കേരളത്തില്‍ അടുത്തിടെ സ്ത്രീധന പീഡന മരണങ്ങള് നിരന്തരം ആവര്‍ത്തിക്കുകയാണ്. ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയ എന്ന പെണ്‍കുട്ടി മക്കളെ സ്നേഹിച്ചു വളര്‍ത്തി വിവാഹം ചെയ്തയയ്ക്കുന്ന മാതാപിതാക്കളുടെയെല്ലാം നോവായി മാറിയിരിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍, വിസ്മയയെ അതിക്രൂരമായി മര്‍ദ്ദിച്ചതായാണ് ആരോപിക്കപ്പെടുന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നുവത്രേ ഇത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ഭര്‍തൃവീട്ടില്‍ സുചിത്ര എന്ന പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതിനു പിന്നിലും സ്ത്രീധന പീഡനം എന്ന ആരോപണം ഉയരുന്നുണ്ട്. അധികം നാളായില്ല സിനിമാ നടന് രാജന് പി. ദേവിന്റെ മരുമകള്‍ നിരന്തരമായ പീഡനങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയിട്ട്. വന്‍തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചുകൊണ്ടുവന്ന ഉത്ര എന്ന പെണ്‍കുട്ടിയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുകയുണ്ടായി. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് കരുതാനാവില്ല. യഥാര്‍ത്ഥത്തില്‍ നടക്കുന്നതിന്റെ ചെറിയൊരംശം മാത്രമാണ് പുറത്തുവരുന്നത്. പലതും വെറും ആത്മഹത്യകളായും അപകടമരണങ്ങളായുമൊക്കെ ചിത്രീകരിച്ച് അവസാനിപ്പിക്കുകയാണ്.
സ്ത്രീധന പീഡന സംഭവങ്ങളില്‍ ഭര്ത്താക്കന്മാര് മാത്രമല്ല വില്ലന്മാരാവുന്നത്. ഭര്‍ത്താവിന്റെ അമ്മമാരും സഹോദരീ സഹോദരന്മാരുമൊക്കെ ഇതിന് കൂട്ടുനില്‍ക്കുന്നു. മരുമകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ രാജന് പി. ദേവിന്റെ ഭാര്യയും പ്രതിയാണല്ലോ. ഇവരുടെ പ്രേരണയിലാണ് മകന് ഭാര്യയെ മര്‍ദിച്ചതെന്നാണ് വിവരം. നിലമേല്‍ പെണ്‍കുട്ടി വിസ്മയയെ ക്രൂരമായി മര്‍ദിക്കുന്നതില്‍ വീട്ടുകാരുടെ ഒത്താശ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. സ്വന്തം കിടപ്പാടം പോലും വിറ്റും പണയം വച്ചുമൊക്കെയാണ് പല പെണ്‍കുട്ടികളെയും മാതാപിതാക്കള്‍ വിവാഹം കഴിച്ചയയ്ക്കുന്നത്. അതുവരെ തങ്ങള്‍ താലോലിച്ചു വളര്‍ത്തിയ പെണ്‍കുട്ടികള്‍ സുഖമായി കഴിയണമെന്ന് ആഗ്രഹിച്ച് വന്‍തോതില്‍ സ്വര്‍ണവും കാറും മറ്റും സമ്മാനമായി നല്‍കുകയും ചെയ്യുന്നു. പലരുടെയും കാര്യത്തില്‍ സന്തോഷവും സുഖവും സംരക്ഷണവും ദിവസങ്ങള്‍ മാത്രമേ നീണ്ടുനില്ക്കുകയുള്ളൂ. പണക്കാരനാവാനുള്ള കുറുക്കുവഴിയായി വിവാഹത്തെ കാണുന്ന യുവാക്കളുണ്ട്. വരന്റെ വീട്ടുകാര്‍ കാലിച്ചന്തയിലെന്നപോലെ കണക്കു പറഞ്ഞ് പണവും മറ്റും വാങ്ങുകയാണ്. ആര്ത്തിയെന്നതൊരു വികാരമാണ്. എത്ര കിട്ടിയാലും ചിലര്‍ക്ക് മതിയാവില്ല. നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഭര്‍തൃഗൃഹത്തില്‍ എത്തുന്ന പെണ്‍കുട്ടികളുടെ ജീവിതം നരകതുല്യമായി മാറുകയാണ്.
ഇത് കേരളമാണ് എന്ന അവകാശവാദം സ്ഥാനത്തും അസ്ഥാനത്തും ഉയര്‍ത്തുന്നവരാണ് ഇവിടുത്തെ ഭരണാധികാരികള്‍. പ്രബുദ്ധ കേരളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അറുപതിലേറെ സ്ത്രീധന പീഡന മരണങ്ങള് സംസ്ഥാനത്ത് സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. എന്തൊക്കെയാണ് ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെന്ന് സമചിത്തതയോടെ ആലോചിക്കേണ്ടതുണ്ട്. പെണ്‍കുട്ടികളെ ഇരയെന്ന നിലയ്ക്ക് വളര്‍ത്തിയെടുക്കുന്ന രീതി ഉപേക്ഷിക്കപ്പെടണം. അന്യവീട്ടില്‍ കഴിയേണ്ടവളാണെന്ന ചിന്ത പെണ്‍കുട്ടികളില്‍ ഇനിയും അടിച്ചേല്‍പ്പിക്കരുത്. ഭര്‍തൃവീട് സ്വന്തം വീടാണെന്നും, നിയമപരമായ അവകാശം അവള്ക്കുണ്ടെന്നുമുള്ള സ്ഥിതി വരണം. പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കുമുണ്ടെന്ന നിയമബോധം എല്ലാവര്‍ക്കുമുണ്ടാവണം. പെണ്‍കുട്ടികള്‍ക്ക് കഴിയുന്നത്ര വിദ്യാഭ്യാസം നല്കി സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. സ്ത്രീധനം എന്നത് തീര്‍ത്തും നിയമവിരുദ്ധമായ ഒരു ഏര്‍പ്പാടാണ്. ഇതിനെതിരെയും ഫലപ്രദമായ നടപടി ഉണ്ടാവണം. കേവലമായ ബോധവല്‍ക്കരണമോ നിരുത്സാഹപ്പെടുത്തലോ ഫലം ചെയ്യില്ല. സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹികാതിക്രമങ്ങളെ വെറും കുടുംബപ്രശ്നങ്ങളായി ലഘൂകരിച്ചു കാണുന്ന പ്രവണത അവസാനിപ്പിക്കണം. പെണ്‍കുട്ടികള്‍ക്ക് പരാതി നല്‍കാനുള്ള കൃത്യമായ സംവിധാനം നിലവില്‍ വരണം. പരാതികളില്‍ കര്‍ക്കശമായ നടപടികള്‍ നിയമപാലകരുടെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂ. അധികൃതര്‍ ഇരകളെ കയ്യൊഴിഞ്ഞ് വേട്ടക്കാര്‍ക്കൊപ്പം നില്ക്കാന് പാടില്ല. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവരെ കര്‍ശനമായി നേരിടണം. ആത്യന്തികമായി സ്ത്രീകള്‍ സമ്പൂര്‍ണമായി ശാക്തീകരിക്കപ്പെടുകയാണ് ഇതിനുള്ള പരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: