കോഴിക്കോട്: ക്ലബ് ഹൗസ് ആപ്പ് സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്. ആന്‍ഡ്രോയിഡില്‍ ലഭ്യമായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിനു പേരാണ് ക്ലബ് ഹൗസ് സ്വന്തമാക്കിയത്. പ്രായഭേദമന്യേ ആളുകള്‍ ഈ ആപ്പ് ഉപയോഗിച്ച് സന്ദേശം കൈമാറുന്നു. എല്ലാ ആപ്പുകളെയും പോലെ തന്നെ ഗുണങ്ങള്‍ ഒത്തിരി ഉണ്ടെങ്കിലും ദോഷങ്ങളുമുണ്ട്. ഈ ആപ്പിന്റെ ദോഷങ്ങള്‍ പറഞ്ഞറിയിക്കുന്ന നിരവധി സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ നിറഞ്ഞു കഴിഞ്ഞു. ഒന്നോ രണ്ടോ ആളുകള്‍ മുതല്‍ 5000 പേര് വരെ പങ്കെടുക്കുന്ന ചര്‍ച്ചാ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന അടച്ചിട്ട മുറികളാണ് ഈ ആപ്പ് നല്‍കുന്നത്. ശബ്ദം കൊണ്ട് മാത്രം ആശയ സംവാദം നടത്തുന്ന ലൈവ് പ്ലാറ്റ്ഫോമാണിത്.
രസകരവും തമാശ നിറഞ്ഞതുമായ ചര്‍ച്ചകള്‍ മുതല്‍ വിജ്ഞാനപ്രദവും കാര്യഗൗരവമുള്ളതായ ചര്‍ച്ചകള്‍ വരെ ഇത്തരം അടച്ചിട്ട ചാറ്റ് റൂമില്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇതിനിടയില്‍ കൗമാരപ്രായക്കാരായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വഴി തെറ്റിക്കുന്ന ചാറ്റ്റൂമുകളും ക്ലബ് ഹൗസിലുണ്ട്. കൗമാരക്കാരായ കുട്ടികളെ തന്ത്രപൂര്‍വം ഇതിലേക്ക് ആകര്‍ഷിച്ച് സംസാരിച്ചും പ്രലോഭിപ്പിച്ചും സൗഹൃദം ഉണ്ടാക്കിയെടുക്കും.
പിന്നീട് ഫോണ്‍ നമ്പറും അഡ്രസും മനസിലാക്കി ഇവരെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്കും വാട്സ്ആപ്പിലേക്കും കൊണ്ടുവന്ന് അവരുടെ സ്വകാര്യതകള്‍ പങ്കുവയ്ക്കുന്നു. ഇത് നേരിട്ടുള്ള കണ്ടുമുട്ടലിലേക്ക് കടക്കുകയും തങ്ങളുടെ ഇംഗിതത്തിന് വിധേയരാക്കുകയും ചെയ്യുന്നു. തങ്ങള്‍ ചതിയില്‍ കുടുങ്ങിയെന്ന് മനസിലാക്കുമ്പോഴേക്കും തിരിച്ചുവരാനാകാത്ത തരത്തില്‍ കുരുക്കു മുറുകിയിരിക്കും. വ്യാജ പ്രൊ
ഫൈല്‍ ഉണ്ടാക്കിയാണ് പലരേയും ഇത്തരം ചതിക്കുഴികളില്‍ വീഴ്ത്തുന്നത്. തീവ്രവാദ സംഘടനകളും സെക്സ് റാക്കറ്റുകളും വിധ്വംസക പ്രവര്‍ത്തനത്തിനും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താനും ഇത്തരം മീഡിയകള്‍ ഉപയോഗിക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. ചില പ്രൊപ്പോസല്‍ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ മനസിലാക്കി പിന്നീട് അതുപയോഗിച്ച് വലയൊരുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്.
ചെറുക്ലാസ് മുതലുള്ള കുട്ടികള്‍ പഠന കാര്യത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ യഥേഷ്ടം ഉപയോഗിക്കുന്നു. ഇവര്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്നതായി സൈബര്‍ പോലീസും സാക്ഷ്യപ്പെടുത്തുന്നു. സ്കൂള്‍ കുട്ടികള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു പലതും അവസാനം വന്അപകടത്തിലാണ് ചെന്നെത്തുന്നത്.
പ്രണയം നടിച്ചു ചതിക്കുഴികളില്‍ വീഴ്ത്താന്‍ ഒട്ടേറെപ്പേരാണു സോഷ്യല്‍ മീഡിയയില്‍ വലവിരിച്ചു കാത്തിരിക്കുന്നത്. ക്ലബ് ഹൗസിന്റെ ചതിക്കുഴികളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സാമൂഹ്യ സംഘടനകളും പോലീസും നല്‍കിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ സൈബര്‍ ചതികളെ സംബന്ധിച്ച ബോധവല്‍ക്കരണം ശക്തമാക്കിയാല്‍ കുട്ടികളെ ഇത്തരം ചതിക്കുഴികളില്‍പ്പെടാതെ നേര്‍വഴി നടത്താനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: