ഗ്ലാസ്ഗോ: ആവേശം വാനോളം വിളിച്ചോതി ഉക്രെയ്ന്റെ തകര്‍പ്പന്‍ മുന്നേറ്റം. യൂറോ കപ്പില്‍ സ്വീഡനെ തകര്‍ത്ത് ക്വാര്‍ട്ടറിലേക്ക് കാല്‍വച്ചത് എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍. സമനില ഉറപ്പിച്ച് പെനാല്‍റ്റി ഷൂട്ടൗട്ടെന്ന ഭാഗ്യ പരീക്ഷണത്തിന് മൂര്‍ച്ച കൂട്ടുന്നതിനിടെയാണ് ഉക്രെയ്ന് അത്ഭുതഗോളുമായി കളം പിടിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വീഡന്റെ തോല്‍വി.
സ്വീഡന്റെ പ്രതിരോധത്തെ നിഷ്പ്രഭമാക്കി ലഭിച്ച ക്രോസ് ഉെക്രയ്നായി ആര്‍ടം ഡോബിക്ക് തലവച്ചത് അത്ഭുത ഗോളിനായായിരുന്നു. നിശ്ചിത സമയത്തെ കളി അവസാനിച്ച് മുപ്പത് മിനിറ്റ് എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോള്‍ വിജയം ആര്‍ക്കും നേടാവുന്ന നിലയില്‍. എന്നാല്‍ കളിയുടെ ഗതി തിരിച്ചത് 97-ാം മിനിറ്റിലെ ചുവപ്പ് കാര്‍ഡ്. സ്വീഡന്റെ ഡിഫന്‍ഡര്‍ മാര്‍ക്കസ് ഡാനിയേല്‍സ് കടുത്ത ടാക്ലിങ് നടത്തിയതിന് പുറത്തേക്ക് പോയപ്പോള്‍ പത്ത് പേരുമായി ചുരുങ്ങി ടീം. നിര്‍ണ്ണായക തീരുമാനം വീഡിയോ അസിസ്റ്റന്‍സിലൂടെ റഫറി തീരുമാനിക്കുകയായിരുന്നു. വീണ്ടുമൊരു 25 മിനിറ്റ് ഉക്രെയ്നെ പത്ത് പേരുമായി പിടിച്ചു നിര്‍ത്തുക പ്രയാസമായിരുന്നു സ്വീഡന്. എന്നാല്‍ എല്ലാ കരുത്തുമുപയോഗിച്ച് സ്വീഡിഷ് നിര പ്രതിരോധം തീര്‍ത്തു. 120 മിനിറ്റ് നീണ്ട പ്രതിരോധ കവചം കളി തീരാന്‍ മൂന്ന് മിനിറ്റ് അകലെ ഇഞ്ചുറി ടൈമില്‍ അവസാനിച്ചു. പ്രതിരോധത്തിലെ വീഴ്ച വിളിച്ചോതി ഡോബിക്ക് വലയിലേക്ക് നിറയൊഴിച്ചു. ചരിത്രത്തിലാദ്യമായി ഉക്രെയ്ന് യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍. പത്ത് പേരുമായി ചുരുങ്ങി പിടിച്ചു നില്‍ക്കുന്നതിന്റെ ക്ഷീണം തുറന്നു കാട്ടുന്നതായി ഗോള്‍.
തുടക്കം മുതല്‍ സ്വീഡനും ഉക്രയ്നും ആക്രമണം നടത്തി. ഗോള്‍ ശ്രമങ്ങള്‍ പ്രതിരോധത്തില്‍ തട്ടി തെറിച്ചു. മിനിറ്റുകളുടെ ഇടവേളയില്‍ എതിര് പോസ്റ്റിലേക്ക് ആര്‍ത്തിരമ്പുകയായിരുന്നു ഇരു ടീമുകളും. ആദ്യ മിനിറ്റുകള്‍ക്ക് ശേഷം കളി സ്വീഡന് ഏറെക്കുറെ വരുതിയിലാക്കി. മുന്നേറ്റങ്ങള്‍ പലതുണ്ടായെങ്കിലും വലകുലുങ്ങിയില്ല. പലപ്പോഴും അലസമായി കളി നിയന്ത്രിച്ചതും സ്വീഡന് തിരിച്ചടിയായി. എന്നാല്‍ 27-ാം മിനിറ്റില്‍ ഉക്രെയ്ന് മുന്നേറ്റം ഗോളിലെത്തി. വലതു വിങ്ങില്‍ പന്തുമായി നിന്ന യാര്‍മലെങ്കോ ഇടതു വിങ്ങിലേക്ക് ക്രോസ്. പന്ത് സ്വീകരിച്ചത് ഒലക്സാണ്ടര്‍ സിന്‍ചെങ്കോയി. മാര്‍ക്ക് ചെയ്യാതെ നിന്ന സിന്‍ചെങ്കോയി നടത്തിയ ബുള്ളറ്റ് ഷോട്ട് ഗോളിയുടെ കൈയ്യില്‍ തട്ടി വലയിലേക്ക്. ഉെക്രയ്ന് ആദ്യ ലീഡ്. വിട്ടു കൊടുക്കാന്‍ തയാറല്ലായിരുന്ന സ്വീഡന് ആക്രമണം കൂട്ടി. ഉെക്രയ്ന് പോസ്റ്റിലേക്ക് പല തവണ ശ്രമം നടത്തി. മികച്ച പ്രതിരോധം തീര്‍ത്ത ഉക്രെയ്ന് കാലിടറിയത് 43-ാം മിനിറ്റില്‍. പോസ്റ്റിന് 25 വാര അകലെ നിന്ന് എമില്‍ ഫോസ്ബര്‍ഗിന്റെ ഷോട്ട് ഉക്രെയ്ന് വലയിലേക്ക്. പലപ്പോഴും ഫോസ്ബര്‍ഗും ഉക്രെയ്ന് പ്രതിരോധവും തമ്മിലായി പോരാട്ടം. ഒടുവില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം.
രണ്ടാം പകുതിയിലും കളി കടുത്തു. ഉെക്രയ്ന്റെ ഒരു ശ്രമവും സ്വീഡന്റെ രണ്ട് ശ്രമവും പോസ്റ്റിലിടിച്ച് മടങ്ങി. വിജയത്തിനായി രണ്ടാം പകുതിയില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയത് സ്വീഡനായിരുന്നു. സുവര്ണാവസരങ്ങള് പോലും സ്വീഡന് നഷ്ടപ്പെടുത്തി. കോര്‍ണറുകളും ഫ്രീകിക്കുകളും ഗോളാക്കാന്‍ സ്വീഡനായില്ല. മത്സരത്തിലാകെ സ്വീഡന് ലഭിച്ചത് ആറ് കോര്‍ണറുകള്‍. മറുവശത്ത് ഉക്രെയ്ന് ലഭിച്ചത് രണ്ടണ്ണം മാത്രം. ഒടുവില്‍ പത്ത് പേരുമായി ചുരുങ്ങി ക്ഷീണിച്ച സ്വീഡന് പോസ്റ്റില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഉെക്രയ്ന് കളി പിടിക്കുമ്പോള്‍ ചരിത്ര നിമിഷമായി. കരുത്തരായ ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ ഉെക്രയ്ന്റെ എതിരാളികള്‍. ജൂലൈ മൂന്നിനാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: