കോട്ടയം: ആരാധനാലയങ്ങളില്‍ യഥാവിധി നടക്കേണ്ട ദൈനംദിനചടങ്ങുകളോടൊപ്പം നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്തുന്നതിന് ആവശ്യമായ അനുമതി നല്‍കാനുള്ള പുനര്‍ചിന്തനം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട് വിശ്വാസികളുടെ അവകാശത്തെ പൂര്‍ണ്ണമായും ഹനിക്കുന്നതാണെന്നും ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ചിരിക്കുകയാണ്. പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ താഴെയുള്ളതാണ് എ വിഭാഗം, എട്ടിനും 20നും ഇടയിലുള്ളതാണ് ബി വിഭാഗം, 20 ന് മുകളിലുള്ളത് സി വിഭാഗവും 30 ന് മുകളിലുള്ളത് ഡി വിഭാഗവുമാണ്.
എ വിഭാഗത്തില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് ഉള്‍പ്പെടെയുള്ള എല്ലാകടകളും തുറക്കാന്‍ അനുമതിയുണ്ട്. ബി വിഭാഗത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കാം. സി വിഭാഗത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി ഉള്ളപ്പോള്‍ ചെരുപ്പ്, സ്റ്റേഷനറി, തുണിത്തരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ച ദിവസം തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ മേഖലകളില്‍പെടുന്ന ആരാധനാലയങ്ങള്‍ ഒന്നുംതന്നെ തുറക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: