‘നളനെ ആര് കണ്ടു ഭൂതലേ …’
നളചരിതം നാലാം ദിവസത്തെ ബാഹുകനാണതു ചോദിക്കുന്നത്. എവിടെങ്കിലും കണ്ടോ എന്നല്ല, നളനെ ആരു മനസ്സിലാക്കി എന്നാണ് ആട്ടക്കഥാകാരന്‍ ഉദ്ദേശിച്ചതെന്നു വേണം കരുതാന്‍.
കളിക്കളത്തിലെ നമ്മുടെ മില്‍ഖാ സിങ്ങിന്റെ കാര്യവും അങ്ങനെയൊക്കെയല്ലേ? ആരറിഞ്ഞു യഥാര്‍ഥ മില്‍ഖയെ? മെഡല്‍ നേട്ടങ്ങളും റെക്കോര്ഡുകളുംകൊണ്ട് അളന്നാല്‍ തീരുന്നതല്ല മില്‍ഖാ സിങ് എന്ന അത്ലറ്റിന്റെ കായിക ജീവിതം. സ്വന്തം ജീവിതംകൊണ്ടും ട്രാക്കിലെ പ്രകടനംകൊണ്ടും ആ സ്പോര്‍ട്സ്മാന്‍ രാജ്യത്തിന് നല്‍കിയത് എന്തെന്ന്, അദ്ദേഹം മരണത്തിലേക്കു പറന്നുപോയ ഈ അവസരത്തിലെങ്കിലും ചിന്തിക്കാന്‍ നമ്മള് ബാധ്യസ്ഥരല്ലേ? മില്‍ഖയുടെ സംഭാവന രണ്ടായിരുന്നു. കളിക്കളത്തില്‍ നേടിയ അംഗീകാരങ്ങളും, അവവഴി കളികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും നല്കിയ സംഭാവനകളും. ആദ്യത്തേതിനു രേഖകളുണ്ട്. രണ്ടാമത്തേതിന് അതില്ല. അവ കണ്ടെത്തേണ്ടതു നമ്മുടെ ബോധമനസ്സാണ്. മില്‍ഖയുടെ നേട്ടത്തിന് അത്തരം ഏറെ മാനങ്ങളുണ്ട്.
കറുത്തവര്‍ഗത്തെ അറപ്പോടും വെറുപ്പോടും കണ്ട ഹിറ്റ്ലര്‍ എന്ന ഏകാധിപതിക്കു കളിക്കളത്തിലെ വിജയങ്ങളിലൂടെ തിരിച്ചടി നല്കിയ അമേരിക്കക്കാരന് ജെസ്സി ഓവന്‍സിനെ നമ്മള് ആരാധിക്കും. അപ്പോഴും, വിഭജന കാലത്തു മൃഗീയമായ വംശഹത്യ നടത്തിയ പാക്കിസ്ഥാനു ട്രാക്കില്‍ മറുപടി കൊടുത്ത മില്‍ഖയെ നമ്മള് ആ നിലയില്‍ കണ്ടില്ല. ഓവന്‍സിന് ആ വംശീയ വിദ്വേഷത്തിന്റെ ഫലം നേരിട്ടനുഭവിക്കേണ്ടിവന്നില്ല. മില്‍ഖയ്ക്ക് അതും വേണ്ടിവന്നു. ഇന്ത്യയില്‍ കിടന്ന് ഉറങ്ങിയ മില്‍ഖ ഉണര്‍ന്നപ്പോള്‍ പാക്കിസ്ഥാനിലായിരുന്നു. ഒരു ദിവസം ഇരുട്ടി വെളുത്തപ്പോള്‍ തന്റെ വീടും കുടുംബവും പാക്കിസ്ഥാനിലായിപ്പോയത് മില്‍ഖയുടെ കുറ്റമായിരുന്നില്ലല്ലോ. ഉണര്‍ന്നതു ഭീകരാന്തരീക്ഷത്തിലേക്കാണ്. പിന്നെ പലായനം. കൊലവിളികളുടേയും നിലവിളികളുടേയും ചോരച്ചാലുകളുടേയും ഇടിയിലൂടെ ജീവന് കാക്കാന്‍ ഓടുമ്പോള്‍ പിന്നില്‍ കുടുംബാംഗങ്ങളടക്കം നൂറുകണക്കിന് പേര് മരിച്ചുവീഴുന്നുണ്ടായിരുന്നു. അന്നു പലായനം ചെയ്ത പതിനായിരങ്ങള്‍ക്കു വേണ്ടിക്കൂടിയാണു മില്‍ഖ പിന്നീടു പാക്കിസ്ഥാനോടു ട്രാക്കില്‍ പകരം വീട്ടിയത്. വിഭജനത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ ഞെട്ടലില്‍ നിന്ന് രാജ്യത്തിന് ഉണര്‍വേകിയ പ്രകടനമായിരുന്നു മില്‍ഖയുടേത്.
പുലിമുരുകന് സിനിമയില്‍ ‘മുരുകാ തിരിഞ്ഞു നോക്കാതെ ഓട്’ എന്നു ബാലനായ മുരുകനോട് അച്ഛന് പറഞ്ഞത് അവനേയും അനുജനേയും പുലിയില്‍ നിന്നു രക്ഷിക്കാനായിരുന്നു. രക്ഷപ്പെട്ടെങ്കിലും അച്ഛന് പുലിയുടെ വായില്പ്പെട്ടതിന്റെ വേദനയില്‍ നിന്നാണ് പുലിമുരുകന് എന്ന സൂപ്പര്‍ ഹ്യൂമന്‍ കഥാപാത്രത്തിന്റെ പിറവി. ഇരയെ കിട്ടിയാല്‍പ്പിന്നെ പുലി മറ്റാരേയും ഉപദ്രവിക്കില്ല. പക്ഷേ, വിഭജനകാലത്തു പാക്കിസ്ഥാനിലെ സ്ഥിതി അതായിരുന്നില്ലല്ലോ. കണ്ണില്‍ക്കണ്ട മുസ്ലിം ഇതരരെ മുഴുവന്‍ അരിഞ്ഞുതള്ളുന്ന സ്ഥിതിയായിരുന്നു. മുരുകന് അച്ഛനെ മാത്രമാണ് നഷ്ടമായതെങ്കില്‍ മില്‍ഖയ്ക്ക് ഉറ്റവരില്‍ പലരേയും നഷ്ടപ്പെട്ടു. ഒപ്പം നാടും വീടും. തിരിഞ്ഞു നോക്കാതെ ഓടാനാണ് മില്‍ഖയുടെ അച്ഛനും പറഞ്ഞത് (ഭാഗ് മില്‍ഖ ഭാഗ്). ഓടി. അതിര്‍ത്തി കടന്നപ്പോള്‍ ജീവന് തിരിച്ചുകിട്ടി. പക്ഷേ, അന്ധകാരമായിരുന്നു ചുറ്റും. നിസ്സഹായതയുടേയും അനാഥത്വത്തിന്റെയും അവഗണനയുടേയും ദാരിദ്ര്യത്തിന്റേയും കൂരിരുട്ട്. ശേഷിച്ച സ്വന്തക്കാര് പോലും കൈവിട്ട കൗമാരകാലത്ത് പട്ടിണിയും കള്ള വണ്ടി കയറലും ജയില്‍ വാസവും തൊഴില്‍ തേടിയുള്ള അലച്ചിലും. ആ ചാരത്തില്‍ നിന്നാണു മില്‍ഖ ഉയിര്‍ത്തെഴുനേറ്റത്. പിന്നെ പട്ടാളത്തിലൂടെ ജീവിതത്തിലേക്കും അതുവഴി ട്രാക്കിലേക്കും. അനുഭവങ്ങളുടെ തീക്ഷ്ണത മില്‍ഖയില്‍ ഊര്‍ജപ്രവാഹം തീര്‍ത്തിട്ടുണ്ടാവാം. പിന്നീടു കണ്ട ആ കുതിപ്പിനെ അങ്ങനെയേ വ്യാഖ്യാനിക്കാനാവൂ. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണക്കൊയ്ത്തും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കാരന്റെ ആദ്യ സ്വര്‍ണവും പിന്നെ റോമില്‍ ഒളിംപിക് ട്രാക്കില്‍ (1960) തീ പടര്‍ത്തിയ പോരാട്ടവും നാലാം സ്ഥാനവും. അത്ലറ്റിക്സില് ഇന്ത്യ കണ്ട ആദ്യ ലോക താരം. ആ നേട്ടം ഏത്ര ചെറുപ്പക്കാരെ കളിക്കളത്തിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടാകും!
പിന്നീടാണ് ആ പാക്കിസ്ഥാന് യാത്ര. ഇന്‍വിറ്റേഷന്‍ മീറ്റില്‍, പാക്കിസ്ഥാന്റെ ഏഷ്യന്‍ ചാംപ്യനും ഹീറോയുമായ അബ്ദുല്‍ ഖലീഖിനെയും ഒപ്പം പാക്കിസ്ഥാനേയും നിലംപരിശാക്കാന്‍ 400 മീറ്റര്‍ ട്രാക്കില്‍ ചിറകില്ലാതെ പറന്ന പോരാട്ടം. കണ്ണഞ്ചിപ്പോയ പാക് പ്രസിഡന്റ് അയൂബ് ഖാനു പറയേണ്ടിവന്നു, ഇതു മില്‍ഖാ സിങ്ങല്ല പറക്കും സിങ് ആണെന്ന്. 1936 ബര്‍ലിന്‍ ഒളിംപിക്സിലേക്ക് ഒരു ~ാഷ് ബാക്ക് അടിച്ചാല്‍, ഹിറ്റ്ലറുടെ കണ്മുന്നില് ജെസ്സി ഓവന്‍സ് നാലു സ്വര്‍ണമെഡലുമായി മേളയെ കൈയിലെടുക്കുന്നൊരു കാഴ്ചയുണ്ട്. അതുവരെ ആരും എത്തിപ്പിടിക്കാത്തൊരു നേട്ടമായിരുന്നു അത്. പിന്നീടു കാള്‍ ലൂയീസ് അത് ആവര്‍ത്തിക്കും വരെ പതിറ്റാണ്ടുകളോളം അതു റെക്കോര്‍ഡായി നിലനില്ക്കുകയും ചെയ്തു. അന്ന് ഓവന്‍സിന്റെ നേട്ടത്തില്‍ അരിശം സഹിക്കാതെ ഹിറ്റ്ലര്‍ ശുണ്ഠിമൂത്തു സ്റ്റേഡിയം വിട്ടുപോയി. അയൂബ് ഖാന് പക്ഷേ മില്‍ഖയുടെ വിജയത്തെ അംഗീകരിക്കാന്‍ തയ്യാറായി എന്നൊരു വ്യത്യാസം. ട്രാക്കിലെ നേട്ടങ്ങളെ മുഴുവന്‍ അംഗീകരിച്ചുകൊണ്ടു പറയട്ടെ, ഒരു ജനതയെ സംബന്ധിച്ചിടത്തോളം മില്‍ഖയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് പാക്കിസ്ഥാനിലെ ഈ വിജയവും അംഗീകാരവുമായിരിക്കും. ഇന്ത്യയുടെ ജെസ്സി ഓവന്സാണു മില്‍ഖ.
ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ തളര്‍ന്നുപോയ മുംബൈയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് പിന്നാലെ വന്ന ഏകദിന ക്രിക്കറ്റിലെ സച്ചിന് തെന്‍ഡുല്‍ക്കറുടെ സെഞ്ചുറിയും ഇന്ത്യന്‍ വിജയവും ആയിരുന്നല്ലോ. സച്ചിന് മുംബൈക്കു നല്കിയ ഉണര്‍വാണ് മില്‍ഖ അന്ന് ഇന്ത്യയ്ക്കു നല്‍കിയത്.
ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് സ്വന്തം ജീവിതവും നേട്ടങ്ങളും വഴി സമൂഹത്തിനും തന്റെ പ്രവര്‍ത്തന മേഖലയ്ക്കും നല്കിയ സംഭാവനയുടെയും സന്ദേശങ്ങളുടേയും പേരിലാണെന്നു പറയാറുണ്ട്. അങ്ങനെയെങ്കില്‍ മില്‍ഖ നമ്മുടെ ഭാരത രത്നമാണ്. അവിടെയും നമ്മുടെ കഴ്ചപ്പാടില്‍ പിഴവുപറ്റിയില്ലേ എന്നു സംശയിക്കണം. സച്ചിന് എന്ന ക്രിക്കറ്റ് പ്രതീകത്തെ ആരാധനയോടെ മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ, ഒരിക്കല്‍ മാത്രം, സച്ചിന്റേതല്ലാത്ത കാരണത്താല്‍, ആ ആരാധനയ്ക്ക് ഊനം തട്ടി. അതു സച്ചിനെ കായികലോകത്തുനിന്നുള്ള ആദ്യ ഭാരത് രത്നമായി പ്രഖ്യാപിച്ചപ്പോഴായിരുന്നു. അന്ന്, ഭാരതീയനെന്ന നിലയില്‍, കുറ്റബോധത്തോടെ ഓര്ത്തപേരുകളില് ഒന്നു മില്‍ഖയുടേതായിരുന്നു. പിന്നെ, ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദിന്റെ പേര്, കപില്‍ ദേവിന്റെ പേര് ഒപ്പം നമ്മുടെ സ്വന്തം പി.ടി. ഉഷയുടെ പേരും. സച്ചിന് ഭാരതരത്ന നല്കുന്നതിനെക്കുറിച്ചു നേരത്തെ നിര്‍ദേശം വന്നപ്പോള്‍ കായിക വിദഗ്ധരുടെ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ നാലു പേരുകള്‍ ഉണ്ടായിരുന്നു എന്നാണ് അറിവ്. സച്ചിന് ആ ബഹുമതിക്ക് പൂര്‍ണമായും അര്‍ഹനാണ്. പക്ഷേ, സച്ചിനു കൊടുക്കുന്നെങ്കില്‍ ഈ നാലുപേര്‍ക്കു കൊടുത്തിട്ടുവേണം എന്നായിരുന്നത്രേ റിപ്പോര്‍ട്ടില്‍. അതങ്ങനെ നില്‍ക്കെ, സച്ചിന്റെ വിടവാങ്ങലിന്റെ വൈകാരിക മുഹൂര്‍ത്തത്തില്‍ പൊടുന്നനെ എടുത്ത തീരുമായിപ്പോയി നാലുപേരെ മറികടന്നുള്ള ഭാരതരത്ന പ്രഖ്യാപനം. സച്ചിന് പോലും അതു പ്രതീക്ഷിച്ചുകാണില്ല.
ഇപ്പറഞ്ഞ നാലുപേരും കളിക്കളത്തിലെ വിജയങ്ങള്‍ക്കപ്പുറം, രേഖകളില്‍ കാണാത്ത വലിയ നേട്ടം രാജ്യത്തിനു സമ്മാനിച്ചവരാണ്. ലോകം വിസ്മയത്തോടെ നോക്കിനിന്ന ധ്യാന്‍ചന്ദ് ഒരുകാലത്ത് ഇന്ത്യന്‍ കായിക രംഗത്തിന്റെ പ്രതീകമായിരുന്നു. ധ്യാന്‍ചന്ദിലൂടെ ലോകം ഇന്ത്യയെ കണ്ടു. ആ മികവാണ് ഒളിംപിക് സ്വര്ണങ്ങളായി ഇന്ത്യയില്‍ എത്തിയത്. അദ്ദേഹത്തെ അനുസ്മരിക്കാന്‍ ഒരു ദേശീയ കായിക ദിനം എങ്കിലുമുണ്ടെന്നു സമാധാനിക്കാം. ഇന്ത്യയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റിക്സിനെ സ്വന്തം ചുമലിലേറ്റി പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി പ്രതിഷ്ഠിച്ചതാണ് മെഡലുകള്‍ക്കപ്പുറം മില്‍ഖ നല്കിയ സംഭാവന. ഇന്ത്യക്കാര്‍ക്കും പൊരുതാനാവും എന്നു നമ്മളേയും ലോകത്തേയും ബോധ്യപ്പെടുത്തിയ ആ മില്‍ഖയെ നമ്മള് കാണാതെ പോയി. ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി ഇതേ ദൗത്യം പൂര്‍ത്തിയാക്കിയതാണ് കപില്‍ ദേവിനെ വ്യത്യസ്തനാക്കുന്നത്. 1983ലെ ലോകകപ്പ് വിജയത്തോടെ കപില്‍ ദേവ് എന്ന നായകന് വിജയിപ്പിച്ച വിപ്ലവമാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ താഴെതട്ടില്‍ നിന്നു മുന്‍ നിരയിലേക്കു കൊണ്ടുവന്നത്. ഇന്ത്യന്‍ കായികരംഗമാകെ ഉഷ എന്ന രണ്ട് അക്ഷരത്തില്‍ ഒതുങ്ങിയ ഒരു കാലമുണ്ടായിരുന്നു. ഇന്ത്യ സമം ഉഷ എന്ന അവസ്ഥ. ഇന്ത്യന്‍ സംഘം മൊത്തത്തില്‍ തകര്‍ന്നു പോയ 1986 സോള്‍ ഏഷ്യാഡില്‍ ഇന്ത്യ മാനംകാത്തത് ഉഷയുടെ നാലു സ്വര്ണനേട്ടങ്ങളിലൂടെയായിരുന്നു. എങ്കില്‍പ്പിന്നെ ഉഷയെ മാത്രം കൊണ്ടുപോയാല്‍ പോരായിരുന്നോ എന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, തമാശയായിട്ടാണെങ്കിലും, ചോദിച്ചതായി കേട്ടിരുന്നു. 1984 ലൊസാഞ്ചലസ് ഒളിംപിക്സിലെ ഒരു ദിവസം ഇന്ത്യമുഴുവന്‍ ഉറ്റുനോക്കിയത് ഉഷയെ ആയിരുന്നല്ലോ. 400 മീറ്റര്‍ വനിതാഹര്ഡില്സിന്റെ ഫൈനല്‍ ദിവസം. നാലാം സ്ഥാനത്തോടെ ഉഷ രണ്ടാം മില്‍ഖ ആയ ദിവസം.
മില്ഖയെപ്പോലുള്ളവര് കാലത്തിന്റ ഇടവേളകളില്‍ നമുക്കു കിട്ടുന്ന അവതാരങ്ങളാണ്. കാലമിത്ര കടന്നു പോയിട്ടും മില്‍ഖയ്ക്കും രണ്ടാം മില്ഖയായ ഉഷയ്ക്കും ശേഷം അതുപോലൊരാളെ ഒളിംപിക് ട്രാക്കിലിറക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ലല്ലോ.
മില്‍ഖ സിംഗ്, രേഖാ ചിത്രം
- ജനനം: ഒക്ടോബര്‍ 8, 1929 ല്‍ അവിഭക്ത ഭാരതത്തിലെ ഫൈസലാബാദ്, ല്യാല്‍പുര്‍.
- പ്രശസ്തമായ വിളിപ്പേര് : പറക്കും സിങ്.
- പ്രധാന നേട്ടങ്ങള്‍: 1960 റിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനം (400 മീറ്റര്‍), കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം, 1958-1962 ഏഷ്യന്‍ ഗെയിംസുകളില്‍ രണ്ടണ്ട് സ്വര്‍ണം വീതം, നാനൂറ് മീറ്ററില്‍ മില്‍ഖ സ്ഥാപിച്ച ഏഷ്യന്‍ റെക്കോഡ് 26 വര്‍ഷവും ദേശീയ റെക്കോഡ് 38 വര്‍ഷവും നിലനിന്നു.
- പുരസ്കാരം: 1959ല്‍ പദ്മശ്രീ.
- ആത്മകഥ: 2013ല്‍ പ്രസിദ്ധീകരിച്ച ‘ദ റേസ് ഓഫ് മൈ ലൈഫ്’.
- കുടുംബം: ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന നിര്‍മ്മല്‍ കൗര്‍ ഭാര്യ. ഗോള്‍ഫ് താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ജീവ് മില്‍ഖ സിങ് ഉള്‍പ്പെടെ നാല് മക്കള്‍.
- മരണം: 18 ജൂണ്‍ 2021, ചണ്ഡീഗഡ്. (91 വയസ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: