തിരുവനന്തപുരം: മരംകൊള്ള കേസില്‍ വിവാദ പരാമര്‍ശവുമായി റവന്യൂ മന്ത്രി കെ രാജന്. വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമാണ് ഉളളതെന്ന് അദേഹം പരാമര്‍ശിച്ചു. റവന്യൂവകുപ്പിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. സദുദ്ദേശപരമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് പുറപ്പെടുവിച്ച ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണ് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വിഷയത്തെ സംബന്ധിച്ച് ഒരു അവ്യക്തത നിലനില്‍ക്കുന്നുണ്ട്, അതിന് പരിഹാരമായാണ് ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആലോചിച്ച് കൂട്ടായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
കേസുകളില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണസംഘം വരുന്നതോടെ വനം വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമാകുമെന്നാണ് ഉയരുന്ന ആരോപണം. ഉന്നതതല സംഘത്തിന്റെ ചുമതല ശ്രീജിത്തിന് നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായി സംശയമുള്ള സാഹചര്യത്തില്‍ വിശദ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവും. സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. വനം, വിജിലന്‍സ് വകുപ്പുകളെ പ്രതിനിധീകരിച്ച് സംഘത്തിന് നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥരെ അതത് വകുപ്പ് മേധാവികള്‍ തീരുമാനിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവില്‍ പറയുന്നു.
ഇതിനിടെ, സംസ്ഥാനത്തുടനീളം നടന്ന മരംമുറി സംബന്ധിച്ച് അഞ്ച് ഡിഎഫ്ഒമാരുടെ നേത്യത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. റവന്യു വകുപ്പുണ്ടാക്കിയ കുരുക്കില്‍ അറിയാതെ ചെന്നുപെട്ട സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ കുടുക്കുന്ന സമീപനം ഈ സംഘത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, വനം വകുപ്പിലെ സാധാരണ ഉദ്യോഗസ്ഥരെ കുടുക്കി ഉന്നതരെ രക്ഷിക്കുന്ന അന്വേഷണമാണ് സര്‍ക്കാരിനു വേണ്ടത്.
റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാസുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രമാവും നടക്കുക. ഇതില്‍ റിസര്‍വ് മരങ്ങള്‍ മുറിച്ചു കടത്തിയിട്ടുണ്ടെങ്കില്‍ പാസ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാവും. എന്നാല്‍, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങി പല ജില്ലകളില്‍ നിന്നും മരം മുറിച്ചു കടത്താന്‍ പാസിനായി നല്കിയ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചതിനാല്‍ അവര്‍ കുടുങ്ങാനിടയില്ല. തൃശൂര്‍ ഡിവിഷനി
ല്‍ മച്ചാട് മാത്രമാണ് കൂടുതല്‍ പാസുകള്‍ നല്‍കിയത്. പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളില്‍ നിന്ന് വിരലിലെണ്ണാവുന്ന പാസുകളാണ് നല്‍കിയത്. പാസുകള്‍ നല്‍കുന്നതിലെ അപകടം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ മരം മുറിച്ചു കൊണ്ടു പോകാന്‍ കണ്ണടയ്ക്കുകയായിരുന്നു. നിങ്ങള്‍ ഇവിടെ അപേക്ഷ തന്നിട്ടുമില്ല, ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടുമില്ല എന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ എടുത്തത്. ഈ സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുറിച്ചുകടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: