തിരുവനന്തപുരം: പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഭീകരവാദ ബന്ധം അന്വേഷിക്കും. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിന് തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്, നാല് ഡിറ്റനേറ്റര്‍ ബാറ്ററികള്‍, മുറിഞ്ഞ വയറുകള്‍ എന്നിവ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഇവര്‍ പത്തനാപുരം പോലീസിനെ വിവരമറിയിച്ചു. പുനലൂര്‍ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെയും പത്തനാപുരം സ്റ്റേഷന് ഓഫീസര്‍ സുരേഷ് കുമാറിന്റെയും നേതൃത്ത്വത്തിലുള്ള പോലീസ് സന്നാഹം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലത്ത് നിന്നും എത്തിയ ബോംബ് സ്ക്വാഡ് കണ്ടെടുത്ത സ്ഫോടക വസ്തുക്കള്‍ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. ഡോഗ് സ്ക്വാഡും എത്തിയിരുന്നു.
അതേസമയം, ഈ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉള്ളത് കണ്ടെത്താന്‍ കേരള പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളില്‍ ഭീകരവാദബന്ധമുള്ള ആള്ക്കാര് എത്തിയിരുന്നുവെന്ന വിവരം തമിഴ്നാട് ക്യൂബ്രാഞ്ചാണ് കേരള പോലീസിനെ അറിയിച്ചത്.
കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. രണ്ട് മാസം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബോംബ് കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പോലീസും ചൊവ്വാഴ്ച സംയുക്തമായി പരിശോധന നടത്തും.
കൊല്ലം-പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ പാടത്ത് ആയുധ പരിശീലനം നടന്നുവന്നിരുന്നതാണ് സൂചന. ആറു മാസം മുന്‍പ് ഉത്തര്‍പ്രദേശില്‍ പിടിയിലായ രണ്ട് മലയാളികള്‍ പാടത്ത് നിന്നും ആയുധപരിശീലനം നേടിയിരുന്നതായി യുപി പോലീസിന് മൊഴി നല്‍കിയിരുന്നു. പലപ്പോഴായി ഇരുന്നൂറോളം പേര് ഇവിടെ നിന്നും പരിശീലനം നേടിയതായും വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തിന് നടുവിലുള്ള മൈതാനം പോലെയുള്ള ഭാഗത്താണ് പരിശീലനം നല്‍കിയിരുന്നതെന്നും ഇവരുടെ മൊഴിയില്‍ സൂചിപ്പിക്കുന്നുണ്ട്.
ഇതേ തുടര്‍ന്ന് എന്‍ഐഎയും, കേരളാ പോലീസിന്റെ സ്പെഷല്‍ ബ്രാഞ്ച്, തമിഴ്നാട് ക്യൂ ബ്രാഞ്ച് അടക്കമുള്ളവര്‍ രഹസ്യമായ പരിശോധന നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അന്വേഷണം തുടര്‍ന്നുവന്നിരുന്നു. വനംവകുപ്പധികൃതരോട് ഉള്‍പ്പെടെ പ്രദേശവാസികളും ഇത്തരത്തില്‍ ആയുധപരിശോധനയും, റിക്രൂട്ട്മെന്റും നടന്നുവരുന്നതായ സൂചനകള്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് ഇവിടെ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
വനമേഖല ആയതിനാല്‍ തന്നെ അധികം ആളുകളുടെയും ശ്രദ്ധ പതിയാത്തതും, ജനവാസം കുറഞ്ഞ മേഖലയായതിനാലും ഇത്തരക്കാരുടെ ഇഷ്ടമേഖലയായി ഇവിടം മാറിയിട്ടുണ്ട്. പതിനൊന്ന് വര്‍ഷം മുന്‍പും ഈ മേഖലയില്‍ നിരോധിത സംഘടനയുടെ നേതൃത്വത്തില്‍ ആയുധപരിശീലനം നല്‍കിയിരുന്നതായി പരാതി ഉയരുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ച് ആയുധപരിശീലനവും, നിര്‍മ്മാണവും, റിക്രൂട്ട്മെന്റും നടക്കുന്നുവെന്നത് പ്രദേശവാസികളിലും ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: