പാനൂര്‍: വാഴമല, നരിക്കോട് മലനിരകളില്‍ കരിങ്കല്‍ ക്വാറികള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. ആശങ്കയോടെ പൊയിലൂര്‍ നിവാസികള്‍. പൊയിലൂര്‍ മേഖലയിലെ ജനങ്ങള്‍ ഭീതിയോടെയാണ് ദിവസങ്ങള്‍ തളളിനീക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജനങ്ങള്‍ കൂടുതല്‍ ഭയവിഹ്വലരായിരിക്കുകയാണ്. മഴ കനത്താല്‍ ഏതുനിമിഷവും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വാഴമല, നരിക്കോട് മലനിരകളില്‍ നിരവധി കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. മല തുരന്നുളള ക്വാറികളുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടല്‍ ഭീഷണിക്ക് കാരണമായിരിക്കുന്നത്. പൊയിലൂരിലെ കരിയാരിച്ചാല്‍ ക്വാറിക്കെതിരെ പ്രദേശവാസികള്‍ 100 ദിവസമായി സമരം നടത്തിവരികയാണ്. ക്വാറി ഉടമകളുടെ മല തുരന്നുള്ള പ്രവര്‍ത്തനം തടയുവാനോ നിയന്ത്രിക്കുവാനോ അധികൃതര്‍ തയ്യാറാവാത്തത് ക്വാറി മാഫിയകള്‍ക്ക് തണലാവുകയാണ്.
കഴിഞ്ഞ ദിവസം പൊയിലൂര്‍ മുത്തപ്പന് മടപ്പുര മുകളില്‍ കുഴിക്കല്‍ മലയിലെ ക്വാറിയില്‍ കരിങ്കല്ലും മണ്ണും ഇടിഞ്ഞുവീണ് യുവാവിന് പരിക്കേറ്റിരുന്നു. യന്ത്രം കല്ലുകളാല്‍ മൂടപ്പെടുകയുണ്ടായി. മണ്ണും കല്ലും കുത്തിയൊഴുകി മുമ്പുണ്ടായിരുന്ന തോട് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അവിടെയുള്ള പഴയ നീര്‍ച്ചാലിന്റെ ഗതിമാറ്റിയായിരുന്നു ക്വാറി പ്രവര്‍ത്തനം നടത്തിയിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഉരുള്‍പൊട്ടിയ അതേ സ്ഥലത്തുതന്നെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടല്‍ നടന്നപ്പോള്‍ പൊയിലൂര്‍ മേഖലയില്‍ വന്‍തോതില്‍ കൃഷിനാശം സംഭവിച്ചിരുന്നു. സേവ് വാഴമല, നരിക്കോട് മല എന്ന മുദ്രാവാക്യവുമായി ചില സംഘടനകള്‍ പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശ്ശേരി സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പാനൂരിലെ പനോളി തറവാട്ടിലെ കെട്ടിലമ്മ ആദിവാസികള്‍ക്ക് പതിച്ചു നല്കിയതായിരുന്നു ഈ മലനിരകള്‍. ഈ മലനിരകളിലെ 2000 ഏക്കര്‍ ഭൂമി പോത്തന് ജോസഫ് എന്ന വ്യക്തി വിലക്ക് വാങ്ങുകയുണ്ടായി. തുടര്‍ന്ന് മലനിരകളിലെ മരങ്ങള്‍ വന്‍തോതില്‍ വെട്ടിമാറ്റപ്പെടുകയും ചെയ്തു. അതിനുശേഷം വേറെ ചിലര്‍ പ്രദേശത്തെ 50, 100 ഏക്കര്‍ ഭൂമികള്‍ വിലക്കുവാങ്ങിത്തുടങ്ങി. ഭൂമി വാങ്ങിയ ആളുകള്‍ വേലികള്‍ കെട്ടി. ആദിവാസികള്‍ വേലിക്കിടയില്‍പ്പെട്ടു. തിരുവിതാംകൂറില്‍ നിന്ന് വന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളും ഭൂമി വാങ്ങിത്തുടങ്ങി. ഇതിനിടയില്‍ ആദിവാസികളുടെ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഭൂമി വാങ്ങിയവര്‍ക്ക് പട്ടയം ലഭിച്ചു. ഇതോടെയാണ് ക്വാറികളുടെ പ്രവര്‍ത്തനവും ആരംഭിച്ചത്.
പ്രദേശത്ത് നിരവധി പദ്ധതികള്‍ അനുവദിക്കപ്പെട്ടെങ്കിലും ഒന്നും തന്നെ നടപ്പിലാക്കിയില്ല. മുന്‍ മന്ത്രി ജയലക്ഷ്മി വികസനത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. ഒരു പ്രവര്‍ത്തനവും നടന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ക്വാറി മാഫിയ പണമൊഴുക്കി തടയുകയായിരുന്നു. അവികസിതമായ പ്രദേശത്ത് വികസനമെത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാവണമെന്ന ആവശ്യം ശക്തമാണ്. നല്ല റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കേണ്ടതുണ്ട്. ഹൈസ്കൂള്‍, കോളേജ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വേണം. പ്രദേശത്തേക്ക് ബസ് റൂട്ട് അനുവദിക്കണം. പൊയിലൂരില്‍ നിന്നും ചെറുവാഞ്ചേരി നിന്നും വാഴമല, നരിക്കോട് മല ഭാഗങ്ങളിലേക്ക് നല്ല റോഡുകള്‍ നിര്‍മിക്കണം എന്നീ ആവശ്യങ്ങള്‍ നിലനില്‍ക്കുകയാണ്.
ദുരന്തനിവാരണ അതോറിറ്റി ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള പ്രദേശമാണ് ഇവിടുത്തെ മലമടക്കുകളെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് പ്രദേശത്ത് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി നിര്‍ത്തി വെപ്പിക്കണമെന്നും ആദിവാസികള്‍ക്ക് അവര്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്കാന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുപയോഗിച്ചാണ് മാഫിയകള്‍ ക്വാറികള്‍ നടത്തിവരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ക്വാറി പ്രവര്‍ത്തനം നിര്‍ത്തലാക്കിയില്ലെങ്കില്‍ പൊയിലൂര്‍ പ്രദേശം ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന ആശങ്കയിലാണ് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: