ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത കശ്മീര്‍ രാഷ്ട്രീയനേതാക്കളുടെ യോഗത്തിന് പിന്നാലെ താഴ്വരയില് ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയവുമായി മുന്നോട്ട് പോകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തെ തുടര്‍ന്നാണ് ഭീകരാക്രമണ നീക്കങ്ങള്‍ നടക്കുന്നത്.
ജമ്മു കശ്മീര്‍ നിയമസഭയില്‍ കശ്മീരിനുള്ള മുന്‍തൂക്കം മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ നഷ്ടമാകുമെന്ന ഭയമാണ് കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും വിഘടനവാദ സംഘടനകളെയും ആശങ്കയിലാക്കുന്നത്. ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്തിന് നേര്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രമണം നടന്നതിന് പിന്നാലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണവും നടന്നിരുന്നു. ഞായറാഴ്ച രാത്രി ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനെ പുല്‍വാമയിലെ വീട്ടില്‍ കയറി ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. സ്പെഷ്യല്‍ പോലീസ് ഓഫീസല്‍ ഫയാസ് അഹമ്മദും ഭാര്യ രാജാ ബീഗവും മകള്‍ റാഫിയയുമാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ പാക് ഭീകരന് അടങ്ങുന്ന ജയ്ഷെ മുഹമ്മദ് സംഘമാണെന്ന് കശ്മീര്‍ ഐ.ജി വിജയകുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ ജമ്മു കശ്മീര്‍ പോലീസ് കോണ്‍സ്റ്റബിളും സബ് ഇന്‍സ്പെക്ടറും ഒരു സിവിലിയനും ഭീകരാക്രമണങ്ങളില്‍ താഴ്വരയില് കൊല്ലപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനും മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ യോഗത്തില്‍ തീരുമാനം സ്വീകരിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ശക്തിപ്പെടുന്നത്. എന്നാല്‍ ശ്രീനഗര്‍ അടക്കമുള്ള പ്രദേശങ്ങള്‍ പതിവിന് വിപരീതമായി ശാന്തമാണ്. വിഘടനവാദ സംഘടനകളുടെ പ്രവര്‍ത്തനം തന്നെ ഏതാണ്ട് മരവിച്ച അവസ്ഥയിലാണ്. രാഷ്ട്രീയ പാര്‍ട്ടികളും പരസ്യമായി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ നിലപാടുകളാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യം മുതലെടുക്കാനാണ് ഭീകരവാദ സംഘടനകളുടെ നീക്കമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: