മലയാള കാവ്യലോകത്ത് പാരമ്പര്യത്തിന്റെ കരുത്തും നവീനതയുടെ തെളിച്ചവുമായി നിറഞ്ഞുനിന്ന ഒരു പെരുമാള്‍ ജീവിതത്തില്‍നിന്ന് വിടചൊല്ലിയിരിക്കുന്നു. കവി, ഗാനരചയിതാവ്, നാടകകൃത്ത്, വിവര്ത്തകന്, സംഘാടകന്‍ എന്നീ നിലകളിലൊക്കെയുള്ള കിടയറ്റ സംഭാവനകള്‍കൊണ്ട് മലയാളത്തെ ധന്യമാക്കിയ അക്ഷരസൂര്യനാണ് അസ്തമിച്ചിരിക്കുന്നത്. മഹാകവി അക്കിത്തത്തിന്റെ കാവ്യപൈതൃകത്തെ പിന്‍പറ്റുകയാണെന്ന് അഭിമാനിച്ചപ്പോഴും ഒരൊറ്റ വരിയില്‍പ്പോലും മാറ്റൊലിക്കവിയായി മാറാതെ ഭാരതീയമായ ഭാവുകത്വം ആവഹിച്ച കവിയാണ് എസ്. രമേശന്‍നായര്‍. പ്രാചീന ഭാഷയായ തമിഴിന്റെ തട്ടകങ്ങളിലൊന്നായ കന്യാകുമാരിയില്‍ ജനിച്ച് ആ ഭാഷയുടെ മഹത്വം ആവാഹിക്കുകയും, സംഘകാല കൃതികളിലടക്കം അവഗാഹം നേടുകയും ചെയ്ത ഈ കവി പിന്നീട് മലയാളത്തിന്റെ ജന്മസുകൃതമായി മാറുകയായിരുന്നു. തിരുക്കുറല്‍, ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍ തുടങ്ങി തമിഴ് ക്ലാസിക്കുകളുടെ മലയാള പരിഭാഷ നിര്‍വഹിച്ചതിലൂടെ അംഗീകാരങ്ങള്ക്കുമപ്പുറത്ത് ആദരവിന്റെ അതിവിശിഷ്ടമായ പീഠത്തില്‍ അവരോധിക്കപ്പെട്ട അക്ഷരപുരുഷനാണ് വിടപറഞ്ഞിരിക്കുന്നത്.
കവിയായിരുന്നില്ല, മഹാകവിതന്നെയായിരുന്നു രമേശന്‍നായര്‍. തനിക്ക് ഏറെ പ്രിയപ്പെട്ട അനുഷ്ടുപ്പ് വൃത്തത്തില്‍ എഴുതിയ ഗുരുപൗര്‍ണമി എന്ന ഒരൊറ്റ മഹാകാവ്യം മതി ഈ ബഹുമതിക്ക് അര്‍ഹനാവാന്‍. സ്ത്രീപര്‍വം, ആള്‍രൂപം, വികടവൃത്തം, ശതാഭിഷേകം എന്നിങ്ങനെയുള്ള നാടകങ്ങളിലൂടെ ആക്ഷേപഹാസ്യത്തിന്റെ ചാട്ടവാറടികൊണ്ട് സമൂഹത്തെ നേര്‍വഴി നടത്താന്‍ ശ്രമിച്ച സാമൂഹിക പരിഷ്കര്‍ത്താവുകൂടിയായിരുന്നു ഈ കവി. സമകാലീന രാഷ്ട്രീയത്തെയും, അതിലെ ചില കപടബിംബങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുന്ന ശതാഭിഷേകം എന്ന ഒറ്റ നാടകം ഉയര്‍ത്തിയ അലകള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ട്. പറയേണ്ട കാര്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും പറയാനുള്ള ധീരത കവികളില്‍ അപൂര്‍വം പേരില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. രമേശന്‍നായരില്‍ അത് വേണ്ടുവോളമുണ്ടായിരുന്നു. എഴുത്തുകാരനായതിനാല്‍ എല്ലാവരുടെയും സഹകരണവും അംഗീകാരവും വേണമെന്നുള്ളതുകൊണ്ട് നയപരമായി മാത്രം പ്രതികരിച്ച ആളുമായിരുന്നില്ല. എനിക്കും ഹിന്ദുവാകണം എന്ന ചെറുപുസ്തകത്തിലൂടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കൊള്ളേണ്ടവര്‍ക്കെല്ലാം കൊണ്ടു. ചില കഷ്ടനഷ്ടങ്ങളൊക്കെ ഇതിലൂടെ നേരിടേണ്ടിവന്നുവെങ്കിലും അതൊന്നും കൂസാതെ പിന്നെയും മുന്നോട്ടുപോയി. ജന്മപുരാണം എന്ന കവിതയിലൂടെ രമേശന്‍നായര്‍ മുന്നോട്ടുവച്ച ദര്‍ശനം അന്നും ഇന്നും പ്രസക്തമാണ്.
കവിതയുടെ ദാര്‍ശനിക മേഖലകളില്‍ വിഹരിക്കുമ്പോഴും ചലച്ചിത്രഗാനരചയിതാവെന്ന നിലയില്‍ ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയെടുത്തയാളായിരുന്നു രമേശന്‍നായര്‍. ചന്ദനം മണക്കുന്ന പൂന്തോട്ടം…, പൂമുഖവാതില്ക്കല് സ്നേഹം വിടര്‍ത്തുന്ന.. എന്നു തുടങ്ങുന്ന ഗാനങ്ങള്‍ മലയാളികളുടെ മനസ്സിന്റെ വാതിലുകളില്‍ എന്നും മുട്ടിവിളിച്ചുകൊണ്ടിരിക്കും. അനിയത്തിപ്രാവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നിങ്ങനെയുള്ള ചിത്രങ്ങളിലെ പ്രണയാതുരമായ ഗാനങ്ങളില്‍ നിറയുന്നതും സാന്ദ്രമായ അനുഭൂതികളാണ്. കൃഷ്ണഭക്തി നിറഞ്ഞൊഴുകുന്ന എണ്ണമറ്റ ഭക്തിഗാനങ്ങളാണ് ഈ കവിയുടെ മനസ്സില്‍നിന്ന് ഉറന്നൊഴുകിയത്. കൃഷ്ണഭക്തിയുടെ കാര്യത്തില്‍ പെയ്തൊഴിയാത്ത സ്വാതിമേഘമായിരുന്നു ആ മനസ്സ്. തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനായി പതിറ്റാണ്ടുകള്‍ സംഘടനയെ നയിക്കുകയും, സാംസ്കാരിക ജീവിതത്തിന്റെ ഒത്തനടുവില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന അവസാന നാളുകളിലും തപസ്യ മുന്നോട്ടുപോകണമെന്നുതന്നെ ആഗ്രഹിച്ചു. ജന്മഭൂമിയുടെ അഭ്യുദയകാംക്ഷി എന്നതിനപ്പുറം അതിന്റെ പുരോഗതിക്കുവേണ്ടി തീവ്രമായി ആഗ്രഹിച്ചയാള്‍ കൂടിയായിരുന്നു രമേശന്‍നായര്‍. പത്രഃദുഖം എന്ന പേരില്‍ എഴുതിയ പംക്തി വായനക്കാര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. മലയാള ഭാഷയുടെ കുലപതികളിലൊന്നായി പരിഗണിക്കാവുന്ന മഹാകവിക്ക് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: