ന്യൂദല്‍ഹി: ജറുസലേമിലെ അല്‍ അഖ്സ മോസ്ക്കില്‍ സൈനിക നടപടിയുണ്ടായതില്‍ പങ്കാളിയായിരുന്ന ഇസ്രയേലി സൈനിക പിന്നീട് പശ്ചാത്തപിയ്ക്കുകയും ഇസ്ലാമായി പരിവര്‍ത്തനപ്പെടുകയും ചെയ്തു എന്ന വാര്‍ത്ത വ്യാജം. മതം മാറ്റം കഥ ഇന്ത്യയില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ അത് വെറും വ്യാജ പ്രചരണമായിരുന്നു എന്നാണ് ഇന്ത്യാ ടുഡെ കണ്ടെത്തിയിരിയ്ക്കുന്നത്.
ആഴ്ചകളോളം നീണ്ട സംഘര്‍ഷത്തിനു ശേഷം പാലസ്തീന് ഇപ്പോള്‍ താരതമ്യേന ശാന്തമാണ്. എന്നാല്‍ അല്‍ അഖ്സ മോസ്ക്കില്‍ നടന്ന സംഘട്ടനവും അതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് പരിക്കേറ്റതും ഇപ്പോഴും ഒരു വൈകാരിക വിഷയമായി തുടരുന്നു. ജറുസലേമിലെ അല്‍ അഖ്സ മോസ്ക്കിന് മുസ്ലീങ്ങള്‍ വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്.
യൂണിഫോം ധാരിയായ ഒരു വനിതയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അല്‍ അഖ്സയില്‍ വിശ്വാസികളുടെ നേരെ നടന്ന സൈനിക നടപടിയില്‍ പങ്കെടുത്ത പട്ടാളക്കാരിയാണ് അവരെന്നാണ് അടിക്കുറിപ്പ്. പിന്നീട് തന്റെ തെറ്റ് തിരിച്ചറിഞ്ഞ ഇവര്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അവകാശപ്പെടുന്നു.
‘ബ്രേക്കിങ് ന്യൂസ് : തന്റെ കൂട്ടാളികളോട് ചേര്‍ന്ന് ഈ സൈനിക അല്‍ അഖ്സ മോസ്ക്കില്‍ വിശ്വാസികളെ ആക്രമിച്ചു. ഇന്ന്, ഈ ധീര വനിത ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിരിയ്ക്കുന്നു. പലസ്തീനില്‍ ഇത് ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. അല്ഹം ദുലില്ലാഹ് ! ഇസ്ലാം വിജയിക്കട്ടെ !’ ഇങ്ങനെയാണ് സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ ഹിന്ദിയിലുള്ള കുറിപ്പ്.
ഇതേത്തുടര്‍ന്ന് വ്യാജ വാര്‍ത്തകളെ പറ്റി അന്വേഷിയ്ക്കുന്ന ഇന്ത്യാ ടുഡേയുടെ സംഘം, ഇസ്രയേലി പ്രതിരോധ സേനാ ആസ്ഥാനത്തേക്ക് മെയില്‍ അയച്ച് അന്വേഷണം നടത്തുകയുണ്ടായി. ചിത്രത്തില്‍ കാണുന്ന വനിത തങ്ങളുടെ ഉദ്യോഗസ്ഥ തന്നെയാണെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു. അതേസമയം അവരുടെ മതംമാറ്റ വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ കാണുന്ന വനിത, ഞങ്ങളുടെ 595 ബറ്റാലിയനില്‍ പ്രവര്‍ത്തിയ്ക്കുന്ന ഫീല്‍ഡ് ഒബ്സര്‍വര്‍ സര്‍ജന്റ് ആദി അസുലൈ ആണ്. അവര്‍ ഇപ്പോഴും ജൂതമത വിശ്വാസിയാണെന്ന് മാത്രവുമല്ല, അല്‍ അഖ്സ മോസ്ക്കിലെ സംഘര്‍ഷത്തില്‍ അവര്‍ പങ്കെടുത്തിട്ടുമില്ല. ഐഡിഎഫ് പ്രതിനിധി അറിയിച്ചു.
പലസ്തീനിലെ ട്രെന്റിങ് വര്‍ത്തയാണെന്ന് ഇന്ത്യയിലും മറ്റും പ്രചരിച്ചെങ്കിലും, പലസ്തീനികളുടെ ഭാഷയായ അറബിയിലോ, ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയായ ഹീബ്രുവിലോ ഇത്തരം ഒരു റിപ്പോര്‍ട്ട് വന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇതൊരു വ്യാജ പ്രചരണമാണെന്ന് ഫാക്ട് ചെക്ക് അന്വേഷണത്തില്‍ വ്യക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: