ന്യൂദല്‍ഹി: ജ്യത്തെ നിലവിലെ കോവിഡ് അവസ്ഥ, കോവിഡ് വാക്സിനുകള്‍, പ്രതിരോധ കുത്തിവയ്പ് എന്നിവയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ തകര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം യുണിസെഫുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും ആരോഗ്യകാര്യ ലേഖകര്‍ക്കുമായി ശേഷി വര്‍ദ്ധിപ്പിക്കല്‍ ശില്പശാല നടത്തി. കോവിഡ് ഉചിത പെരുമാറ്റത്തിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനും കൂടി ഉദ്ദേശിച്ചായിരുന്നു ശില്പശാല. കേരളത്തിന് പുറമെ. അസം, ഒഡീഷ, തമിഴ്നാട്, മേഘാലയ, മിസോറം, ത്രിപുര, മണിപ്പൂര്‍, നാഗാലാന്‍ഡ്, സിക്കിം, പശ്ചിമ ബംഗാള്‍, തെലങ്കാന, അരുണാചല്‍ പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മാധ്യമ പ്രവര്‍ത്തകരും ആരോഗ്യ കാര്യ ലേഖകരും ശില്പശാലയില് പങ്കെടുത്തു. ജന്മഭൂമിയെ പ്രതിനിധീകരിച്ച് ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ പങ്കെടുത്തു.
200 ലധികം ആരോഗ്യകാര്യ ലേഖകരും ദൂരദര്ശന് ന്യൂസ്, ആകാശവാണി, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ശില്പശാലയില് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി ആരതി അഹൂജ സംസാരിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ നടത്തിയ എല്ലാ പരിശ്രമങ്ങള്‍ക്കും എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അവര്‍ നന്ദി പറഞ്ഞു. സമൂഹത്തില്‍പ്രധാന സ്വാധീനം ചെലുത്തുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. മിഥ്യാധാരണകളും വ്യാജവാര്‍ത്തകളും തകര്‍ത്ത്, കുത്തിവയ്പെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആളുകളെ പ്രോത്സാഹിപ്പിക്കണം. പോസിറ്റീവ് സ്റ്റോറികളും മാതൃകകളും ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര ഗവണ്മെന്റ് രൂപീകരിച്ച കോവിഡ് തന്ത്രത്തിന്റെ ഒരു ലഘു വിവരണം നല്‍കിക്കൊണ്ട്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ സാമൂഹിക കൂട്ടായ്മകള്‍ സംഘടിപ്പിക്കല്‍, പെരുമാറ്റത്തിലെ പരിവര്‍ത്തനം എന്നീ വിഷയങ്ങള്‍ വിശദീകരിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ മൂന്ന് പ്രധാന ഘടകങ്ങള്‍ ഉണ്ട് – കോവിഡ് ഉചിത പെരുമാറ്റത്തിന്റെ സാമൂഹിക പ്രതിബദ്ധത, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിംഗ്, കോവിഡ്, വാക്സിനേഷന് എന്നിവ സംബന്ധിച്ച മിഥ്യകള്‍ എന്നിവയില്‍ ഇന്ത്യയുടെ പ്രത്യേക വെല്ലുവിളികള്‍ അദ്ദേഹം, ഉയര്‍ത്തിക്കാട്ടി.
കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് സജീവവും ഉന്നതവുമായ ഒരു സമീപനം കേന്ദ്ര ഗവണ്മെന്റ് പിന്തുടര്ന്നിട്ടുണ്ട്.
വാക്സിന് ഉപയോഗിക്കാനുള്ള വിമുഖത ചെറുക്കുന്നതിനുള്ള പ്രധാന പങ്കാളിയായി മാധ്യമങ്ങളെ അംഗീകരിച്ച അദ്ദേഹം 33.5 കോടിയിലധികം വാക്സിന് ഡോസുകള്‍ ഇന്ത്യയില്‍ നല്‍കിയതായും പറഞ്ഞു. മാതൃകകളെയും ജനകീയ താരങ്ങളെയും ഉള്‍പ്പെടുത്തി ഒരു ബഹുജന പ്രസ്ഥാനത്തിന് രൂപം നല്കാന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: