പാലക്കാട്: കോഴിക്കോട് രാമനാട്ടുകര വാഹനാപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് സ്വര്‍ണ്ണക്കടത്ത്, കുഴല്‍പ്പണ സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന. മൂന്നുപേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. യുവാക്കളുടെ പശ്ചാത്തലം സംബന്ധിച്ച് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി മേഖലയിലെ ക്വട്ടേഷന്‍ സംഘങ്ങളെയും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ചവരില്‍ താഹിര്‍ ഷാ, ഹുസൈനാര്, നാസര്‍ എന്നിവര്‍ക്കെതിരെ ചെര്‍പ്പുളശ്ശേരി, കൊപ്പം പോലീസ് സ്റ്റേഷനുകളില്‍ നേരത്തെ ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസുണ്ട്. മുഹമ്മദ് ഷഹീര്‍നെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവും കേസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് തീര്‍പ്പാക്കി. ചെര്‍പ്പുളശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. താഹിറിന്റെ അമ്മാവന്റെ വണ്ടിയാണ് അപകടത്തില്‍ പെട്ടത്. മരിച്ചവര്‍ എല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇവരെ പുറത്താക്കിയിരുന്നു എന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ ഫറോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് കൊണ്ടോട്ടി പോലീസിനു കൈമാറി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ചെര്‍പ്പുളശേരിക്ക് മടങ്ങിയ കാര്‍ വഴിമാറി രാമനാട്ടുകര വഴി പോയ സാഹചര്യം അന്വേഷിക്കുന്നുണ്ട്. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള ഇവരുടെ കാറിനൊപ്പം മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ദുബായ്യില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം വാങ്ങാനെത്തിയവരാണ് വാഹനാപകടത്തില്‍ മരിച്ചവരെന്നാണ് പോലീസ് സംശയിക്കുന്നത്. പതിനഞ്ചു പേര് അടങ്ങിയ സംഘങ്ങളാണ് കരിപ്പൂരില്‍ നിന്ന് മടങ്ങിയതെന്നും ഇവരില്‍ സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയവരും അവരുടെ സുരക്ഷയ്ക്ക് വന്നവരും സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ വന്നവരും ഉണ്ടെന്നാണ് പോലീസിന്റെ സംശയം. അപകടമുണ്ടായ പ്രദേശത്തു നിന്ന് വെടിയൊച്ച കേട്ടതായും നാട്ടുകാര്‍ പറയുന്നു.
ഇന്നലെ ദുബായിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയ്ക്ക് കരിപ്പൂരില്‍ എത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ വന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖില്‍ (23) നിന്ന് 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്. കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. അറസ്റ്റ് ചെയ്ത പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷെഫീഖില്‍നിന്ന് സ്വര്‍ണം വാങ്ങാനാകും ചെര്‍പ്പുളശ്ശരിയില്‍നിന്ന് അഞ്ചംഗ സംഘമെത്തിയതെന്ന് പോലീസ് കരുതുന്നു. ഒരു വാഹനവും നാലു പേരെയും ഇനിയും കണ്ടെത്താനുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു.
സ്വര്‍ണക്കടത്തു സംഘവുമായി ഇവര്‍ക്കുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജങ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെ രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവര്‍ സാഹിര്‍ പറയുന്നത്. സംഘത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണക്കടത്തു നേതാവ് ചരല് ഫൈസലിന് അകമ്പടി പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നും പോലീസ് കരുതുന്നു. ഫൈസല്‍ നിലവില്‍ കോഴിക്കോട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഫൈസലിനെതിരെ മുമ്പ് ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: