തിരുവനന്തപുരം: കേരള നിയമസഭയിലെ അഞ്ച് എംഎല്‍എമാര്‍ സ്ത്രീ, ഗാര്‍ഹിക പീഡനക്കേസുകളില്‍ പ്രതികളായിരുന്നവര്‍. സ്ത്രീപീഡനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രസ്താവനയിറക്കുകയും സിപിഎം പ്രചാരണങ്ങള്‍ക്ക് ഒരുങ്ങുകയും ചെയ്യുമ്പോഴാണ് പീഡനക്കേസുകളില്‍ പ്രതികളായിരുന്ന എംഎല്‍എമാരുടെ പേരുകള്‍ ചര്‍ച്ചയാകുന്നത്.
മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, സിപിഎമ്മിലെ കൊല്ലം എംഎല്‍എ നടന് മുകേഷ്, കേരള കോണ്‍ഗ്രസിലെ പത്തനാപുരം എംഎല്‍എ ഗണേഷ്കുമാര്, കോണ്‍ഗ്രസിലെ കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ്, കോണ്‍ഗ്രസിലെ കോവളം എംഎല്‍എ വിന്‍സെന്റ് തുടങ്ങിയവരാണിവര്‍. ഇവരുടെ മാനസിക-ശാരീരിക പീഡനങ്ങളെ തുടര്‍ന്ന് ഭാര്യമാര്‍ക്ക് നീതിക്കുവേണ്ടി കോടതികളെ സമീപിക്കേണ്ടി വന്നിട്ടുണ്ട്.
സ്ത്രീധനനിരോധന നിയമവും ഗാര്‍ഹികപീഡന നിരോധന നിയമവുമൊക്കെ ഫലപ്രദമായി നടപ്പാക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കേണ്ട മന്ത്രിസഭയിലെ അംഗമാണ് ടൂറിസം-പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസ്. റിയാസിന്റെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആദ്യ ഭാര്യ ഡോ. സമീഹാ സെയ്തലവി വിവാഹമോചനം നേടി. പത്തു വര്‍ഷമായി കടുത്ത ശാരീരികമാനസിക പീഡനങ്ങളാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് സമീഹ നല്കിയ പരാതിയില്‍ പറയുന്നു. എസ്എഫ്ഐയുടെ സംസ്ഥാന നേതാവു കൂടിയായിരുന്നു ഡോ. സമീഹാ സെയ്തലവി. നിലവില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റു കൂടിയാണ് മുഹമ്മദ് റിയാസ്.
സിപിഎമ്മിലെ നടന് മുകേഷ് എംഎല്‍എ തെന്നിന്ത്യന്‍ നടി സരിതയെ പ്രണയിച്ച് വിവാഹം ചെയ്തത് 1988ല്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍. വിവാഹബന്ധം 2011ല്‍ വേര്‍പിരിഞ്ഞു. മുകേഷിന്റെ ദേഹോപദ്രവവും മദ്യപാനവും പരസ്ത്രീബന്ധവും സഹിക്കാനാകാതെയാണ് വേര്‍പിരിഞ്ഞതെന്ന് സരിത പിന്നീട് പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം മുകേഷ് വീണ്ടും വിവാഹിതനായി.
മുന്‍ മന്ത്രി ആര്. ബാലകൃഷണപിള്ളയുടെ മകന് ഗണേഷ്കുമാര് എംഎല്‍എ 1994ലാണ് യാമിനി തങ്കച്ചിയെ വിവാഹം ചെയ്യുന്നത്. 2013 മാര്‍ച്ച് 20ന് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തി. ഗണേഷിന്റെ പരസ്ത്രീബന്ധം ആരോപിച്ചായിരുന്നു യാമിനി പരാതി നല്‍കിയത്. എല്‍ഡിഎഫിലാണ് ഗണേഷ്കുമാറിന്റെ പാര്‍ട്ടി. ഗണേഷും വീണ്ടും വിവാഹം ചെയ്തു.
ടി. സിദ്ദിഖ് എംഎല്‍എ ഉപേക്ഷിച്ചതാകട്ടെ രോഗിയായ ഭാര്യയെ. അര്‍ബുദരോഗം പിടിപെട്ടതിനെ തുടര്‍ന്നായിരുന്നു നസീമയുമായുള്ള ബന്ധം സിദ്ദിഖ് വേര്‍പെടുത്തിയത്. ബന്ധം വേര്‍പെടുത്തിയത് നിയമപരമല്ലാതിരുന്നിട്ടും സിദ്ദിഖ് വീണ്ടും വിവാഹം കഴിച്ചു. കോണ്‍ഗ്രസിലെ കോവളം എംഎല്‍എ എം. വിന്‍സെന്റ് വീടിനു സമീപത്തെ യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സിപിഎമ്മുകാര്‍ തന്നെ കുടുക്കിയതാണെന്നാണ് വിന്‍സെന്റിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: