ന്യൂദല്‍ഹി: കോവിഡ് രോഗം ഭേദമായ രോഗിയുടെ ശ്വാസകോശത്തില്‍ ഗ്രീന്‍ ഫംഗസ് രോഗം കണ്ടെത്തി.
മധ്യപ്രദേശിലെ ഇന്‍ഡോറിലെ 34 കാരനായ ഒരു യുവാവിലാണ് രോഗം കണ്ടെത്തിയത്. ഗ്രീന്‍ഫംഗസാണെന്ന് സ്ഥിരീകരിച്ചയുടന്‍ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തില്‍ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ എത്തിച്ചു. കോവിഡ് രോഗം ഭേദമായ ഇയാളെ ബ്ലാക് ഫംഗസ് ആണെന്ന് കരുതിയാണ് പരിശോധനയ്ക്ക് വിധേയമായത്. എന്നാല്‍ പരിശോധനയില്‍ ഗ്രീന്‍ ഫംഗസാണെന്ന് സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ ഇത് ആദ്യത്തെ ഗ്രീന്‍ ഫംഗസ് കേസാണ്. ഇതോടെ കോവിഡ് രോഗം ഭേദമായവരില്‍ കണ്ടുവരുന്ന രോഗങ്ങളുടെ പട്ടികയില്‍ ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്ക് പുറമെ ഗ്രീന്‍ ഫംഗസും ഇടം പിടിച്ചു.
‘കോവിഡ് ബാധിച്ച് ഇന്‍ഡോറിലെ അരബിന്ദോ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസമായി ചികിത്സയിലായിരുന്നു യുവാവ്. പിന്നീട് അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ 90 ശതമാനവും രോഗബാധയുണ്ടെന്ന് കണ്ടെത്തി. പരിശോധനകളില്‍ അത് ഗ്രീന്‍ ഫംഗസാണെന്ന് തെളിഞ്ഞു. ബ്ലാക് ഫംഗസില്‍ നിന്നും വ്യത്യസ്തമാണ് ഗ്രീന്‍ ഫംഗസ്. രാജ്യത്തെ ആദ്യ ഗ്രീന്‍ ഫംഗസ് കേസാണിത്,’- ഇന്‍ഡോര്‍ ആരോഗ്യവകുപ്പിലെ ജില്ലാ ഡേറ്റ മാനേജര്‍ അപൂര്‍വ്വ തിവാരി പറഞ്ഞു.
കടുത്ത പനിയും മൂക്കില്‍ നിന്നുള്ള രക്തസ്രാവവുമാണ് ഗ്രീന്‍ഫംഗസിന്റെ രോഗ ലക്ഷണങ്ങള്‍. ആസ്പെര്‍ഗില്ലോസിസ് എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. കോവിഡ് രോഗം ഭേദമായതിന് ശേഷമാണ് ഇയാളില്‍ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയത്. രോഗി ശരീരഭാരം കുറഞ്ഞതിനെത്തുടര്‍ന്ന് വല്ലാതെ ക്ഷീണിച്ചുവെന്നും ഇദ്ദേഹത്തെ ചികിത്സിച്ച അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ ഡോ. രവി ദോസി പറഞ്ഞു.
‘അതേ സമയം ഇതേ ആശുപത്രിയില്‍ വൈറ്റ് ഫംഗസ് ബാധിച്ച ഒരു യുവതി സുഖം പ്രാപിച്ചു. യുവതിയുടെ തലച്ചോറിനെ ബാധിച്ച വൈറ്റ് ഫംഗസ് മാറ്റുകയായിരുന്നു. ഇപ്പോള്‍ യുവതി തികച്ചും ആരോഗ്യവതിയാണ്. ‘യുവതിയെ തലവേദനയെത്തുടര്‍ന്നാണ് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറില്‍ വലിയ തോതില്‍ ഫംഗസ് ബാധിച്ചതായി കണ്ടെത്തി. 8.2സെന്റിമീറ്റര്‍ 4.6 സെന്റിമീറ്റര്‍ 4 സെന്റിമീറ്റര്‍ വലുപ്പത്തിലായിരുന്നു വൈറ്റ് ഫംഗസ്. ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ വൈറ്റ് ഫംഗസാണിത്. ഈ യുവതിയ്ക്കും കോവിഡാനന്തരമാണ് വൈറ്റ് ഫംഗസ് ബാധയുണ്ടായത്,’ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: