കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ കോര്പ്പറേഷന് അധികൃതരുടെ അനാസ്ഥ കാരണം മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേക്കാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് സംസ്കരിച്ച മൃതദേഹങ്ങളുടെ ചിതാഭസ്മവും അസ്ഥികളും സമീപത്തെ ബീച്ചിലെ മാലിന്യങ്ങളോടൊപ്പം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത് നിക്ഷേപിച്ച കോര്പ്പറേഷന് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മറ്റി കോര്പ്പറേഷന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുണ്യമായ ചിതാഭസ്മത്തോട് കടുത്ത അനാദരവാണ് അധികൃതര്‍ കാണിച്ചത്. ഏതാനും നാളുകള്‍ക്ക് മുമ്പ് സിപിഎം നിയന്ത്രണത്തിലുളള ഐആര്‍പിസി പ്രവര്‍ത്തകര്‍ സംസ്ക്കാരം നടത്തുകയും സാമ്പത്തിക ലാഭത്തിന് വേണ്ടി പണം പിരിവ് നടത്തുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ബിജെപിയും പൊതുജനങ്ങളും കോര്പ്പറേഷന് അധികൃതരോടാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ക്കാരം കോര്പ്പറേഷന് നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ സംസ്ക്കാരവുമായി ബന്ധപ്പെട്ട് വീണ്ടും പരാതികള്‍ ഉയരുകയാണ്.
പയ്യാമ്പലത്തെ മൃതദേഹങ്ങള്‍ സംസ്കരിച്ച കുഴികളിലെ ചിതാഭസ്മമടക്കമുളള വസ്തുക്കള്‍ ജെസിബി ഉപയോഗിച്ച് കോരിമാറ്റി മാലിന്യങ്ങളോടൊപ്പം നിക്ഷേപിച്ചത് കോര്പ്പറേഷന് നടപടി വിശ്വാസികളോടുളള വെല്ലുവിളിയാണ്. പുണ്യനദികളിലും മറ്റും നിമജ്ജനം ചെയ്യേണ്ട അസ്തിയും ചിതാഭസ്മവും യാതാരു മാനദണ്ഡവുമില്ലാതെ വിശ്വാസികളെ വെല്ലുവിളിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യുകയാണ്. ഇത്തരത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കടലില്‍ തള്ളിയത് മൃതദേഹങ്ങളോടുള്ള അനാദരവാണെന്നും ഇത്തരം പ്രവര്‍ത്തി ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ മണ്ഡലം അദ്ധ്യക്ഷന്‍ രതീഷ് കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ അമല്‍, വിപിന്‍ദാസ്, ലതീഷ്, സുര്‍ജിത് റാം, വി. വിവേക്, ജിജു വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: