ഇറാന്റെ പുതിയ പ്രസിഡന്റായി കടുത്ത ഇസ്രായേല്‍ വിരോധിയും ഇസ്ലാമിക തീവ്രവാദിയുമായ ഇബ്രാഹിം റെയ്സി അധികാരത്തിലെത്തിയിരിക്കുന്നു. ഏകദേശം 61 ശതമാനം വോട്ടുകളോടെയാണ് അദ്ദേഹത്തിന്റെ വിജയം. . ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനാണ് ഇബ്രാഹിം റെയ്സി. ആഗസ്തില്‍ അദ്ദേഹം അധികാരമേല്‍ക്കും.
ഇക്കുറി ഇറാനിലെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചിരുന്നത് ആയത്തുള്ള ഖമേനിയും ഇറാന്റെ ആഭ്യന്തര, വിദേശ നയങ്ങള്‍ തീരുമാനിക്കുന്ന ഇറാന് സൈന്യമായ റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സും (ഐആര്‍ജിസി) ചേര്‍ന്നാണ്. അതുകൊണ്ട് തന്നെ റെയ്സിയുടെ വിജയം ഉറപ്പായിരുന്നു.
ഇറാനിലെ പരിഷ്കരണവാദികള്‍ക്ക് റെയ്സിയുടെ വരവ് വലിയ തിരിച്ചടിയാണ്. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിക തീവ്രവാദികളും പരിഷ്കരണവാദികളും തമ്മിലാണ് ഏറ്റുമുട്ടിയിരുന്നതെങ്കില്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ റെയ്സിയുടെ വിജയം പരിഷ്കരണവാദികളുടെ ശവമഞ്ചത്തില്‍ അടിച്ച അവസാനത്തെ ആണിയായിരുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളായി പരിഷ്കരണവാദികള്‍ ഈ ഇസ്ലാമിക റിപ്പബ്ലിക്കില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്ന് വാദിച്ചിരുന്നു.
പക്ഷെ വളരെ കുറച്ചുമാത്രമേ ഇക്കാലയളവില്‍ അവര്‍ക്ക് ചെയ്യാനായുള്ളൂ. എല്ലാറ്റിനും കുറ്റപ്പെടുത്തേണ്ടത് പരിഷ്കരണവാദികളെത്തന്നെ. മൂന്ന് ദശകത്തോളം ഇറാന് ഭരിച്ചിട്ടും അവിടെ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, ആ പരാജയം മുതലെടുത്ത് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സും മതതീവ്രവാദികളും പിടിമുറുക്കി . പരിഷ്കരണവാദികള്‍ ആയത്തൊള്ള ഖമേനിയുടെ ചെറുമകന് ഹസ്സന് ഖമേനിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ സ്വാധീനത്തെ മറികടന്ന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ ഹസ്സന് ഖമേനിക്ക് കഴിഞ്ഞില്ല. ആ അര്‍ത്ഥത്തില്‍ പരിഷ്കരണവാദികളുടെ അവസാനത്തെ പ്രസിഡന്റായ ഹസന് റൂഹാനി വരെ പരാജയമാണെന്ന് പറയേണ്ടി വരും.
അങ്ങിനെ പരിഷ്കരണവാദികളില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ഒട്ടേറെ ഇറാന്‍കാരുണ്ട്. അവരെല്ലാം ഇക്കുറി ഒരു നിശ്ശബ്ദ പ്രതിഷേധം എന്ന നിലയില്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. അതുകൊണ്ടാണ് സ്വതന്ത്ര ഇസ്ലാമിക റിപ്പബ്ലിക്കായതിന് ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ പോളിംഗ് (വെറും 48.8 ശതമാനം) ഇക്കുറി രേഖപ്പെടുത്തപ്പെട്ടത്.
ഇറാന് തെരഞ്ഞെടുപ്പില്‍ തീവ്രവാദികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെങ്കിലും അവര്‍ക്ക് അസംതൃപ്തരായ ഇറാന് യുവാക്കളെ ഇനിയും ആകര്‍ഷിക്കാനായിട്ടില്ല. അമേരിക്കയുടെ ഉപരോധം മൂലം തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവരാണ് ഇറാന്റെ അസംതൃപ്ത യൗവനം. മാത്രമല്ല, യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്ട്രങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിച്ച് സമ്പദ്ഘടനയെ അഭിവൃദ്ധിപ്പെടുത്താന്‍ തീവ്രവാദിയായ റെയ്സിക്ക് കഴിയില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു.
മതതീവ്രവാദികളെ സംബന്ധിച്ചിടത്തോളം റെയ്സിയുടെ വിജയം വലിയൊരു അവസരമാണ്. സര്‍ക്കാരിന്റെ എല്ലാ ശാഖകളിലും പിടിമുറുക്കാന്‍ ഈ വിജയത്തോടെ അവര്‍ക്കാവും.
2019ല്‍ ആയത്തുള്ള ഖമേനി ആണ് ഇബ്രാഹിം റെയ്സിയെ ജൂഡീഷ്യറി മേധാവിയായി നിയമിച്ചത്. 1979ല്‍ അമേരിക്കയുടെ പിന്തുണയുള്ള രാജഭരണത്തെ തകര്‍ത്തെറിഞ്ഞ് അധികാരത്തിലെത്തിയ അന്ന് മുതല്‍ ആയത്തുള്ള ഖമേനിയാണ് ഇറാന്റെ പരമാചാര്യന്. എതിരാളികളെ കൊന്നൊടുക്കാന്‍ ഖമേനിക്ക് കൂട്ട് നിന്നതിന് ഇബ്രാഹിം റെയ്സിക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്കെതിരെ അമേരിക്കയെപ്പോലെ ഒരു വന്‍ശക്തി ഉപരോധം ഏര്‍പ്പെടുത്തുന്നത് അസാധാരണമാണ്. ആയിരക്കണക്കിന് തടവുകാരെയാണ് ഇബ്രാഹിം റെയ്സി ജൂഡീഷ്യറി മേധാവിയായിരുന്നപ്പോള്‍ അന്ന് തൂക്കിലേറ്റിയത്. 1988ല്‍ ഇറാനിലെ 32 നഗരങ്ങളിലെ ഖമേനിയുടെ വിരുദ്ധ ഗ്രൂപ്പായ പീപ്പിള്‍സ് മുജാഹിദ്ദീനിലും ഇടതുപക്ഷത്തിലും പെട്ട 5,000 പേരാണ് അന്ന് തൂക്കിലേറ്റപ്പെട്ടത് എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്ക്. എന്നാല്‍ ഈ തൂക്കിക്കൊലകളെ ഒരിയ്ക്കലും ഇറാന് സര്‍ക്കാര്‍ പൂര്‍ണ്ണമായും അനുകൂലിച്ചിരുന്നില്ല. ആയത്തൊള്ള ഖമേനിയുടെ ഡപ്യൂട്ടി കമാന്‍ഡറായിരുന്ന, അന്തരിച്ച ആയത്തൊള്ള അലി മൊന്റെസെറി 2016ല്‍ ഈ തൂക്കിക്കൊലകളെ റെയ്സി കൂടി പങ്കെടുത്ത ഒരു യോഗത്തില്‍ കര്‍ശനമായി വിമര്‍ശിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നത് അന്ന് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2009ല്‍ ആയത്തുള്ള ഖമേനി ക്കെതിരെ ഉണ്ടായ പ്രതിഷേധം അടിച്ചമര്‍ത്തിയതിന് പിന്നിലും ഇബ്രാഹിം റെയ്സിയുടെ കരങ്ങളുണ്ട്.
യുഎസിന്റെ ഉപരോധം ഒഴിവാക്കാന്‍ 2015ലെ യുഎസുമായി ഉണ്ടാക്കിയ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്ന് അഭിപ്രായക്കാരനാണ് ഇബ്രാഹിം റെയ്സി. റൂഹാനി ഇറാന് പ്രസിഡന്റായിരിക്കെയാണ് അമേരിക്കയുമായി ഈ കരാര്‍ ഉണ്ടാക്കിയത്. ആണവായുധങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതി മന്ദഗതിയിലാക്കിയാല്‍ ഉപരോധത്തില്‍ നിന്നും ഇറാനെ ഒഴിവാക്കാം എന്നതായിരുന്നു ഈ കരാര്‍. എന്നാല്‍ പിന്നീട് ട്രംപ് ഈ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു.
എന്തായാലും പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് ഉടന്‍ നിക്ഷേപത്തിന് ഇറാനെ റെയ്സി തുറന്നുകൊടുക്കാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ ഇറാന്റെ സാമ്പത്തിക പ്രതിസന്ധി തീരാന്‍ ഇടയില്ല. അതേ സമയം അദ്ദേഹം ചൈനയുമായും റഷ്യയുമായും നല്ല ബന്ധം തുടരും. ഇറാഖ്, സിറിയ എന്ന ഇസ്ലാമിക തീവ്രവാദ ചിന്തകളുള്ള രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധം തുടരുകയും ചെയ്യും. പാശ്ചാത്യ രാഷ്ട്രങ്ങളെ വെറുക്കുന്നുവെങ്കിലും, യുഎസുമായുള്ള ആണവക്കരാര്‍ മുന്നോട്ട് കൊണ്ടുപോയേക്കും. എങ്ങിനെയെങ്കിലും ഉപരോധം മൂലം തകര്‍ന്ന ഇറാനെ പ്രതിസന്ധികളില്‍ നിന്നും കരകയറ്റാന്‍ ഈ കരാര്‍ പുനസ്ഥാപിച്ചേ മതിയാവൂ എന്ന് റെയ്സിക്കറിയാം. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ജോ ബൈഡനും ആഗ്രഹിക്കുന്നു. കാരണം അമേരിക്കയെ സംബന്ധിച്ചിടത്തോളം ചൈനയുടെ കുതിപ്പിന് തടയിടുക എന്നതാണ് മുഖ്യഅജണ്ട. ഇതിന് ഇറാന്റെ സഹായം ആവശ്യമാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒന്നാണ് ഇറാന്റെ ഹോര്‍മിസ് കടലിടുക്ക്. ഒപെക് രാജ്യങ്ങളുടെ പെട്രോളിയം ഉല്പന്ന വാണിജ്യ യാത്രകളാണ് ഈ കടലിടുക്കിനെ തന്ത്രപ്രധാനമാക്കുന്ന കാര്യങ്ങളിലൊന്ന്.
ഇറാന് യുഎസുമായി ഉണ്ടാക്കിയ ആണവക്കരാര്‍ കരാറിലെ മറ്റു രാജ്യങ്ങളായ ചൈന, ബ്രിട്ടന്, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാഷ്ട്രത്തലവന്മാരുമായും വിയന്നയില്‍ കരാര്‍ പുനസ്ഥാപിക്കുന്നതിന് അനുകൂലമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ ഇസ്രയേല്‍ മാത്രമാണ് ഈ ആണവക്കരാറിനെ ശക്തിയുക്തം എതിര്‍ക്കുന്നത്. ഇറാനാണ് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം മുഖ്യശത്രു. കാരണം ഇസ്ലാം തീവ്രവാദത്തിന്റെ വേരുകള്‍ ഇറാനിലാണെന്നും അതിനെ ഊട്ടിവളര്‍ത്തുന്നതും ഇറാനാണെന്ന് ഇസ്രയേല്‍ വിശ്വസിക്കുന്നു.
ഇക്കാര്യത്തില്‍ ഒരു അന്തിമതീരുമാനം ഉണ്ടാകാന്‍ ഇനിയും സമയമെടുത്തേക്കും. മാത്രവുമല്ല, ഈ കാര്യങ്ങളില്‍ ഇറാന്റെ ആത്മീയ നേതാവിന്റെതായിരിക്കും അന്തിമ തീരുമാനം.
ആയത്തൊള്ള ഖൊമേനിക്ക് 82 ആയി. ഇനി റെയ്സി തന്നെയായിരിക്കും ഇദ്ദേഹത്തിന് അനുയോജ്യനായ ശക്തനായ പിന്‍ഗാമി എന്ന അഭിപ്രായവും ഐആര്‍ജിസിയുടെ തീവ്രനിലപാടുകാരായ നേതാക്കളുടെ ഇടയിലുണ്ട്. ഇവര്‍ തന്നെയാണ് വിദേശ രാഷ്ട്രങ്ങളില്‍ ആ രാജ്യങ്ങളിലെ സാമൂഹിക, രാഷ്ട്രീയ എതിര്‍പ്പുകളെ തകര്‍ത്തെറിഞ്ഞ് ഇസ്ലാമിക വിപ്ലവം സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ കരങ്ങള്‍.
വരാനിരിക്കുന്ന ദിവസങ്ങളില്‍ റെയ്സി ഇറാന്റെ സൈനിക ശക്തിയായ ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിന്റെ പിന്തുണയും മതതീവ്രവാദ ശക്തികളുടെയും പിന്തുണ പരമാവധി ആര്‍ജ്ജിക്കാന്‍ ശ്രമിക്കും. അമേരിക്കയില്‍ നിന്നും നേരിട്ട തിരിച്ചടികള്‍ക്ക് മറുപടി നല്കാന് കഴിവുള്ള ഒരു നേതാവിനെയാണ് ജനങ്ങളും ഇഷ്ടപ്പെടുന്നത്. അതുവഴി ആയത്തൊള്ള ഖമേനിയുടെ കാലശേഷം സര്‍വ്വാധികാരങ്ങളുമുള്ള നേതാവായി റെയ്സി വളരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതിനിടയില്‍ റെയ്സിക്ക് നേരിടേണ്ടി വരുന്ന കടുത്ത വെല്ലുവിളി ഇസ്രയേലില്‍ നിന്നായിരിക്കും. ഇപ്പോഴേ ഇസ്രയേല്‍ റെയ്സിയുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ജോ ബൈഡന് അമേരിക്കയില്‍ അധികാരം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ ഇസ്രയേലിന്റെ പിടിയില്‍ ഒതുങ്ങുന്നുമില്ല. അതുകൊണ്ട് തന്നെ തല്ക്കാലം ബൈഡനെ പിണക്കാതെ ഇസ്രയേലിനെ വരുതിയില്‍ നിര്‍ത്താനായിരിക്കും റെയ്സി ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: