കൊവിഡ് വ്യാപനം കുറയാത്തതിനെ തുടര്‍ന്ന് ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കേരളത്തില്‍ വീണ്ടും ശക്തമാക്കേണ്ടി വന്നിരിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി അഥവാ ടിപിആര്‍ പത്ത് ശതമാനത്തിനും താഴേക്കു വന്നതില്‍ ആശ്വാസം കൊണ്ടിരുന്ന ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ തോതിനെ അടിസ്ഥാനമാക്കി പ്രദേശങ്ങളെ തരംതിരിക്കുന്നതിന്റെ രീതിയും പുതുക്കി നിശ്ചയിക്കേണ്ടി വന്നിരിക്കുന്നു. പന്ത്രണ്ട് ജില്ലകളില്‍ നിത്യേനയുള്ള പരിശോധനകള്‍ ലക്ഷ്യം കാണാതിരുന്നത് രോഗവ്യാപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരുന്നതിന് വിഘാതമാവുകയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ മാത്രമാണ് ആരോഗ്യവകുപ്പ് ലക്ഷ്യം വയ്ക്കുന്ന അത്രയും പരിശോധനകള്‍ നടക്കുന്നത്. ഈ ജില്ലകളിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങളുള്ളതാണ് ഇതിനു കാരണം. കണ്ടെയ്മെന്റ് സോണുകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ളിടത്തും പരിശോധനകളുടെ എണ്ണം വര്‍ധിക്കാത്തത് അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഇതിനാല്‍ സ്ഥിതിഗതികളുടെ നിയന്ത്രണം കൈവിട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെടും.
ദേശീയ തലത്തില്‍ പ്രതിദിനം രോഗികളാവുന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരുമ്പോള്‍ ഇതിനനുസൃതമായ കുറവ് കേരളത്തില്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി ലഭിച്ചേ തീരൂ. അത് നല്‍കേണ്ടത് സംസ്ഥാനം ഭരിക്കുന്നവരാണ്. 102 ദിവസങ്ങള്‍ക്കുശേഷം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 40,000 ല്‍ താഴെയായി ചുരുങ്ങുമ്പോള്‍ കേരളം എന്ന ഒറ്റ സംസ്ഥാനത്ത് 13000 ലേറെ രോഗികളുണ്ടാവുന്നു എന്നത് ഒരു തരത്തിലും നിസ്സാരമായി കാണാനാവില്ല. ദേശീയതലത്തില്‍ കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണമെടുത്താലും, രോഗമുക്തി നേടുന്നവരുടെ എണ്ണമെടുത്താലും ആനുപാതികമായ കുറവ് കേരളത്തില്‍ വന്നുകാണാത്തത് രോഗപ്രതിരോധത്തില്‍ അടിസ്ഥാനപരമായ ചില പാളിച്ചകളോ വീഴ്ചകളോ ഉള്ളതുകൊണ്ടാണെന്ന് വിലയിരുത്തുന്നവരെ കുറ്റപ്പെടുത്താനാവില്ല. രോഗപ്രതിരോധം കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിലല്ല, അതിന്റെ പേരില്‍ ഖ്യാതി നേടുന്നതിനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ ഇവിടെ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ഉത്തര്‍പ്രദേശിനെയും മധ്യപ്രദേശിനെയും തമിഴ്നാടിനെയും പോലുള്ള വലിയ സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതില്‍ വലിയ വിജയം നേടുമ്പോള്‍ കേരളം ബഹുദൂരം പിന്നിലായിപ്പോകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തിയേ തീരൂ.
നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒരു മാസത്തോളം ഉയര്‍ന്നുനിന്നിരുന്ന രോഗവ്യാപന നിരക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയതിനാലാണ് കുറഞ്ഞുവന്നത്. ഇത് വീണ്ടും വിപരീത ദിശയിലാവുന്നതിനു പിന്നില്‍ അശാസ്ത്രീയമായ ചില ഇളവുകള്‍ പ്രഖ്യാപിച്ചതാണെന്ന് കരുതേണ്ടിയിരിക്കുന്നു. വളരെക്കാലം പൂട്ടിക്കിടന്നിരുന്ന മദ്യ വിതരണ ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത് ഇതിലൊന്നാണ്. രോഗവ്യാപനം തീവ്രമായ പ്രദേശങ്ങളില്‍നിന്നുപോലും ബിവറേജസ് ഔട്ട്ലെറ്റുകളില് ആളുകള്‍ മദ്യം വാങ്ങാനെത്തി. കിലോമീറ്റര്‍ നീണ്ട ക്യൂവാണ് ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. യാതൊരു സാമൂഹിക അകലവും പാലിക്കാതെ ഇവിടങ്ങളില്‍ ആളുകള്‍ തിക്കിത്തിരക്കിയത് രോഗവ്യാപനം വര്‍ധിപ്പിച്ചു എന്നത് പകല്‍പോലെ വ്യക്തമാണ്. ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. സര്‍ക്കാരിനെ നയിക്കുന്നവര്‍ അറിഞ്ഞുതന്നെയാണ് ഇതിനു വഴിവച്ചതെന്ന് സംശയിക്കാനും കാരണങ്ങളുണ്ട്. ബസ് സര്‍വീസ് നിയന്ത്രിച്ചതും, കടകളുടെ പ്രവര്‍ത്തന ദിവസം ചുരുക്കിയതും ഫലത്തില്‍ തിരക്ക് വര്‍ധിപ്പിക്കാനും സാമൂഹിക അകലം തെറ്റിക്കാനുമാണ് ഇടയാക്കിയത്. ഈ നടപടികള്‍ അടിയന്തരമായി പുനഃപരിശോധിക്കണം. പാളിച്ചകള്‍ തിരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: