ഇസ്ലാമബാദ്: പാകിസ്ഥാന് പാര്‍ലമെന്റിനെ 2020ല്‍ അഭിസംബോധന ചെയ്യവേയാണ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് അല്‍ക്വെയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ടിവി വാര്‍ത്തചാനലിന്റെ റിപ്പോര്‍ട്ടര്‍ ഒസാമ ബിന്‍ലാദനെക്കുറിച്ചുള്ള ഇമ്രാന്‍ഖാന്റെ പ്രസ്താവനയെക്കുറിച്ച് പാക് വിദേശകാര്യ മന്ത്രിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
2001ല്‍ യുഎസില്‍ വിജയകരമായി തീവ്രവാദ ആക്രമണം നടത്തി ട്വിന്‍ ടവര്‍ തകര്‍ക്കുകയും അമേരിക്കന്‍ യാത്രാവിമാനങ്ങള്‍ തകര്‍ക്കുകയും ചെയ്തതോടെയാണ് ഒസാമ ബിന്ലാദന് ആഗോള പ്രശസ്തനായത്. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിന്‍ലാദനെ അമേരിക്കന്‍ പട്ടാളം ഒരു രഹസ്യനീക്കത്തില്‍ കണ്ടെത്തി വധിക്കുകയായിരുന്നു. ബിന്‍ ലാദന്റെ മൃതദേഹം സ്മാരകം പോലും നിര്‍മ്മിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കി പിന്നീട് നടുക്കടലില്‍ ഉപേക്ഷിക്കുകയായിരുന്നു അമേരിക്കന്‍ സേന.
ഒസാമ ബിന്‍ ലാദന് രക്തസാക്ഷിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ കഴിയാതെ പാക് വിദേശകാര്യമന്ത്രി മഹ് മൂദ് ഖുറേഷി അല്പനേരം പരുങ്ങി. പിന്നീടാണ് താന്‍ ഈ ചോദ്യം പ്രതികരിക്കാതെ വിടുകയാണെന്ന് അദ്ദേഹം ചാനല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞത്. അഫ്ഗാനിസ്ഥാനിലെ ടോളോ ടിവി ന്യൂസ് ചാനലിന്റെ പത്രപ്രവര്ത്തകന് ലൊത്ഫുള്ള നജഫിസാദയാണ് ഖുറേഷിയോട് ലോകമാകെ തേടിയിരുന്ന, അമേരിക്ക വന്‍ ഇനാം പ്രഖ്യാപിച്ച തീവ്രവാദിയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞത്.
ഇത് സന്ദര്‍ഭവുമായി ബന്ധമില്ലാത്ത ചോദ്യമെന്ന് പറഞ്ഞ് ആദ്യം ഖുറേഷി ഒഴിഞ്ഞുമാറാന്‍ നോക്കി. അപ്പോള്‍ ലൊത്ഫുള്ള നജഫിസാദ ചോദ്യം ആവര്‍ത്തിച്ചു: ‘ഒസാമ ബിന്‍ ലാദന് രക്തസാക്ഷിയാണോ? താങ്കള്‍ ഇക്കാര്യത്തില്‍ ഇമ്രാന്‍ഖാനുമായി വിയോജിക്കുന്നോ?’. ഉത്തരം പറയാതെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഖുറേഷി ഇങ്ങിനെ പ്രതികരിച്ചത്: ‘ഈ ചോദ്യം ഞാന്‍ പ്രതികരിക്കാതെ വിടുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: