തൃശൂര്‍: വടക്കാഞ്ചേരി മുള്ളൂര്‍ക്കരയിലെ ക്വാറി സ്ഫോടനക്കേസില്‍ അന്വേഷണം പോലീസ് തന്നെ അട്ടിമറിച്ചു. ക്വാറിയില്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ പരിശീലനം നടക്കുന്നതായും വന്‍ സ്ഫോടകവസ്തു ശേഖരം ഉള്ളതായും ആഴ്ചകള്‍ക്ക് മുന്‍പ് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നിട്ടും പോലീസ് അനങ്ങിയില്ല.
മെയ് 29ന് മായന്നൂര്‍ കൊണ്ടാഴി റിസര്‍വ്വ് വനത്തില്‍ നിറതോക്കുകളുമായി നാല് പേരെ വനപാലകസംഘം കണ്ടിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതോടെ തോക്കുകള്‍ ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെട്ടു. കാട്ടില്‍ നടത്തിയ തെരച്ചിലില്‍ മൊബൈല്‍ഫോണ്‍ ലഭിച്ചു. നായാട്ട് സംഘമാണെന്നാണ് വനം വകുപ്പ് ജീവനക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കി. എന്നാല്‍, തോക്കുകളും മൊബൈല്‍ഫോണും പരിശോധിക്കാനോ അന്വേഷണം നടത്താനോ പോലീസ് തയാറായില്ല. മൊബൈല്‍ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിന്നീട് ഓടിപ്പോയവരെ കണ്ടെത്തി കേസെടുത്തു. കാട്ടില്‍ അതിക്രമിച്ചു കയറിയെന്ന വകുപ്പാണ് ചുമത്തിയത്.
പാഞ്ഞാള്‍ പാലത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ്കുട്ടിയുടെ മകന് പി.എം.അലി, കയ്യഴിതൊടി വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന് അബൂബക്കര്‍, അതിക്കപ്പറമ്പ് വീട്ടില്‍ കുട്ടിഹസ്സന്റെ മകന് മുസ്തഫ, ഇടക്കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകന് സാദിക്ക് എന്നിവരെയാണ് വനപാലകസംഘം പിടികൂടിയത്. ആയുധ നിരോധന നിയമപ്രകാരം പോലീസ് കേസ് എടുക്കാത്തതിനാല്‍ തുടരന്വേഷണം ഉണ്ടായില്ല. സ്ഫോടനം നടന്ന ക്വാറി ഉടമയായ സിപിഎം നേതാവിന്റെ കൂട്ടാളികളാണ് ഇവര്‍. ക്വാറിയില്‍ വെടിവെയ്പ്പ് പരിശീലനവും നായാട്ടും നടന്നിരുന്നതായി പരിസരവാസികളും പറയുന്നു.
സ്ഫോടനം നടന്ന് ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും പോലീസ് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. ക്വാറിയില്‍ വളര്‍ത്തുന്ന മീനുകളെ പിടിക്കാന്‍ തോട്ട ഉപയോഗിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ ആദ്യ റിപ്പോര്‍ട്ട്.
പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ച സ്ഫോടനം നടന്നിട്ടും മീന്‍ പിടിക്കാനുള്ള തോട്ടയാണ് പൊട്ടിച്ചതെന്ന് പോലീസ് രേഖപ്പെടുത്തിയതാണ് കൗതുകകരം. സ്ഥലത്ത് ആദ്യമെത്തിയ പോലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതായും പരിസരവാസികള്‍ പറയുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെ ഇവിടെ നിന്നും വാഹനത്തില്‍ കടത്തിയെന്നും പരിസരവാസികള്‍ പറയുന്നു. ഇവ കടത്തിക്കൊണ്ടുപോകുന്നതുവരെ പോലീസ് പ്രദേശവാസികളെ തടഞ്ഞു നിര്‍ത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: