രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ സിപിഎം എന്ന രാഷ്ടീയ പാര്‍ട്ടിയുടെ മാഫിയ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. സാധാരണ വാഹനാപകടമാണ് ഇതെന്ന് ആദ്യം കരുതാനിടയായെങ്കിലും സ്വര്‍ണ കള്ളക്കടത്തുകാരുടെ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് വളരെ പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി ഒരാള്‍ കടത്തിക്കൊണ്ടുവന്ന കോടിക്കണക്കിനു രൂപയുടെ സ്വര്‍ണ്ണം കൈപ്പറ്റാന്‍ പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍നിന്നുള്ള ഒരു സംഘമെത്തുന്നു. കണ്ണൂരില്‍നിന്നെത്തിയ ക്വട്ടേഷന്‍ സംഘം ഈ സ്വര്‍ണം തട്ടിയെടുത്തെന്ന് തെറ്റിദ്ധരിച്ച് അവരെ അതിവേഗം പിന്തുടരുമ്പോഴാണ് ചെര്‍പ്പുളശ്ശേരി സംഘത്തിന്റെ വാഹനം അപകടത്തില്‍ പെട്ടത്. യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത് അറിയാതെയായിരുന്നു ഈ ‘ഓപ്പറേഷന്.’ ചെര്‍പ്പുളശ്ശേരി സംഘത്തിന്റെ ഇസ്ലാമിക തീവ്രവാദ ബന്ധവും, കണ്ണൂര്‍ സംഘത്തിന്റെ സിപിഎം ബന്ധവും വളരെ വേഗം പുറത്തറിഞ്ഞു. ഇക്കൂട്ടര്‍ ആദ്യമായല്ല ഇത്തരം സ്വര്‍ണ കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നതെന്നും, വര്‍ഷങ്ങളായി തുടരുന്നതാണെന്നും, ഇതുമായി ബന്ധപ്പെട്ട സംഘട്ടനങ്ങള്‍ സ്വാഭാവികമാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.
പോലീസ് ‘അന്വേഷണം’ ആരംഭിച്ചതോടെ സിപിഎം നേതാക്കളില്‍നിന്നുണ്ടായ പ്രസ്താവനകള്‍ സംഭവത്തില്‍ പാര്‍ട്ടിക്കുള്ള ബന്ധത്തിലേക്ക് കൃത്യമായി വിരല്‍ചൂണ്ടുന്നതായിരുന്നു. ക്വട്ടേഷന്‍ സംഘവുമായി സിപിഎമ്മിന് ബന്ധമൊന്നുമില്ലെന്നായിരുന്നു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി. ജയരാജന് അവകാശപ്പെട്ടത്. എന്നാല്‍ ഇത് തെറ്റാണെന്ന് ഉടന്‍തന്നെ വ്യക്തമായി. സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കിയത് അര്ജുന് ആയങ്കിയാണെന്നും, ഇയാള്‍ സ്വര്‍ണ കള്ളക്കടത്തിന് ഉപയോഗിച്ച കാര്‍ ഒരു സിപിഎം നേതാവിന്റെതാണെന്നും വെളിപ്പെട്ടു. ആയങ്കി കണ്ണൂരിലെ പ്രമുഖ സിപിഎം നേതാക്കളുമൊത്തുള്ള ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ജയരാജന് പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്നും, പാര്‍ട്ടിയുടെ സംരക്ഷണത്തിലാണ് സ്വര്‍ണ കള്ളക്കടത്തുകാര്‍ വിലസുന്നതെന്നും ജനങ്ങള്‍ക്ക് ബോധ്യമായി. ഇത്രയുമായപ്പോള്‍ താന്‍ സിപിഎമ്മുകാരനല്ലെന്ന് ആയങ്കിയെക്കൊണ്ട് പറയിപ്പിച്ച് പാര്ട്ടിക്കാര് രംഗത്തെത്തി. ആയങ്കിയുടെ പോസ്റ്റിന് സൈബര്‍ സഖാക്കള്‍ തന്നെ ലൈക്കടിച്ചതോടെ പാര്‍ട്ടിയുടെ ന്യായീകരണത്തൊഴിലാളികള്‍ വീണ്ടും വെട്ടിലായി. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ലൈക്കടിക്കലല്ല സഖാക്കളുടെ പണിയെന്ന് പാര്‍ട്ടിക്ക് പറയേണ്ടിയും വന്നു. പാര്‍ട്ടിക്കുവേണ്ടി ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൊടി സുനി ജയിലില്‍ കിടന്നുകൊണ്ടുതന്നെ സ്വര്‍ണ കള്ളക്കടത്തുകാരുടെ അഞ്ചു കോടിയിലേറെ രൂപ തട്ടിയെടുക്കാന്‍ നേതൃത്വം നല്‍കിയതായും വാര്‍ത്തകള്‍ വന്നു.
ക്വട്ടേഷന്‍ സംഘത്തിന് കാറ് വാങ്ങിക്കൊടുത്ത കണ്ണൂരിലെ നേതാവിനെ സംഘടനയില്‍നിന്ന് പുറത്താക്കിയെന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. തനിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അര്ജുന് ആയങ്കി പറയുന്നതുപോലെയുള്ള ഒരു അഡ്ജസ്റ്റ്മെന്റാണിതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാം. കേസിലെ സുപ്രധാന തെളിവ് അര്ജുന് ആയങ്കി ഉപയോഗിച്ചിട്ടുള്ളതായി തിരിച്ചറിഞ്ഞിട്ടുള്ള കാറാണ്. എന്നാല്‍ പൊടുന്നനെ അപ്രത്യക്ഷമായ ഈ വാഹനം ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്! തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ സഹായത്തോടെ കടത്തിക്കൊണ്ടുപോയി ഒളിപ്പിച്ചുവെന്നാണ് ആരോപണമുയരുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് പിടിച്ചപ്പോള്‍ അതിലെ മുഖ്യ കണ്ണി സ്വപ്ന സുരേഷിന് കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് ബെംഗളൂരുവിലേക്ക് പോകാന്‍ സൗകര്യമൊരുക്കിയതിന് സമാനമായ സംഭവമാണിത്. ഇപ്പോഴത്തെ സ്വര്‍ണ കള്ളടത്തു കേസും അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനയായി അധഃപതിച്ചിരിക്കുന്ന കേരളാ പോലീസ് പാര്‍ട്ടി നേതാക്കള്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്ന് തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തു കേസില്‍നിന്ന് വ്യക്തമായതാണ്. രാമനാട്ടുകര സംഭവത്തിന്റെ മുഴുവന്‍ രഹസ്യങ്ങളും പുറത്തുവരാനും, കുറ്റവാളികളെ പിടികൂടാനും കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി ശക്തമായ ബഹുജന സമ്മര്‍ദ്ദമുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: