തിരുവനന്തപുരം: ഊരിപ്പിടിച്ച കത്തിയുടേയും വടിവാളിന്റേയും ഇടയിലൂടെ നടന്നാണ് ഇതുവരെ എത്തിയത് എന്നവകാശപ്പെട്ട്് ബ്രണ്ണന്‍ കോളെജിലെ പഠന കാലത്തെ പിണറായി വിജയന്റെ ധീരകഥകള്‍ അദ്ദേഹം തന്നെ പ്രസംഗിച്ചത് സൈബര്‍ സഖാക്കള്‍ ഏറെ വാഴ്ത്തിയതും പ്രചരിപ്പിച്ചതുമാണ്. എന്നാല്‍, ബ്രണ്ണന്‍ കോളേജ് പഠനകാലത്ത് കെഎസ് യുക്കാരില്‍ നിന്ന് നിരവധി തവണ അടിവാങ്ങി പിണറായി ഓടിയ കഥയാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറയാനുള്ളത്. കെ സുധാകരന് മലയാള മനോരമ ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍-
താന്‍ പഠിക്കുന്ന കാലത്ത് ബ്രണ്ണന്‍ കോളേജ് കെഎസ് യുവിന്റെ കോട്ട ആയിരുന്നു. അന്ന് എസ്എഫ്ഐക്ക് ആകെ കിട്ടിയത് 35 വോട്ടായിരുന്നു എന്നൊക്കെ സുധാകരന് അഭിമുഖത്തില്‍ പറയുന്നുണ്ട് അന്ന് എകെ ബാലന് ആയിരുന്നു കോളേജിലെ എസ്എഫ്ഐ നേതാവ്. ബാലന്റെ നേതൃത്വത്തില്‍ സമരം ചെയ്യാന്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ തന്റെ നേതൃത്വത്തില്‍ തല്ലിയോടിച്ചു എന്നാണ് കെ സുധാകരന്റെ വീരസ്യം.
കെ സുധാകരന് ബ്രണ്ണന്‍ കോളേജില്‍ പഠിക്കാനെത്തുമ്പോഴേക്കും പിണറായി വിജയന് കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നു. ചില പേപ്പറുകള്‍ കിട്ടാനുണ്ടായിരുന്നു എന്നാണ് സുധാകരന് പറയുന്നത്. അതിന്റെ പരീക്ഷ എഴുതാന്‍ പിണറായി വിജയന് എത്തിയ സമയത്തായിരുന്നത്രെ അടിപിടി്. എകെ ബാലനേയും എസ്എഫഐ പ്രവര്‍ത്തകരേയും മര്‍ദ്ദിച്ച കാര്യം അറിഞ്ഞ്, അവരേയും കൂട്ടി പിണറായി വിജയന് എത്തി. എന്നിട്ട് സുധാകരനോട് ചോദിച്ചത്രെ- ‘നീയാരാടാ ധാരാസിംഗോ?’ എന്ന്. അക്കാലത്ത് ഗുസ്തിയില്‍ ലോകചാമ്പ്യനായ ധാരാസിംഗ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുന്ന കാലമാണ്. അതുകൊണ്ടായിരിക്കും അത്തരം ഒരു ചോദ്യം ഉണ്ടായത്.
കെഎസ്യുക്കാരുടെ ആവേശത്തില്‍ താന്‍ അന്ന് പിണറായി വിജയന് ഒറ്റച്ചവിട്ടുകൊടുത്തു എന്നാണ് സുധാകരന് അഭിമുഖത്തില്‍ അവകാശപ്പെടുന്നത്. ഒറ്റച്ചവിട്ടിന് പിണറായി വിജയന് താഴെ വീണു. പിന്നെ ‘തന്റെ പിള്ളേര്’ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി എന്നും അകാശപ്പെടുന്നുണ്ട് സുധാകരന്. ഒടുവില്‍ പിണറായി വിജയനെ അവിടെ നിന്ന് എടുത്തുകൊണ്ടുപോയത് പോലീസ് വണ്ടി എത്തിയിട്ടാണെന്നും സുധാകരന് പറയുന്നുണ്ട്. അന്ന് അങ്ങനെ ചെയ്യാനുള്ളതിനുള്ള കാരണവും പറയുന്നുണ്ട് സുധാകരന്. അദ്ദേഹം അന്ന് കളരിയൊക്കെ പഠിക്കുന്ന കാലം ആയിരുന്നത്രെ. മാത്രമല്ല, കെഎസ് യുവിന്റെ പ്രതാപകാലവും.
ബ്രണ്ണന്‍ കോളേജിലെ മറ്റൊരു സംഭവവും പറയുന്നുണ്ട് സുധാകരന്. അരയില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന കെഎസ് യു പ്രവര്ത്തകന് ഫ്രാന്‍സിസിനേയും പിണറായി വിജയനേയും കുറിച്ചാണത്. എസ്എഫ്ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരു സമരം നടന്നു. പ്രതിഷേധ സമരത്തില്‍ പ്രസംഗിക്കുന്ന പിണറായി വിജയന്, ഫ്രാന്‍സിസിന്റെ അരയിലെ കത്തിയെ കുറിച്ച് പറഞ്ഞത്രെ. ഊരിപ്പിടിച്ച കത്തിയുമായി ഫ്രാന്‍സിസ് സ്റ്റേജിലേക്ക് ചാടിക്കയറുകയും പിണറായി വിജയനെ അടിക്കാന്‍ ആയുകയും ചെയ്തു. മാറിയതുകൊണ്ട് മാത്രമാണ് പിണറായി രക്ഷപ്പെട്ടത് എന്നും സുധാകരന് പറയുന്നു. മാത്രമല്ല, ഫ്രാന്‍സിസിന്റെ സ്റ്റേജില്‍ കയറിയുള്ള അടിയ്ക്ക് പിറകെ താനും കെഎസ് യു പ്രവര്‍ത്തകരും ചേര്‍ന്ന് പിണറായി വിജയനേയും എസ്എഫ്ഐ പ്രവര്‍ത്തകരേയും തല്ലിയോടിച്ചു എന്നും കൂടി പറയുന്നുണ്ട് കെ സുധാകരന്. എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്നവരെ വീണ്ടും തല്ലിയോടിച്ച കാര്യമാണ് സുധാകരന് പറയുന്നത് എന്നത് കൂടി ശ്രദ്ധിക്കണം. അതൊന്നും പുതുമയല്ലെന്ന് ഇതിനെല്ലാം ഒരു ന്യായീകരണം കൂടി പറയുന്നു പുതിയ കെപിസിസി പ്രസിഡന്റ്. അന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അടിക്കലും തിരിച്ചടിയ്ക്കലും ഒന്നും ഒരു പുതുമയുള്ള കാര്യമല്ലെന്നാണ് ന്യായം. പിണറായി വിജയനും താനുമൊക്കെ കണ്ണൂര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് അങ്ങനെ ആണെന്നും സുധാകരന് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: