കോട്ടയം: ഡിജിപിയായി അനില്‍കാന്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോളന്മാര് തേടിയത് അദ്ദേഹവുമായി രൂപസാദൃശ്യമുള്ളതാരെന്നാണ്. അധികം വൈകുംമുന്നെതന്നെ അവര്‍ അതിന് ഉത്തരം കണ്ടെത്തുകയും ചെയ്തു. വൈക്കം ചെമ്പ് സ്വദേശിയും നടനുമായ ചെമ്പില്‍ അശോകനും ശശി കലിംഗയുമാണ് ട്രോളുകളിലെ താരമായി കൊണ്ടിരിക്കുന്നത്.
സ്ഥാനമൊഴിഞ്ഞ ലോകനാഥ്ബെഹ്റ ഡിജിപിയായി ചുമതലയേറ്റെടുത്തപ്പോഴും നിമിഷങ്ങള്‍ക്കകം നടന് സാജു നവോദയയെ സാമൂഹ്യമാധ്യമങ്ങളില്‍ അപരനാക്കി ട്രോളന്മാര് ആഘോഷമാക്കിയിരുന്നു. പാഷാണം ഷാജിക്ക് വിശ്രമിക്കാം. ഇനി ചെമ്പില്‍ അശോകന്റേയും ശശി കലിംഗയുടേയും കാലമാണ്. ട്രോലന്മാര്ക്കാണെങ്കില് പുതിയ ഡിജിപിക്ക് അപരനെ കണ്ടെത്തിയ സന്തോഷമാണ് അതും ഒന്നല്ല രണ്ടുപേരെ.
ഡിജിപിയായി ചെമ്പില്‍ അശോകന് ചുമതലയേറ്റു എന്ന അടിക്കുറിപ്പോടെയുള്ള ട്രോളുകളും കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരന്നു. ചെമ്പില്‍ അശോകന്റേയും ശശി കലിംഗയുടേയും പോലീസ് വേഷങ്ങളില്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അനില്‍കാന്തിനൊപ്പം ചേര്‍ത്തുവെച്ചാണ് ട്രോളന്മാരുടെ ആഘോഷം. ബെഹ്റ- സാജു നവോദയ കോമ്പിനേഷന്‍ ഏറ്റെടുത്ത സാമൂഹ്യ മാധ്യമങ്ങള്‍ അനില്‍കാന്ത്- ചെമ്പില്‍ അശോകന് കോമ്പിനേഷനും ഏറ്റെടുത്തു കഴിഞ്ഞു.
ഡിജിപിക്കൊപ്പം ട്രോളുകളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ചെമ്പില്‍ അശോകന് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഡിജിപിയായി അഭിനയിച്ചിട്ടില്ല. ഡിവൈഎസ്പി വേഷമാണ് ചെയ്ത പോലീസ് വേഷങ്ങളില്‍ ഉയര്‍ന്നത്. അനാര്‍ക്കലി എന്ന ചിത്രത്തിലായിരുന്നു അത്. ലോക്നാഥ് ബെഹ്റയും സാജു നവോദയയും ഒന്നിച്ച് വേദിയില്‍ എത്തിയപ്പോള്‍ ഏറെ ആസ്വദിച്ചിരുന്നു. എന്നാല്‍ അത്തരമൊരു അവസരം തനിക്കുണ്ടാവുമെന്ന് കരുതിയിരുന്നില്ല.
ചിലര്‍ വിളിച്ചുപറഞ്ഞ ശേഷമാണ് ട്രോളുകളെക്കുറിച്ച് അറിഞ്ഞത്. ഡിജിപിയാക്കിയുള്ള വൈറല്‍ ട്രോളുകള്‍ കണ്ടപ്പോള്‍ ആദ്യമൊന്ന് അത്ഭുതപ്പെട്ടു. മറ്റുള്ളവരെ പോലും താനും ട്രോളുകള്‍ ആസ്വദിക്കുകയാണ്. ഭക്ഷണമെല്ലാം കഴിച്ച് ഇപ്പോള്‍ കുറച്ച് പുഷ്ടിപ്പെട്ടതിനാല് രൂപത്തില്‍ ചെറിയ മാറ്റമുണ്ട്. എന്നാല്‍ പഴയ മീശയില്ലാത്ത ചിത്രങ്ങള്‍ അനില്‍കാന്തുമായി വളരെ സാമ്യമുണ്ട്. സന്ദര്‍ഭം ഒത്തുവന്നാല്‍ പുതിയ ഡിജിപിയെ കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: