പിണറായി സര്‍ക്കാരിന്റെ മദ്യനയം മാറ്റമില്ലാതെ തുടരുകയാണ്. പ്രളയ ദുരിതകാലത്തും, കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതിനിടയിലും മദ്യ വിതരണം നടക്കാത്തതില്‍ ആശങ്കപ്പെടുകയാണല്ലോ ഒന്നാം പിണറായി സര്‍ക്കാര്‍ ചെയ്തത്. ഇപ്പോഴിതാ ലോക്ഡൗണ്‍ ഇളവുകള്‍ക്കൊപ്പം മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനും തുടങ്ങിയിരിക്കുന്നു. ആവശ്യക്കാര്‍ക്ക് ആപ്പുവഴി മദ്യം വിതരണം ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് അത് മാറ്റി മദ്യശാലകളില്‍നിന്ന് നേരിട്ട് വാങ്ങാന്‍ അനുവദിക്കുകയായിരുന്നു. രോഗവ്യാപന നിരക്ക് കുറഞ്ഞ ഇടങ്ങളിലാണ് മദ്യശാലകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതെന്ന് പറയുന്നുണ്ടെങ്കിലും മറ്റിടങ്ങളില്‍നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ എത്തുന്നത് തടയാനാവില്ല. നീണ്ട ഇടവേളക്കുശേഷം ഇന്നലെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ളവരോ, അങ്ങനെയൊരു മാനസികാവസ്ഥയുള്ളവരോ ആയിരിക്കില്ല മദ്യശാലകള്‍ക്കു മുന്നില്‍ തിക്കിത്തിരക്കുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 35 കോടിയിലേറെ രൂപ പിഴ അടയ്ക്കപ്പെട്ട നാടാണ് കേരളമെന്ന് ഓര്‍ക്കണം.
എന്തെങ്കിലും ഒരു നിവൃത്തിയുണ്ടെങ്കില്‍ ജനങ്ങളെ മദ്യം കുടിപ്പിച്ചിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയാണ് പിണറായി സര്‍ക്കാരിനെ നയിക്കുന്നത്. മദ്യശാലകളിലിരുന്ന് മദ്യപിക്കാന്‍ അനുവദിച്ചിട്ടില്ല എന്ന ന്യായം പറയുമായിരിക്കും. എന്നാല്‍ വാങ്ങിച്ചുകൊണ്ടുപോയി മദ്യം കഴിക്കുന്നവര്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ എങ്ങനെ പാലിക്കും? മദ്യലഹരിയിലാവുന്ന എത്ര പേര് ശരിയായി മാസ്ക് ധരിക്കും? ആര്‍ക്കും മനസ്സിലാക്കാവുന്ന ഇത്തരം അപകട സാധ്യതകളെക്കുറിച്ചൊന്നും ചിന്തിക്കാതിരുന്ന സര്‍ക്കാര്‍ രോഗപ്രതിരോധത്തിന് അര്‍ഹിക്കുന്ന ഗൗരവം കൊടുക്കുന്നില്ല എന്നതാണ് സത്യം. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് അവിടങ്ങളിലൊക്കെ മദ്യം എത്തിക്കാന്‍ വെമ്പുന്ന ഈ സര്‍ക്കാരാണല്ലോ അടുത്തിടെ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയത്. ലക്ഷദ്വീപിലെ വിനോദ സഞ്ചാരികള്‍ക്കായി രണ്ട് റസ്റ്ററന്റുകളില്‍ മദ്യവിതരണത്തിന് അനുമതി നല്കുന്നതിലായിരുന്നുവല്ലോ പ്രതിഷേധം. ഇത് ലക്ഷദ്വീപിലെ ജനങ്ങളെ മദ്യപാനത്തിലേക്ക് നയിക്കുമത്രേ. ലക്ഷദ്വീപിലുള്ളവര്‍ക്ക് ഹാനികരമായ ഒരു കാര്യം കേരളത്തിലുള്ളവര്‍ക്ക് അനുവദിക്കുന്നത് എന്തുകൊണ്ടാണ്? മദ്യത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു വിവേചനം എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യദ്രോഹപരമായി പെരുമാറുന്ന ഐഷ സുല്‍ത്താനയുടെ രക്ഷയ്ക്കെത്തുന്ന സിപിഎമ്മും പാര്‍ട്ടിയുടെ മന്ത്രിമാരും മദ്യപാനം നരകതുല്യമാക്കുന്ന കേരളത്തിലെ വീട്ടമ്മമാരുടെ ജീവിതം കാണാതെ പോകുന്നു.
മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ ആരാധനാലയങ്ങളില്‍ ദര്‍ശനം അനുവദിക്കാത്തത് വല്ലാത്തൊരു വൈരുദ്ധ്യമാണ്. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളില്‍ ദര്‍ശനം അനുവദിക്കാന്‍ സമയമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി പ്രതികരിച്ചത്. മദ്യശാലകളിലേതുപോലെ കൊവിഡ് വ്യാപനത്തിനുള്ള സാധ്യത ക്ഷേത്രങ്ങളിലില്ല. അപൂര്‍വം മഹാക്ഷേത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഉത്സവങ്ങള്‍ക്കുള്ള തിരക്കൊന്നും ദര്‍ശനത്തിന് ഉണ്ടാവില്ല. ഒരേസമയം ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്താവുന്നതുമാണ്. ആരാധനാലയങ്ങളിലെത്തുന്നവരുടെ ശ്രദ്ധയും വൃത്തിയും ഒരു പരിധിവരെ രോഗവ്യാപനത്തെ തടയുകയും ചെയ്യും. എന്നിട്ടും ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇളവുകള്‍ അനുവദിക്കാത്തത് സര്‍ക്കാരിനെ നയിക്കുന്നവരുടെ വിരുദ്ധ മനഃസ്ഥിതിയെയാണ് കാണിക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തിന്റെ ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ക്ഷേത്രങ്ങളോട് മാത്രം കാണിച്ച വിവേചനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജനങ്ങളോട് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പറയുകയും, പാര്‍ട്ടി പരിപാടികള്‍ക്ക് അത് ബാധകമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരില്‍നിന്ന് സത്യസന്ധവും നീതിപൂര്‍വകവുമായ സമീപനം പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും. പിണറായിയുടെ പ്രസിഡന്‍ഷ്യല്‍ മോഡല്‍ ഭരണത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: