കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് വിമാനകമ്പനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുന്നത്. സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്പനികളാണെന്നാണ് കസ്റ്റംസ് വിശദീകരണം. കോണ്‍സല്‍ ജനറല്‍, സ്വപ്ന, ശിവശങ്കര്‍ ഉള്‍പ്പടെ 52 പേര്‍ക്ക് കൂടി കസ്റ്റംസ് നോട്ടീസ് നല്‍കും.
കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കസ്റ്റംസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതിനുള്ള അനുമതി ചോദിക്കുകയും അത് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് അയയ്ക്കുവാനുള്ള നടപടികളിലേക്ക് കസ്റ്റംസ് കടന്നത്.
നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. കോണ്‍സല്‍ ജനറലിന്റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നത്. വിമാനത്താവളത്തില്‍ വരുമ്പോള്‍ ഇവ ഡിപ്ലോമാറ്റിക് കാര്‍ഗോയാണെന്ന് പറഞ്ഞിരുന്നില്ല. കോണ്‍സല്‍ ജനറലിന്റെ കത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കാര്‍ഗോകളെ നയതന്ത്ര കാര്‍ഗോകളാക്കി വിമാന കമ്പനികള്‍ മാറ്റുകയായിരുന്നു.
ആറാംതവണ സ്വര്‍ണം കടത്തിയ സമയത്ത് വിദേശത്ത് നിന്ന് ഈ കാര്‍ഗോ പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസ് അടക്കമുളള ഏജന്‍സികളോട് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം സ്വര്‍ണം കൊണ്ടുവന്നയാള്‍ക്ക് വിമാനകമ്പനികള്‍ ഇത് തിരികെ നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: