അമ്പലപ്പുഴ: തകഴി ആശുപത്രിയില്‍ ജീവന് രക്ഷാ മരുന്നുകള്‍ കിട്ടാനില്ല. രോഗികള്‍ ദുരിതത്തില്‍. ഇവിടെ ഒരു മാസക്കാലമായി മരുന്നുകള്‍ ലഭ്യമല്ല. ഇതോടൊപ്പം ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇല്ലാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നാണ് ആശുപത്രിയിലേക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, രക്തം കട്ടപിടിക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വിതരണം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
കുട്ടനാടന്‍ പ്രദേശമായ തകഴി, ചെമ്പുംപുറം, പടഹാരം, കുന്നുമ്മ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്ന് തികച്ചും സാധാരണക്കാരായ 200 ഓളം രോഗികളാണ് ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്.ആശുപത്രിയില്‍ നിന്ന് മരുന്നുകള്‍ കിട്ടാതായതോടെ ഇവയെല്ലാം വലിയ വില കൊടുത്ത് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങേണ്ട അവസ്ഥയായി. ലോക്ക് ഡൗണ്‍ മൂലം വരുമാനം നിലച്ച സാധാരണക്കാര്‍ക്ക് ഇത് താങ്ങാനും കഴിഞ്ഞിട്ടില്ല. കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ നടത്തേണ്ട പ്രതിരോധ കുത്തിവെയ്പും വാക്സിന് ലഭിക്കാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്.
ഇതോടെ നിരവധി കുരുന്നുകള്‍ക്കാണ് പ്രതിരോധ വാക്സിനും മുടങ്ങിയത്. രണ്ട് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് കഴിഞ്ഞ ഏതാനും മാസമായി ഒരു ഡോക്ടര്‍മാത്രമാണുള്ളത്.മറ്റൊരു ഡോക്ടറെ കോവിഡ് ഡ്യൂട്ടിക്ക് നിയമിച്ചതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. കൂടാതെ ഏഴ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നായി കുറഞ്ഞു. സ്ഥലം മാറിപ്പോയ നാല് പേര്‍ക്കു പകരം ആളെ നിയമിക്കാത്തതിനാല്‍ വാര്‍ഡു തല പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വന്നിരിക്കുകയാണ്. ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ഇല്ലാത്തതും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തകഴി ആശുപത്രി ഇന്ന് പ്രതിസന്ധിയുടെ നടുവിലാണ്. ഗ്രാമീണ മേഖലയിലെ നൂറു കണക്കിന് രോഗികള്‍ക്ക് ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തെ സര്‍ക്കാര്‍ അവഗണിച്ചതോടെ പാവപ്പെട്ട രോഗികളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി മരുന്നുകള്‍ ഉള്‍പ്പെടെ ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: