെ മുസ്ലീം വനിതകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളായെന്ന് ഭോപ്പാലിലെ കൗൺസിലിംഗ് കേന്ദ്രം മേധാവി അഫ്താബ് അഹമ്മദ് പറഞ്ഞു. വിവാഹ മോചനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാൻ വനിതകൾ നേരിട്ടാണ് സെന്ററുകളിൽ എത്തുന്നു എന്നത് വലിയൊരു മാറ്റമാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് ഇവരിൽ കൂടുതൽ പേരുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ആറ് മുതല്‍ എട്ട് വരെ മുസ്ലിം യുവതികള്‍ വിവാഹമോചനം സംബന്ധിച്ച കൗണ്‍സിലിങ്ങിന് എത്തുമായിരുന്നെങ്കില്‍ കോവിഡ് മൂലമുള്ള ലോക്ഡൗണിന് ശേഷം 10 മുസ്ലിം വനിതകളെങ്കിലും എത്തുന്നതായി അഹമ്മദ് പറയുന്നു. വിവാഹത്തിന് മുന്‍പ് പ്രേമിച്ചിരുന്ന ദമ്പതിമാര്‍ക്കിടയില്‍ പോലും വിവാഹമോചനം ആവശ്യപ്പെടുന്ന കേസുകള്‍ വിരളമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് ഭൂരിഭാഗം സ്ത്രീകളെയും വിവാഹ മോചനത്തിന് പ്രേരിപ്പിച്ചത്. ഭർത്താവുമായി ഒത്തുപോകാൻ കഴിയാത്തതിനെ തുടർന്ന് നല്ലൊരു ശതമാനം സ്ത്രീകളും വിവാഹ മോചനം തേടിയിട്ടുണ്ട്. ഇനിയും 622 കേസുകൾ കുടുംബ കോടതികളുടെ പരിഗണനയിലുണ്ട്.
കൗണ്‍സലിംഗിന് ശേഷവും വിവാഹമോചനം വേണമെന്ന അഭിപ്രായത്തില്‍ മാറ്റം വരുത്താത്ത ഒട്ടേറെ മുസ്ലിം സ്ത്രീകളുണ്ടെന്നും അവരെല്ലാം തീരുമാനിച്ചതുപോലെതന്നെ വിവാഹമോചനം നേടുന്നുണ്ടെന്നും അഫ്താബ് അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: