കോട്ടയം: കുട്ടനാട്, അപ്പര്‍ കുട്ടനാട് പാടശേഖരങ്ങളില്‍ നിന്നും സപ്ലൈകോ മുഖേന മില്ലുടമകള്‍ സംഭരിച്ച നെല്ലിന് വില ഉടന്‍ നല്‍കണമെന്ന് കുട്ടനാട് സംയുക്ത സമിതി. സംഭരിച്ച നെല്ലിന് 300 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.
കൊവിഡ് കാലത്തും ബാങ്ക് വായ്പയിലും സ്വര്‍ണ്ണ പണയത്തിലും പണം സ്വരൂപിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ജപ്തി നടപടികള്‍ ആരംഭിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ ലേലം ചെയ്യുമെന്നും കര്‍ഷകര്‍ക്ക് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും അറിയിപ്പുകള് നല്‍കിക്കഴിഞ്ഞു. കൃത്യസമയത്ത് നെല്ല് ലഭിക്കാത്തതിനാല്‍ രണ്ടാം കൃഷിയും വൈകുകയാണ്. ഈ സാഹചര്യത്തില്‍ നെല്ല് വില ഉടന്‍ വിതരണം ചെയ്യണമെന്ന് കുട്ടനാട് സമിതി ആവശ്യപ്പെട്ടു.
ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ കുട്ടനാട് സംയുക്ത സമിതി വൈസ്ചെയര്‍മാന്‍ കെ.എം. പൂവ് അദ്ധ്യക്ഷനായി. സമിതി ചെയര്മാന് കെ. ഗുപ്തന് ഉദ്ഘാടനം നിര്‍വഹിച്ചു. കണ്‍വീനര്‍ ഡോ. കെ.ടി. റെജികുമാര്‍, വൈസ് ചെയര്മാന്മാരായ വൈക്കം പുഷ്ക്കരന്‍ മാസ്റ്റര്‍, എന്‍. കെ. കുമാരന്, ജോയിന്റ് കണ്‍വീനര്‍ പി.സി. ബേബി, കെ.കെ. മണിലാല്‍, പ്രവീണ്‍.കെ. മോഹന്‍, കെ.കെ. രവി തുടങ്ങിയവര്‍ പങ്കെടുത്തു.
നെല്ല് സംഭരിച്ചിട്ട് വില നല്‍കാത്ത സപ്ലൈകോയുടെ നടപടിക്കെതിരെ കുമരകത്തെ ബിജെപി ഗ്രാമപഞ്ചായത്തംഗങ്ങള്‍ കഴിഞ്ഞ ദിവസം ആലപ്പുഴ പാടി മാര്‍ക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചിരുന്നു. ആലപ്പുഴ മങ്കൊമ്പിലുള്ള പാടി മാര്‍ക്കറ്റിംഗ് ഓഫീസാണ് ഉപരോധിച്ചത്. 20നകം തുക നല്‍കുമെന്നാണ് അധികൃതര്‍ നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: