തിരുവനന്തപുരം: അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് നടത്തേണ്ട വൈദ്യപരിശോധന സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ പോലീസും ജയില്‍ വകുപ്പും. ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാകില്ലെന്ന നിലപാടിലാണ് പോലീസും ജയില്‍ വകുപ്പും.
ഇടുക്കി രാജ്കുമാര് കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് പ്രതികള്‍ക്ക് നടത്തേണ്ട പരിശോധനകളെക്കുറിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. പോലീസ് കസ്റ്റഡിയില്‍ നിന്നും കൊണ്ടുവരുന്ന പ്രതികളെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രാഥമിക പരിശോധനയക്ക് വിധേയമാക്കണം, ആന്തരിക പരിക്കുകള്‍ കണ്ടെത്താന്‍ അടിവയറിന്റെ അള്‍ട്രാ സൗണ്ട് സ്കാന്‍, വൃക്ക സംബന്ധമായ പ്രൊഫൈല്‍, സിപികെ, യൂറിന്‍ മയോഗ്ലോബിന്‍, സിആര്‍പി മുതലായ ടെസ്റ്റുകള്‍ നടത്തുന്നുവെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഉറപ്പ് വരുത്തണം തുടങ്ങിയവ ആയിരുന്നു നിര്‍ദേശങ്ങള്‍. ഇതനുസരിച്ച് ജൂണ്‍ നാലിന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ഈ പരിശോധനകള്‍ അപ്രായോഗികം ആണെന്നാണ് പോലീസും ജയില്‍ വകുപ്പും ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഐജി ഹര്‍ഷിത അട്ടല്ലൂരി കത്ത് നല്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം പരിശോധന നടത്തി ഫലം വരുമ്പോഴോക്കും പ്രതികളെ അനധികൃത കസ്റ്റഡിയില്‍ വെയ്ക്കേണ്ട സാഹചര്യത്തിലെത്തുമെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പല പരിശോധനകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമില്ല. ചിലയിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പോലും സൗകര്യമില്ല. പലപ്പോഴും വന്‍കിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഫലം ലഭിക്കാന്‍ ഒരു ദിവസം വേണം. ഈ സമയം മുഴുവന്‍ റിമാന്‍ഡ് പ്രതികളെ അനധികൃത കസ്റ്റഡിയില്‍ വെയ്ക്കേണ്ടി വരുന്നു. അല്ലെങ്കില്‍ പ്രതികളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത് പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ജയില്‍ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ ജയിലില്‍ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്ന് കാര്യത്തില്‍ വ്യക്തത വേണമെന്നാണ് ആവശ്യം. ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവിക്കും ജയില്‍മേധാവി കത്തുനല്‍കി. വൈദ്യപരിശോധനയില്‍ ഇളവുകള്‍ വന്നില്ലെങ്കില്‍ അറസ്റ്റിലാകുന്ന പ്രതികളുമായി നെട്ടോട്ടമോടേണ്ടിവരുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: