പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം അമ്പേ പാളുമ്പോഴും പിണറായി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു. പ്രതിരോധ വാക്സിന് സംബന്ധിച്ച് കേരള സര്‍ക്കാര്‍ നല്കിയ പരസ്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരംതാണ രാഷ്ട്രീയം.
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇതിനായി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നല്കിയ പരസ്യത്തിലാണ് ഇടതുസര്‍ക്കാരിന്റെ രാഷ്ടീയക്കളി. ‘വാക്സിനേഷന് മുടങ്ങിയാല്‍ കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദി’ എന്ന് ധ്വനിവരുന്ന വിധമാണ് പരസ്യ വാക്യം. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വാക്സിന് ലഭ്യതയില്‍ കുറവുണ്ടാകുന്ന പക്ഷം ചില ദിവസങ്ങളില്‍ വാക്സിനേഷന് മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പരസ്യത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇനി മുതല്‍ രണ്ടാഴ്ച്ചയോ അതിലധികമോ ദിവസങ്ങളിലേക്ക് വാക്സിനേഷനായി മുന്‍കൂട്ടി സ്ലോട്ട് ബുക്കുചെയ്യാം. വാക്സിനേഷന് കേന്ദ്രങ്ങളില്‍ വാക്സിന് ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാനമാണ് ചെയ്യേണ്ടത്. വാക്സിന് ക്ഷാമമെന്ന് വാര്‍ത്ത പ്രചരിപ്പിക്കുകയും ഭരണപ്പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും മറ്റ് താല്പര്യക്കാര്ക്കും വാക്സിന് ക്രമം തെറ്റിച്ചുനല്കുകയും ചെയ്യുന്നുവെന്ന് ആക്ഷേപം വ്യാപകമായിരിക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്ന ഈ പരസ്യം.
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന വാക്സിനേ സംസ്ഥാനത്ത് ഉപയോഗിക്കുന്നുള്ളു എന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പരസ്യവാക്യം വെറും രാഷ്ട്രീയ പാപ്പരത്തമാണ് പ്രകടമാക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ വന്നു തുടങ്ങി. സംസ്ഥാനം സ്വന്തമായി വാക്സിന് വാങ്ങി എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം.
വാക്സിന് വാങ്ങിയെന്നും വിതരണം ആരംഭിച്ചുവെന്നും വരെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഒന്നും വാസ്തവമായിരുന്നില്ല. വാക്സിന് ചലഞ്ച് എന്നപേരില്‍ ബീഡിത്തൊഴിലാളികളില്‍ നിന്നടക്കം സമാഹരിച്ച കോടികള്‍ എന്തു ചെയ്തു എന്ന ചോദ്യമാണ് ഈ പരസ്യത്തിന് മറുപടിയായി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: