തിരുവനന്തപുരം: ജില്ലയിലെ വാക്സിന് വിതരണത്തിലെ ക്രമക്കേടിന് പരിഹാരമായില്ല. കൊവിഡ് പോര്‍ട്ടലില്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്തവരെ ഒഴിവാക്കിയാണ് പല വാക്സിനേഷന് സെന്ററുകളിലും കുത്തിവെപ്പ് നടക്കുന്നത്. വാക്സിനേഷന് നടപടികള്‍ ഭരണാനുകൂല സംഘടനകളും ജീവനക്കാരും കയ്യടക്കി വെച്ചിരിക്കുകയാണ്.
പല സെന്ററുകളിലും നിശ്ചിത എണ്ണം വാക്സിന് മാത്രമേ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കുന്നുള്ളുവെന്നാണ് പരാതി. 100 ഡോസ് വാക്സിന് സ്റ്റോക്ക് ഉണ്ടെങ്കില്‍ അമ്പതോളം ഡോസ് മാത്രമാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് നല്‍കുന്നത്. പിന്നീട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കുന്നില്ല. ഭരണകക്ഷി നേതാക്കളുടെ ഒത്താശയിലാണ് ക്രമക്കേടുകള്‍ നടക്കുന്നത്. ഇതിനെതിരെ പരാതിപെട്ടിട്ടും വിഷയത്തില്‍ അധികൃതര്‍ നടപടി എടുക്കുന്നില്ല.
വാക്സിനു വേണ്ടി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണ്ടിട്ടും ബന്ധപ്പെട്ട അധികൃതര്‍ നിസംഗത തുടരുകയാണ്. പല പിഎച്ച്സികളിലും 100 ഡോസ് വാക്സിന് ഉള്ളതായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ കാണിക്കും. എന്നാല്‍ ടൈം സ്ലോട്ട് കിട്ടാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല. വാക്സിന് എടുക്കുന്നതിന് ഓണ്‍ലൈനിലൂടെ തീയതിയും സമയവും അനുവദിച്ചവര്‍ക്ക് പോലും പലയിടത്തും വാക്സിന് നിഷേധിക്കുകയാണെന്ന് പരാതിയുണ്ട്.
ക്രമക്കേടുകള്‍ സംബന്ധിച്ച് ഡിഎംഒ ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിക്കാന്‍ ഫോണില്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. ഭരണകക്ഷിയില്‍പെട്ടവര്‍ നേരിട്ടെത്തി വാക്സിനെടുക്കുമ്പോള്‍ വാക്സിന് കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം വാക്സിന് ലഭിക്കാതെ ജനങ്ങള്‍ മടങ്ങുകയാണ്. വാക്സിന് താമസം കൂടാതെ ലഭിക്കുന്നതിന് വാക് -ഇന്‍ സംവിധാനം നടപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൊവിഡ് മൂന്നാം തരംഗത്തിന് തയ്യാറെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ ഭീതിയിലാണ്.
വാക്സിനേഷന് നടപടികള്‍ നാലാം ഘട്ടത്തില്‍ എത്തിയിട്ടും നിരവധി പേര്‍ക്ക് ഇപ്പോഴും രജിസ്ട്രേഷന് പോലും നടത്താനായിട്ടില്ല. വാക്സിനേഷന് നടപടികള്‍ ദ്രുഗതിയില്‍ പൂര്‍ത്തിയാകണമെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മണിക്കൂറുകളോളം പരിശ്രമിച്ചാലും ഭൂരിഭാഗം പേരും ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ്.
വാക്സിന് കേന്ദ്രങ്ങളില്‍ വാക് ഇന്‍ സംവിധാനം കൂടി ഏര്‍പ്പെടുത്തിയാല്‍ ഏറെ ഗുണകരമാകുമെന്ന് ജനങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: