അടരിലത്ഭുതവൈഭവം കാട്ടിടും
ചടുലമാകുമാ പാര്‍ത്ഥബാണങ്ങളാല്‍
സൈന്ധവസൈന്യവ്യൂഹങ്ങള്‍ മേല്ക്കുമേ-
ലന്ധരായ് പ്രജ്ഞയറ്റു പതിക്കവേ
മന്നിലൂന്നിയ വില്‍ പിടിച്ചാസ്ഥയാ
നിന്നു പാണ്ഡവന് ഗംഭീരദര്‍ശനന്‍
ആരിനിയൊരു വൈരിയീ സംഗരേ
നേരില്‍ നില്ക്കുവാന് കാണട്ടെ പൗരുഷം
അന്തരംഗം നിറഞ്ഞു കവിഞ്ഞൊരാ-
ഹന്തയാലിദം ചിന്തിച്ചു ഫല്ഗുനന്
കര്ണയുഗ്മത്തില് മാറ്റൊലി കൊള്‍കയായ്
കര്ണ്ണവൈരിക്കു ധര്മജവാക്കുകള്
‘ദിവ്യമേധാശ്വസംരക്ഷണത്തിനു
സവ്യസാചി സസൈന്യനായ് പോകണം
പ്രാണനാശം വരുത്താതെ പൗരുഷ
ക്ഷീണരാക്കി നീ വെല്ക രിപുക്കളെ’
ഓര്‍ത്തു ഗാണ്ഡീവി മൃത്യുയിതേവരെ-
യെത്തിനോക്കാതെ വെന്നു വിമതരെ
കാതരത്വമശേഷവും തീണ്ടാതെ
പ്രീതനാകട്ടെ വൈവസ്വതസുതന്
വിക്രമികളെ നിശ്ചേഷ്ടരാക്കിയാ
ശക്രനന്ദനന്‍ തെല്ലാശ്വസിക്കവെ
കണ്ടു ദൂരാലരുകിലണഞ്ഞിടും
മല്ലലോചന കൗരവഭാമിനി
വിശ്വശാശ്വതദുഃഖത്രയങ്ങളാ-
ലീശ്വരന്‍ തീര്‍ത്ത നാരിപോല് ദുശ്ശള
ഭാനുനന്ദനന്‍ തന്മുന്നിലേകദാ
ദീനയായ് നിന്നു സാവിത്രി പോലവേ
നിന്നു തന് ജീവനാഥന്റെ ജീവനെ
വെന്ന പാകാരിപുത്രന്റെ മുന്പിലായ്
വേഗവേപിതവേദനാസാഗരം
നാഗയാനയാളുള്ളിലൊതുക്കിയും
കാറൊളിക്കൂന്തല് ചിന്നിയുമശ്രുവാ-
ലീറനാം കണ്കള് വീര്ത്തുകലങ്ങിയും
ചുടു നെടുവീര്പ്പിടക്കിടെയേല്ക്കയാല്
ചൊടികള്‍ വര്‍ണ്ണം പകര്ന്നേറെ മങ്ങിയും
പല്ലവാംഗിതന് കയ്യിലായമ്പിളി-
ത്തെല്ലുപോലൊരു കുഞ്ഞിനേയേന്തിയും
അരികില്‍ നില്ക്കുമബലയെക്കാണ്കെയാ-
ക്കുരുകുലാധിപന് വിസ്മയസ്തബ്ധനായ്
നഗ്നകണ്ഠവും കൈകളും കാണ്കെയാ-
മഗ്നകുണ്ഠിതചിത്തനായ് പാണ്ഡവന്
ഊര്ന്നുവീണുപോയ് പാണിയില്‍ നിന്നു വന്‍-
പാര്‍ന്ന ചാപവും ബാണവും ഭൂമിയില്‍
കരളിലൂറും വികാരശതങ്ങളാല്
തരളചിത്തനായാനതശീര്ഷനായ്
സാന്ത്വശാന്തി നശിച്ചൊരാ ദൈന്യതന്
സാന്ത്വനത്തിനു ചോദിച്ചു മന്ദമായ്
‘എന്തുവേണമെന്നാകിലും താന്തയായ്
സന്തപിക്കേണ്ട ചോദിച്ചുകൊള്‍ക നീ’
പാണിയേന്തുന്ന പൈതലിന്നാനനം
താണുചുംബിച്ചു ചൊല്ലിസഗദ്ഗദം
അയിസുഭദ്രാപതേ കേള്‍ക്ക താവക
ദയയിരന്നിങ്ങു വന്നവളാണിവള്‍
നിന്വിശിഖാല് മരിച്ച ജയദ്രഥന്
തന് വിധവയനാഥയാം ദുശ്ശള
ഭാഗ്യഹീനയാമെന് മകനങ്ങുതന്
ഭാഗിനേയന് സുരഥന് മഹീപതി
ഭീതിമൂലം വിറച്ചു മരിച്ചു തന്
താതഘാതി നിന്നാഗമം കേള്‍ക്കവേ
അത്ര മൃത്യുവശഗനായ് തീര്‍ന്ന മല്-
പ്പുത്രവംശത്തിനേകാവലംബമായ്
തന്പിതാവും പിതാമഹനും മരി-
ച്ചേവമാശ്രയമറ്റൊരീ പൈതലിന്
കരുണ തോന്നണേ നിര്‍ത്തണേ സംഗരം
കുരുകുലാര്ണവശര്വരീശാവിഭോ
ചത്തുജീവിച്ചടുത്തനാളുണ്ടായൊ-
രുത്തരാസുതന് നിന്പൗത്രനെന്നപോല്
പ്രീതിതോന്നണേ സൈന്ധവവംശമി-
പ്പോതനില്ക്കൂടി വൃദ്ധിയേല്ക്കേണ്ടതാം
ഒന്നു നിര്‍ത്തിയാ പാര്‍ത്ഥന്റെ കണ്‍കളില്‍
നിര്നിമേഷയായ് നോക്കിനിന്നീടിനാള്
വാഗ്വിഷലിപ്തബാണങ്ങളേല്ക്കവേ
വാഗതീതവിവശനായ് പാണ്ഡവന്
എന്തൊരുഗ്രമാം മൂകത ചുറ്റിലു-
മെന്തൊരു ശൈത്യമെന്തൊരു കൂരിരുള്‍
മേനിയമ്പേ മരവിച്ചു പോകയോ
താനലിഞ്ഞലിഞ്ഞില്ലാതെയാകയോ
നഷ്ടചൈതന്യവിഗ്രഹം പോലെയീ
വിഷ്ടപം തന്നെ നിര്ജീവമാകയോ
എന്തിതെന്നു പകച്ചവന്‍ നിശ്ചലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: