കട്ടപ്പന: വെള്ളയാംകുടിയില്‍ മോഷ്ടിച്ച ആനക്കൊമ്പില്‍ തീര്‍ത്ത ശില്പ്പങ്ങള് വില്‍ക്കുന്നതിനിടെ നാല് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശികളായ നീരേറ്റുപുറം വാലയില്‍ സാബു സാമുവല്‍(35), മുത്തൂര്‍ പൊന്നാക്കുഴിയില്‍ പി.എസ്. പ്രശാന്ത്(34), ഉപ്പുതറ, ചിറ്റൂര്‍ സ്കറിയ ജോസഫ്(ബേബിച്ചന്-65), കട്ടപ്പന, അമ്പലക്കവല, പത്തില്‍ സജി ഗോപിനാഥന്(39) എന്നിവരെയാണ് തേക്കടി, അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആനക്കൊമ്പ് വില്പനയ്ക്ക് ശ്രമിക്കുന്നതായി പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് തേക്കടി, അയ്യപ്പന്‍കോവില്‍ റേഞ്ചുകളുടെ സംയുക്താഭിമുഖ്യത്തില്‍ പരിശോധന നടത്തുകയായിരുന്നു. സ്കറിയയെ ഉപ്പുതറയിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
ആനക്കൊമ്പില്‍ തീര്‍ത്ത ശില്പ്പങ്ങള് വില്‍ക്കുന്നുണ്ടെന്നറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ട് എട്ട് ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങാമെന്നേറ്റു. ആനക്കൊമ്പുകള്‍ തന്നെയാണെന്ന് ഉറപ്പ് വരുത്തിയ ശേഷമേ പണം കൈമാറൂ എന്നായിരുന്നു പറഞ്ഞിരുന്നത്. ആനക്കൊമ്പ് പരിശോധിക്കാന്‍ എന്ന രീതിയില്‍ പ്രതികളെ വെള്ളയാംകുടിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്കറിയയെ അറസ്റ്റ് ചെയ്തത്. സ്കറിയയുടെ പക്കല്‍ നിന്ന് 25000 രൂപക്കാണ് ആനക്കൊമ്പ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രതികള്‍ വെള്ളയാംകുടിയില്‍ എത്താന്‍ സഞ്ചരിച്ച സ്കൂട്ടറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കട്ടപ്പന കോടതിയില്‍ ഹാജരാക്കും. വന്യജീവി സങ്കേതത്തില്‍ നിന്ന് വേട്ടയാടിയ ആനക്കൊമ്പാണ് ഇതെന്നാണ് സംശയിക്കുന്നത്.
അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ റോയ് വി. രാജന്, പെരിയാര്‍ വന്യജീവി സങ്കേതത്തിലെ തേക്കടി റേഞ്ചിലെ റേഞ്ച് ഓഫീസര്‍ അഖില്‍ ബാബു, എസ്എഫ്ഒ വി.സി. സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: