കൊല്ലം: ഇന്ന് വായന ദിനം കടന്നുപോകുമ്പോള്‍ ജില്ലയുടെ സംസ്കാരിക ലോകത്തിന് വേദന നല്‍കുന്നതാണ് കൊല്ലം പബ്ലിക് ലൈബ്രറി യുടെ ദയനീയത. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍ക്കൊപ്പം കൊല്ലം പബ്ലിക് ലൈബ്രറിയും അടച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടു.
കൃത്യമായി പരിപാലിക്കാത്തതിനാല്‍ അമൂല്യമായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പലതും പൊടിഞ്ഞ് നശിക്കുകയാണ്. പ്രദേശം കാട് കയറിയ നിലയിലായി. എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള വിവരങ്ങളുടെ നിധിയാണ് അന്നും ഇന്നും ലൈബ്രറി. ഒന്നരലക്ഷത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട്. ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് ഇവിടം.
അരലക്ഷത്തിലധികം പേര്‍ക്ക് അംഗത്വമുണ്ട്. പതിനായിരംപേര്‍ സജീവമാണ്. സാമ്പത്തിക സ്വാശ്രയം കൈവരിച്ച് പ്രവര്‍ത്തിക്കുന്ന ലൈബ്രറി മലയാളത്തിനും ചരിത്രപഠനത്തിനുമായി യുജിസി അനുവദിച്ച ഗവേഷണകേന്ദ്രം കൂടിയാണ്. പ്രസിഡന്റും സെക്രട്ടറിയും പത്ത് അംഗങ്ങളുമുള്‍പ്പെട്ടതാണ് ഭരണസമിതി. നിലവിലെ ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയിട്ടും പുതിയ സമിതി നിലവില്‍ വരാത്തതാണ് ലൈബ്രറിക്ക് തിരിച്ചടിയായത്. മാസാമാസം സുരക്ഷാ ജീവനക്കാര്‍ പുസ്തകങ്ങള്‍ പൊടിതട്ടി വൃത്തിയാക്കുന്നുണ്ടെന്നാണ് കാലാവധി പിന്നിട്ട ഭരണസമിതി അംഗങ്ങളുടെ പക്ഷം.
വായനക്കാരെ ഉള്ളില്‍ പ്രവേശിപ്പിക്കാതെ പുസ്തക വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് ലൈബ്രറി ജീവനക്കാര്‍ കളക്ടറെ പല തവണ സമീപിച്ചെങ്കിലും തീരുമാനമായില്ല. ലൈബ്രറിയുടെ ഭരണസമിതി ചെയര്മാന് കളക്ടറാണ്. വൈസ് ചെയര്മാന് മേയറും. ഭരണസമിതിയോ സംവിധാനമോ ഇല്ലാത്ത സാഹചര്യത്തില്‍ ലൈബ്രറി കൗണ്‍സില്‍ മേല്‍നോട്ടത്തില്‍ ലൈബ്രറി സജീവമാക്കാണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കൊല്ലത്തിന്റെ വ്യഥ
പബ്ലിക് ലൈബ്രറി ലക്ഷക്കണക്കിന് അക്ഷരസ്നേഹികളെ വാര്‍ത്തെടുത്ത മഹാപ്രസ്ഥാനം ആണ്. സഹൃദയനും കലാസ്നേഹിയുമായ ഒരു വ്യക്തി സ്ഥാപിച്ച ഈ പ്രസ്ഥാനം ഒരിക്കലും കാട് കയറി നശിച്ചുകൂടാ. ഇവിടെ ഉള്ള ഓരോ പുസ്തകവും അമൂല്യമാണ്. അതെല്ലാം ഭാവി തലമുറക്കും പ്രയോജനം ചെയ്യുന്നതാണ്. ലൈബ്രറിയുടെ അവസ്ഥ കൊല്ലത്തിന്റെ വ്യഥയായി കണ്ട് അടിയന്തരമായി പരിഹാരം കാണണം.
കെ.ബി. വസന്തകുമാര്‍, സാക്ഷരതാ പ്രവര്ത്തകന്, കവി
വേദനാജനകം
മഹനീയമായ ഒരു ചരിത്രം പറയാനുള്ള കൊല്ലം പബ്ലിക് ലൈബ്രറി ഇങ്ങനെ നശിക്കുന്നത് വേദനാജനകം ആണ്. പുതിയ ഭരണ സമിതി വരേണ്ടതാണ്. തിരിഞ്ഞുനോക്കിയാല്‍ ഒരുപാട് മഹാരഥന്മാരെ വളര്‍ത്തിയെടുത്ത സ്ഥാപനം ആണെന്ന് കാണാം. പുസ്തകപ്രേമികള്‍ക്ക് പ്രായ ഭേദമന്യേ തണലേകിയ മഹാവൃക്ഷം.
സന്തോഷ് ആശ്രാമം, ചിത്രകാരന്
ദയനീയമായ അവസ്ഥ
സാംസ്കാരിക രംഗത്ത് കൊല്ലത്തിന്റെ പ്രൗഡിയാണ് ഈ സ്ഥാപനം. അത് തിരിച്ചു പിടിക്കാനും അറിവിന്റെ വ്യാപനത്തിന് ദിശ കാട്ടാനും ഇനിയും സാധിക്കണം. ഇപ്പോള്‍ ദയനീയമായ അവസ്ഥയിലാണ് ഇതെന്നത് സങ്കടകരമാണ്. ലോക്ക്ഡൗണ്‍ വൈഷമ്യങ്ങള്‍ കൂടാതെ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ട് പോകാന്‍ സാധിക്കണം.
മണി. കെ. ചെന്താപൂര്, സാംസ്കാരിക പ്രവര്ത്തകന്, ബാല സാഹിത്യകാരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: