അവകാശങ്ങള്‍ നേടി എടുക്കാനുള്ള എത്രയോ സമരങ്ങള്‍ പതിറ്റാണ്ടുകളായി നാട്ടില്‍ നടക്കുന്നു. നമുക്ക് അവകാശങ്ങള്‍ നേടിയെടുത്താല്‍ മാത്രം മതിയോ? കടമകള്‍ക്ക് കൂടി പ്രാധാന്യം നല്കേണ്ടതില്ലേ? അവകാശവും കടമയും തുല്യനിലയില്‍ പരിഗണിച്ചാലേ ഏതു സമൂഹവും നിലനില്ക്കുകയുള്ളൂ.
കൃത്യതയുള്ള ഗണിതത്തിലൂന്നി ഇതിനെ വിവരിച്ചാല്‍ മനസ്സിലാക്കാന്‍ എളുപ്പമാണ്. നിത്യജീവിതത്തില്‍ നാമെല്ലാം കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാറുണ്ട്. കടയില്‍പ്പോയി ഒരു കിലോ അരിയുടെ വിലയായ 32 രൂപ കൊടുക്കുന്നു. കടക്കാരനും ഒരു കിലോ അരി നല്കുന്നു. ഒരു കച്ചവടം പൂര്‍ണ്ണമാകുന്നു. 32 രൂപ കൊടുക്കുമ്പോള്‍ ഞാന്‍ എന്റെ കടമ നിറവേറ്റുന്നു. അതോടൊപ്പം എന്റെ അവകാശമായ ഒരു കിലോ അരി എനിക്ക് കിട്ടുമ്പോള്‍ ആ വ്യവഹാരം പൂര്‍ണ്ണമാകുന്നു.
ഇനി കടക്കാരന്റെ ഭാഗത്തു നിന്നു നോക്കിയാല്‍, ഒരു കിലോ അരി കൊടുക്കുക എന്ന കടമ കടക്കാരന് നിറവേറ്റുമ്പോള്‍ അദ്ദേഹത്തിന്റെ അവകാശമായ 32 രൂപ അദ്ദേഹത്തിന് ലഭിക്കുന്നു. അതു മാത്രമല്ല, ഇവിടെ എന്റെ കടമയായ 32 രൂപ അദ്ദേഹത്തിന്റെ അവകാശമായി മാറുന്നു. എന്റെ അവകാശമായ ഒരു കിലോ അരി അദ്ദേഹത്തിന്റെ കടമയും. ഇങ്ങനെ അവകാശവും കടമയും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. അവകാശവും, കടമയും തുല്യമായി നിന്നില്ലെങ്കില്‍ വ്യവഹാരം പൂര്‍ണ്ണമാകില്ല. അപ്പോള്‍ കടം എന്ന വാക്ക് പ്രത്യക്ഷപ്പെടും.
കടമ നിറവേറ്റിയില്ലെങ്കില്‍ കടം ബാക്കിയാകും എന്നും പറയാം. കടമായി മാത്രം എല്ലാവരും സാധനങ്ങള്‍ വാങ്ങിത്തുടങ്ങിയാല്‍ സമീപ ഭാവിയില്‍ ആ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരും എന്ന് പറയേണ്ടതില്ലല്ലോ. വ്യക്തിക്കും സമൂഹത്തിനും എന്നു മാത്രമല്ല ഏതൊരു വ്യവസ്ഥിതിക്കും എക്കാലത്തും കടത്തില്‍ മുങ്ങി മുന്നോട്ടു പോകുവാന്‍ കഴിയില്ല. കടക്കെണിയും അതിന്റെ അനന്തരഫലങ്ങളും നിത്യജീവിതത്തില്‍ നമുക്കറിയാമല്ലൊ.
ഓഫീസ് സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ എന്നെഴുതിവച്ച സ്ഥാപനത്തില്‍ 10 മണിക്ക് അവിടെയുള്ള എല്ലാ ജീവനക്കാരും ജോലി തുടങ്ങിയിരിക്കണം. അത് ഓഫീസിന്റെ അവകാശവും ജീവനക്കാരുടെ കടമയുമാണ്.
ഈ കടമ നിറവേറ്റുമ്പോഴാണ് അവിടെയുള്ള ഓരോ ജീവനക്കാരനും അവന്റെ അവകാശമായ ശമ്പളം ലഭിക്കുന്നത്. സമയത്തിന് ഹാജരാകാതെയും ജോലികള്‍ കൃത്യമായി ചെയ്യാതെയും ജീവനക്കാരന് കടമയില്‍ വീഴ്ചവരുത്തിയാല്‍ അവന്റെ അവകാശമായ ശമ്പളത്തില്‍ അത് പ്രതിഫലിക്കണം. അല്ലെങ്കില്‍ ആ സ്ഥാപനത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കും.
അവകാശത്തിന്റെ പേരില്‍ ഒരു വൃക്ഷം മുറിക്കുമ്പോള്‍, ഒരു വൃക്ഷച്ചെടി നട്ട് അതിനെ പരിപാലിച്ച് വളര്‍ത്തിക്കൊണ്ടുവരേണ്ടത് മുറിക്കുന്നവന്റെ കടമയാണ്. പുഴയുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. അവകാശം മാത്രമാക്കി കടമകളെ നാം മറന്നാല്‍ പുഴകളും വൃക്ഷലതാദികളും കൊണ്ട് സുന്ദരമായ ഏതൊരു പ്രദേശവും അധികകാലം നിലനില്‍ക്കില്ല. നാം നമ്മുടെ ശരീരം കൊണ്ട് ജോലികള്‍ ചെയ്യുന്നതുപോലെ എത്ര ജോലികള്‍ നമുക്കുവേണ്ടി നമ്മുടെ ശരീരവും നാം ആവശ്യപ്പെടാതെ ചെയ്യുന്നുണ്ട്. നമ്മുടെ ശരീരത്തെ ശരിയായ പാലിക്കുക എന്നത് നമ്മുടെ കടമകൂടിയാണ്. നാം ഈ കടമ നിറവേറ്റിയില്ലെങ്കില്‍ നമ്മുടെ ശരീരം അധികകാലം നിലനില്‍ക്കില്ല.
പണ്ട് പ്രായമായവരില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന പല ശാരീരിക പ്രശ്നങ്ങളും ഇന്ന് ചെറുപ്പക്കാരിലേക്കും എത്തിത്തുടങ്ങിയിരിക്കുന്നു എന്നത് ഈ പരിപാലനക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.
നാം ചെയ്യുന്ന ഒട്ടനവധി പ്രവൃത്തികള്‍, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവകാശങ്ങളും കടമകളും നമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കാണുവാന്‍ കഴിയും. മാത്രവുമല്ല അവയുടെ സന്തുലിതാവസ്ഥ അത്യാവശ്യമാണെന്നും തിരിച്ചറിയാന്‍ കഴിയും. അവകാശങ്ങള്‍ക്കുവേണ്ടി ഓരോ പ്രാവശ്യം കൈ ഉയര്‍ത്തുമ്പോഴും അതിനു തുല്യമായ കടമകള്‍ നിറവേറ്റിയോ എന്നു കൂടി ആലോചിക്കുക. കടമകള്‍ മറന്ന്, അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാത്രം പ്രധാന്യം നല്കുന്ന സമൂഹത്തിന് അധികകാലം നിലനില്‍പ്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: