കുന്നത്തൂര്‍: മൈനാഗപ്പള്ളി പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങള്‍ സ്വന്തം നാട്ടില്‍ വാക്സിന് കിട്ടാതെ വലയുന്നു. ദിവസവും വാക്സിനായി സര്‍ക്കാര്‍ പോര്‍ട്ടലില്‍ തെരയുമ്പോഴും മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പൂജ്യം സ്ലോട്ട് എന്നാണ് കാണിക്കുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ നൂറുകണക്കിനാളുകള്‍ വാക്സിന് സ്വീകരിച്ച് മടങ്ങുന്നതും ഉണ്ട്.
സാധാരണക്കാരായ ജനങ്ങള്‍ സ്ലോട്ട് കിട്ടാതെ വലഞ്ഞ് കിലോമീറ്ററുകളോളം ദൂരെയുള്ള കേന്ദ്രങ്ങളിലെത്തി വാക്സിന് സ്വീകരിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും ഇഷ്ടക്കാര്‍ക്ക് വാക്സിന് പിന്‍വാതിലിലൂടെ നല്‍കുന്നത്. മൈനാഗപ്പള്ളി സിഎച്ച്സിയില് നിന്നും വാക്സിന് ഇഷ്ടക്കാര്‍ക്ക് നല്‍കുന്നതായാണ് ആരോപണം. സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഉപയോഗിച്ചാണ് ഇത്തരത്തില്‍ അനധികൃതമായി വാക്സിന് നല്‍കുന്നതെന്നാണ് ആക്ഷേപം. ചില വാര്‍ഡ് മെമ്പര്‍മാരും ആശാ പ്രവര്‍ത്തകരും സ്വന്തം നിലയില്‍ ഇഷ്ടക്കാരെ ലിസ്റ്റില്‍ തിരുകിക്കയറ്റുന്നതായും ആരോപണമുണ്ട്.
മൈനാഗപ്പള്ളിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടും വാക്സിന് നല്കുന്നതില് സ്വജനപക്ഷപാതം കാട്ടുകയാണെന്ന് ബിജെപി മൈനാഗപ്പള്ളി തെക്ക് ഏരിയാ സമിതി ആരോപിച്ചു. പ്രദേശവാസികളെ കബളിപ്പിച്ചു ഇഷ്ടക്കാര്‍ക്ക് വാക്സിന് നല്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി ഏരിയാ സമിതി പ്രസിഡന്റ് ബിനോയ് ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: