ന്യൂദല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍(എംഎസ്എംഇകള്‍) രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചു. ഇനിമുതല്‍ രജിസ്‌ട്രേഷനായി പാനും ആധാറും നല്‍കിയാല്‍ മതി. കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെയും ചുമതലയുളള മന്ത്രി നിധിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എംഇസ്ട്രീറ്റ് ഗെയിംചെയ്‌ഞ്ചേഴ്‌സ് ഫോറം സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്തായിരുന്നു എംഎസ്എംഇകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാനും ആധാറും മാത്രം മതിയെന്ന് മന്ത്രി അറിയിച്ചത്.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ എംഎസ്എംഇ യൂണിറ്റ് മുന്‍ഗണനയും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംരംഭകത്വ മേഖലയിലും അനുബന്ധമായും ചെറിയ യൂണിറ്റുകള്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എംഎസ്എംഇ മന്ത്രാലയത്തിന്റെ പൂര്‍ണ പിന്തുണ അറിയിച്ച അദ്ദേഹം ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നു സഹായം ലഭിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
സംരഭകത്വം വളര്‍ത്തിയും തൊഴിലവരസങ്ങള്‍ സൃഷ്ടിച്ചും സാമ്പത്തിക, സമൂഹിക വികസനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നതായി എംഎസ്എംഇകളുടെ പ്രധാന്യം ചൂണ്ടിക്കാട്ടി ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: