കോഴിക്കോട്: കുളമ്പ് രോഗം കന്നുകാലി വളര്ത്തുമേഖലയെ പിടിച്ച് കുലുക്കുമ്പോഴും കൂസലില്ലാതെ ഏജന്റുമാര്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മാരക രോഗങ്ങളുള്ള കന്നുകാലികളേയും ആടുകളേയും എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സജീവം. ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് നടത്തുന്ന പദ്ധതി മുതലെടുത്താണ് ഇടനിലക്കാരുടെ ചൂഷണം.
ക്ഷീരകര്‍ഷകര്‍ക്കുള്ള എംഎസ്ഡിപിപദ്ധതി, ആട് കര്‍ഷകര്‍ക്കുള്ള ആട് സാറ്റ്ലൈറ്റ് പ്രോജക്ട് തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചതോടെയാണ് ഇത്തരം വില്‍പ്പന ശക്തമായത്. എംഎസ്ഡിപി പദ്ധതി വഴി ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പശുകളെ വാങ്ങിയാല്‍ മാത്രമേ സാധിക്കു. ആടുകൃഷി പ്രോത്സാഹിപ്പിക്കാനായി നടത്തുന്ന ഗോട്ട് സാറ്റ്ലൈറ്റ് പദ്ധതി വഴി അഞ്ച് പെണ്ണാടിനെ വാങ്ങാന്‍ 25,000 രൂപ സര്‍ക്കാര്‍ തിരിച്ചടവില്ലാതെ കര്ഷകന് നല്കുന്നു. ഈ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരമില്ലാത്ത പശുക്കളെയും ആടുകളെയും ഇറക്കുന്ന ലോബി സജീവമായിരിക്കുന്നു. പശുക്കള്‍ തമിഴ്നാട്ടില്‍നിന്നാണ് എത്തുക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നാണ് ആടുകളെ സംസ്ഥാനത്തേക്ക് വ്യാപകമായി ഇറക്കുന്നത്.
കേരളത്തില്‍ 10,000 രൂപയില്‍ കുറഞ്ഞ മലബാറി ആടിനെ കിട്ടാനില്ല. ആടുകൃഷിക്ക് സഹായകമായി സര്‍ക്കാര്‍ 25,000 രൂപ നല്‍കുമെങ്കിലും ഈ തുക മതിയാകാത്ത സാഹചര്യമാണ്. ഇതോടെ കുറഞ്ഞവിലയില്‍ ആടുകളെ വാങ്ങാന്‍ കര്‍ഷകര്‍ തയാറാകുന്നു. ഉത്തരേന്ത്യയില്‍നിന്ന് തൃശൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തിക്കുന്ന ആടുകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ എത്തിക്കുന്ന ആടുകള്‍ക്ക് ഒന്നിന് 4000 രൂപയ്ക്ക് വരെ കര്ഷകന് ലഭിക്കുന്നു. കുറഞ്ഞ തുകയ്ക്ക് ഗുണനിലവാരമില്ലാത്ത ആടുകളെ വാങ്ങാന്‍ കര്‍ഷകര്‍ തയാറാകുന്നു. അങ്ങനെ, ഈ പദ്ധതി തുക തട്ടിയെടുക്കുന്ന വലിയ ലോബി തന്നെയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മൃഗഡോക്ടര്‍മാരുടെ പരിശോധനകളില്ലാതെ വ്യാപകമായി മാടുകളെ കേരളത്തിലേക്ക് കടത്തുകയാണ്.
ഇത്തരം ആടുകള്‍ വഴി സംസ്ഥാനത്ത് പിപിആര്‍ വൈറസും ഗോട്ട് പോക്സും പകരുന്നതിന് കാരണമാകാം. രോഗങ്ങള്‍ ആടുകളില്‍ വ്യാപിച്ചാല്‍ ആടുകര്‍ഷകര്‍ക്ക് വില ലഭിക്കാത്ത സാഹചര്യവുമുണ്ടാകും. ഇതുമൂലം സംസ്ഥാനത്തെ തനത് പശു, ആട് ഇനങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇതിനെ മറികടക്കാന്‍ ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: