തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള ചരട് വലി അവസാനിച്ചതും കോണ്‍ഗ്രസില്‍ മറ്റൊരു പോര്‍മുഖത്തിന് വഴി തുറക്കുകയാണ്. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഗ്രൂപ്പിന് പുറത്തുള്ളവര്‍ തട്ടികൊണ്ട് പോയതോടെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിനായാണ് ഇപ്പോള്‍ ചരട് വലി ആരംഭിച്ചിരിക്കുന്നത്. കെ. സുധാകരന് ബുധനാഴ്ച കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതോടെ കണ്‍വീനര്‍ സ്ഥാനത്തിനായുള്ള ചര്‍ച്ച സജീവമാകും. അതേസമയം, കണ്‍വീനര്‍ സ്ഥാനത്തിനായി ഹൈക്കമാന്‍ഡ് ആരെക്കണ്ട് വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പാര്‍ട്ടിയെ ഗ്രൂപ്പ് നേതാക്കളുടെ നിലനില്‍പ്പും. സ്ഥാനമാനങ്ങള്‍ ലഭിക്കാതായതോടെ ഇപ്പോള്‍ തന്നെ ഗ്രൂപ്പ് നേതാക്കളുടെ നിലനില്‍പ്പ് ത്രിശങ്കുവിലായി.
വര്‍ക്കിങ് പ്രസിഡന്റുമാരായി പി.ടി. തോമസും, കൊടിക്കുന്നില്‍ സുരേഷും, ടി. സിദ്ദിഖും ബുധനാഴ്ച്ച ചുമതലയേല്‍ക്കുന്നതിനാല്‍ ഇവരാരും കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടില്ല. എം.എം. ഹസന് കണ്‍വീനറായി തുടരാനുള്ള ആലോചനയുണ്ട്. എന്നാല്‍ സമ്പൂര്‍ണ പുനഃസംഘടനയാകുമ്പോള് പുതിയ ഒരാള്‍ വരുന്നതാണ് മെച്ചമെന്ന അഭിപ്രായമാണ് ഹൈക്കമാന്‍ഡിന്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ. മുരളീധരന്, കെ.വി. തോമസ്, എം.കെ. രാഘവന് തുടങ്ങിയവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ ഉയരുന്നത്.
ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന എംഎല്‍എയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് സ്വന്തം പേര് നിര്‍ദേശിച്ചെങ്കിലും തലമുറമാറ്റം എന്ന സമവാക്യത്തില്‍ കാര്യങ്ങള്‍ താറുമാറായി. അതേസമയം കെ. മുരളീധരന് ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉള്‍പ്പെടെ മുരളീധരന്റെ പേര് പരിഗണിക്കപ്പെട്ടതുമായിരുന്നു. നേമത്ത് മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പ്രതികൂലമാകും. സോണിയ ഗാന്ധിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കെ.വി. തോമസിനെ അത്രപെട്ടന്ന് ആര്‍ക്കും തള്ളി കളയാനാകില്ല. എന്നാല്‍ തിരുവഞ്ചൂരിനാണ് നിലവില്‍ മുന്‍തൂക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: