തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമം സംസ്ഥാനത്ത് മരവിച്ച നിലയിലാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പാര്‍ലമെന്റില്‍ സ്ത്രീധന നിരോധന നിയമം പാസാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇതു സംബന്ധിച്ച നിയമം നടപ്പാക്കപ്പെടുന്നില്ല. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനിയായ പന്തളത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ എസ്.വി. വിസ്മയുടെ (24) ആത്മഹത്യ. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇതിനെ പ്രാവര്‍ത്തികമാക്കാന്‍ നമ്മുടെ സംസ്ഥാന ഭരണകൂടത്തിനാകുന്നില്ല എന്നതാണ് വസ്തുത. സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണമായി പരാജയപ്പെട്ടതായുള്ള റിപ്പോര്‍ട്ട് 2018ല്‍ വി.എസ്. അച്യുതാനന്ദന് അദ്ധ്യനായ ഭരണപരിഷ്കരണ കമ്മിഷന് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് അത് ചെവികൊണ്ടില്ല.
സംസ്ഥാനത്ത് മേഖല തിരിച്ചുള്ള സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വനിതാശിശു വികസവകുപ്പുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ നടത്തണം. നിലവിലെ സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ സ്ഥിതി എന്തെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. നിലവില്‍ ഇതു സംബന്ധിച്ച് പരാതികള്‍ സ്വീകരിക്കാന്‍ വനിതാ കമ്മീഷന് മാത്രമാണുള്ളത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ വനിതാകമ്മീഷന് ലഭിച്ചെന്നും ഇതു സംബന്ധിച്ച് എത്ര കേസുകള്‍ സ്ത്രീധന നിരോധന ഓഫീസര്‍മാര്‍ എടുത്തിട്ടുണ്ടെന്നുമുള്ള കണക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തുവിടാന്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: