കൊച്ചി: രാജ്യദ്രോഹക്കേസില്‍ സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. ചോദ്യം ചെയ്യലിനു ഹാജരാകുന്ന ഐഷയെ ഒരാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും അറസ്റ്റ് ആവശ്യമെങ്കില്‍ കോടതിയെ അറിയിക്കാനും അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള് ജാമ്യം അനുവദിക്കണമെന്നും കോടതി. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പിന്നീട് പറയും.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടെന്നും ഐഷ സുല്‍ത്താന ഹൈക്കോടതിയെ അറിയിച്ചു. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവുകള്‍ തന്റെ കേസിലും പരിഗണിക്കണം. രാജ്യത്തിന് എതിരായല്ല, ഭരണകൂടത്തിനെതിരായ വിര്‍ശനമാണ് താന്‍ നടത്തിയതെന്നും ഐഷ. അതിനാല്‍ സുപ്രീം കോടതി ഉത്തരവുകള്‍ പരിഗണിച്ച് തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കണമെന്ന് ഐഷയുടെ അഭിഭാഷകന് പി.വിജയഭാനു വാദിച്ചു. എന്നാല്‍, വിനോദ് ദുവ കേസിലെ കേസിലെ സുപ്രീം കോടതി വിധി ഈ കേസില്‍ ബാധകമല്ലെന്നും ഐഷ നടത്തിയത് വിമര്‍ശനമല്ല, വിദ്വേഷ പ്രചാരണമാണെന്നും ലക്ഷദ്വീപ് പോലീസ് കോടതിയെ ബോധിപ്പിച്ചു. അറസ്റ്റ് എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരമെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിനായി എസ്. മനു ആണ് ഹൈക്കോടതിയില്‍ ഹാജരായത്. ഐഷയുടെ ചാനല്‍ ചര്‍ച്ചകളുടെ ക്ലിപ്പിങ്ങുകളും അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു. ഐഷയുടെ ഇടപെടലിനു ശേഷമാണ് ദ്വീപിലെ സമരങ്ങളുടെ സ്വഭാവം മാറിയതെന്നും അതു ഗുരുതരമാണെന്നും മനു വാദിച്ചു. ബയോവെപ്പണ്‍ എന്ന പ്രയോഗം ഗുരുതരമെന്ന് മാധ്യമപ്രവര്ത്തകന് സൂചിപ്പിച്ചപ്പോള്‍ അതു തെളിയിക്കാനുള്ള തെളിവുകള്‍ ഉണ്ടെന്നാണ് ഐഷ പറഞ്ഞത്. കോവിഡിനെ ചൈന ഉപയോഗിച്ചതു പോലെയാണ് ദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ ജൈവായുധമായി ഉപയോഗിച്ചതെന്ന് ആരോപണം അതീവ ഗുരുതരമാണ്. ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ മനസില്‍ പോലും വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശമാണ് ഐഷ നടത്തിയത്.
ഐഷാ സുല്‍ത്താനയോട് ഈ മാസം 20ന് കവരത്തി സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാനാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടീസാണ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്ക്ക് നല്‍കിയതെങ്കിലും കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ഐഷ സുല്‍ത്താന ഹര്‍ജിയില്‍ പറയുന്നത്. മീഡിയവണ്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ ആയിഷ സുല്‍ത്താന, ‘കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചു’ എന്ന പരാമര്‍ശം നടത്തിയിരുന്നു. കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന ഐഷ സുല്‍ത്താനയുടെ പരാമര്‍ശത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിലും പരാതി നല്‍കിയിരുന്നു. മറ്റിങ്ങളിലും യുവമോര്‍ച്ച നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
ലക്ഷദ്വീപിലെ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ പരാതി പോകുകയും കോടതി അത് തള്ളുകയുംചെയ്ത സാഹചര്യത്തില്‍ അറിഞ്ഞു വെച്ചു കൊണ്ട് ഐഷ നടത്തിയ പരാമര്‍ശം മത- സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതും നീതിന്യായ വ്യവസ്ഥയെയും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ലക്ഷ്യം വെച്ചിട്ടുള്ളതുമാണെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇത്തരം പ്രസ്താവനകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യുവമോര്‍ച്ച പരാതിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: