തൃശൂര്‍: സ്വകാര്യ ബസുകള്‍ ഒറ്റ- ഇരട്ടയക്ക രജിസ്ട്രേഷന് നമ്പര്‍ പ്രകാരം സര്‍വീസ് നടത്തണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബസുടമകള്‍. സ്വകാര്യ ബസ് വ്യവസായമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് പുതിയ തീരുമാനം അപ്രായോഗികമാണെന്ന് ബസുടമകള്‍ പറയുന്നു.
ഒറ്റ -ഇരട്ടയക്ക ക്രമീകരണം അനുസരിച്ച് സര്‍വീസ് നടത്തുന്നത് നഷ്ടമാണ്. പുതിയ തീരുമാനമനുസരിച്ച് സ്വകാര്യ ബസ്സുകള്‍ക്ക് എല്ലാദിവസവും എല്ലാ ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ കഴിയില്ല. ഒറ്റ -ഇരട്ടയക്ക പ്രകാരം ഒരു ബസിന് ഒരു മാസത്തില്‍ പത്തോ, പന്ത്രണ്ടോ ദിവസം മാത്രമേ ഓടാന്‍ കഴിയുകയുള്ളൂ. ഈ ദിവസങ്ങളില്‍ ലഭിക്കുന്ന കളക്ഷന്‍ ഒരു മാസത്തില്‍ ഇന്‍ഷുറന്‍സ് അടയ്ക്കുന്ന തുകയുടെ പകുതി പോലും വരില്ല. ജില്ലയില്‍ സര്‍വീസ് നടത്തിയിരുന്ന 1800 സ്വകാര്യ ബസുകളില്‍ ഇപ്പോള്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ ഓടുന്നുള്ളൂ.
നിലവിലെ സാഹചര്യത്തില്‍ നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ ബുദ്ധിമുട്ടാണ്. ബസുടമകളുമായി ചര്‍ച്ച നടത്താതെയുള്ള തീരുമാനം സര്‍ക്കാര്‍ ഉടനെ പിന്‍വലിക്കണം. ഒറ്റ- ഇരട്ടയക്ക നമ്പര്‍ പ്രകാരമുള്ള ക്രമീകരണം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയതായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡണ്ട് എം.എസ് പ്രേംകുമാര്‍ , ജനറല്‍ സെക്രട്ടറി കെ.കെ സേതുമാധവന് എന്നിവര്‍ അറിയിച്ചു.
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണും. തുടര്‍ന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ അസോസിയേഷന് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പുതിയ തീരുമാനമനുസരിച്ച് ഇന്നലെ ഒറ്റയക്ക ബസുകളാണ് സര്‍വീസ് നടത്തിയത്. ജില്ലയില്‍ എല്ലാ റൂട്ടുകളിലുമായി ഇന്നലെ അമ്പതില്‍ താഴെ ബസുകള്‍ മാത്രേമേ ഓടിയുള്ളൂ. ബസുകളില്‍ രാവിലെയും വൈകിട്ടും മാത്രമേ കുറച്ചെങ്കിലും യാത്രക്കാര്‍ ഉണ്ടായതെന്ന് ജീവനക്കാര്‍ പറഞ്ഞു. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്നും നാളെയും ബസുകള്‍ സര്‍വീസ് നടത്താന്‍ അനുവാദം ഇല്ല.
പുതിയ തീരുമാനമനുസരിച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ടയക്ക ബസുകളാണ് സര്‍വീസ് നടത്തേണ്ടത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്നു വരുന്ന 28ന് തിങ്കളാഴ്ചയും ഒറ്റയക്ക നമ്പര്‍ ബസുകള്‍ ഇറങ്ങണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ മാനദണ്ഡപ്രകാരമാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: