കൊല്ലം: കന്നുകാലികളെ വളര്‍ത്തി ഉപജീവനം കഴിക്കുന്ന രോഗികളായ വയോധികരുടെ വീട്ടില്‍ ഉടന്‍ പൈപ്പ് കണക്ഷന് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കണക്ഷന് നല്കിയ ശേഷം കൊല്ലം ആര്‍ഡിഒ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കമ്മിഷന് അംഗം വി.കെ. ബീനാകുമാരി ഉത്തരവിറക്കിയത്.
പരാതിക്കാരുടെ കുടുംബത്തിന് കുടിവെള്ളം നിഷേധിക്കുന്നത് ഗൗരവമായി കാണുമെന്ന് ഉത്തരവില്‍ പറയുന്നു. ശുദ്ധവായുവും ശുദ്ധജലവും പൗരാവകാശമാണെന്നും പറയുന്നു. തൃക്കരുവ സ്വദേശികള്‍ക്കെതിരെ വി. ശോഭന അമ്മയും കെ.ജി. ശശിമോഹന്നായരും സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാര്‍ക്ക് വീട്ടിലേക്ക് പോകാന്‍ സ്വന്തമായി വഴിയില്ല. എതിര്‍കക്ഷികളുടെ വസ്തുവിലൂടെയാണ് വഴി നടക്കുന്നത്. ഈ വസ്തുവിന് മുകളിലൂടെയാണ് പരാതിക്കാര്‍ വൈദ്യുതി കണക്ഷന് എടുത്തത്. വഴി നടക്കാന്‍ എതിര്‍കക്ഷികള്‍ തടസം നില്ക്കുന്നില്ല. എന്നാല്‍ നടക്കുന്ന വഴിയിലൂടെ കുടിവെള്ള പൈപ്പ് കൊണ്ടു പോകാന്‍ അനുവദിക്കുന്നില്ല. കമ്മീഷന് കൊല്ലം സബ്കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യദ്ധദമ്പതികളുടെ കുടുംബത്തിന് കുടിവെള്ളം നല്കാന് തീരുമാനമെടുക്കാത്ത ആര്‍ഡിഒയുടെ നടപടിയില്‍ കമ്മീഷന് ഉത്കണ്ഠ രേഖപ്പെടുത്തി. എതിര്‍കക്ഷികളുടെ അവകാശങ്ങളെ ഹനിക്കാതെ, നിലവിലുള്ള ഭൂമിയുടെ ഘടനയ്ക്കോ സ്വഭാവത്തിനോ മാറ്റം വരാത്ത വിധത്തില്‍ കുടിവെള്ള കണക്ഷന് നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: