കൊല്ലം: കണ്‍നിറയെ കൊഞ്ചും അയലയും ചാളയും ഞണ്ടുമടക്കം ഒന്ന് മുതല്‍ അഞ്ചു ലക്ഷം രൂപയുടെ മത്സ്യസമ്പത്തുമായി മടങ്ങിയെത്തിയിരുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഇന്ന് ആശങ്കയുടെ മുള്‍മുനയിലാണ്. മീന്‍പിടിത്തവള്ളങ്ങള്‍ തീരത്ത് തിരികെയെത്തുന്നത് ശുഷ്കമായ മത്സ്യവുമായാണ് എന്നതുതന്നെ കാരണം. ഇപ്പോള്‍ ഒരു പകല്‍ മുഴുവന്‍ കടലില്‍ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീന്‍ കിട്ടാത്ത ഗതികേടാണ്. വള്ളങ്ങളിലെ തൊഴിലാളികളുടെ നിലവിളിയാണ് തീരദേശത്തെങ്ങും ഉയരുന്നത്.
മണ്‍സൂണ്‍കാലം തുടങ്ങുകയും ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുകയും മീന്‍പിടിത്ത ബോട്ടുകള്‍ കരയ്ക്ക് കയറുകയും ചെയ്തതോടെ ഏറെ പ്രതീക്ഷകളോടെയാണ് പരമ്പരാഗത വള്ളങ്ങള്‍ ഉപരിതല മീന്‍പിടിത്തത്തിനായി കടലിലേക്കിറങ്ങിയത്. ഒരുമാസത്തോളം നീണ്ടുനിന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാതിരുന്ന തൊഴിലാളികള്‍ക്ക് മീന്‍പിടിത്തത്തിന് അനുവാദം ലഭിച്ചപ്പോള്‍ വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ കടലില്‍ പോയ വള്ളങ്ങള്‍ക്ക് ലഭിച്ചതാകട്ടെ നാമമാത്രമായ മത്സ്യവും.
ഒരു മീനും ലഭിക്കാതെ മടങ്ങേണ്ടിവന്ന വള്ളങ്ങളും ധാരാളമാണ്. കഴിഞ്ഞകാലങ്ങളില്‍ ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുമ്പോള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് നിറയെ മീന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത മത്സ്യക്ഷാമമാണ് കടലില്‍ അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. മത്സ്യക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം വള്ളങ്ങളും കടലിലിറക്കാതെ കരയില്‍ കയറ്റിവച്ചിട്ടുണ്ട്. മത്സ്യദൗര്‍ലഭ്യതക്കൊപ്പം ശക്തമായ തിരമാലകളും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു.
വള്ളങ്ങള്‍ക്ക് മീന്‍ ലഭിക്കാതെ വന്നതോടെ ജില്ലയിലെ പ്രധാന മീന്‍പിടിത്ത വിതരണ കേന്ദ്രങ്ങള്‍ നിശ്ചലാവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വള്ളങ്ങളിലെത്തുന്ന ചെമ്മീനടക്കമുള്ള വിലകൂടിയ മത്സ്യങ്ങള്‍ മൊത്തത്തില്‍ വാങ്ങുന്നതിനായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മീന്‍ കയറ്റുമതി സ്ഥാപനങ്ങളുടെ വാഹനങ്ങളും മറ്റും ഫിഷ് ലാന്റിങ് സെന്ററുകളിലും ഹാര്‍ബറുകളിലും എത്താറുണ്ട്. ഇത്തവണ കൊല്ലം ചവറ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറും രാവിലെ മുതല്‍ ശൂന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: