ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഐഎസില്‍ ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തിയ മലയാളി യുവതികളെ വച്ച് രാഷ്ട്രീയക്കളി നടത്താന്‍ മാധ്യമങ്ങളും ഒരു വിഭാഗവും ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായാണ് ഇവര്‍ക്കു വേണ്ടി സഹതാപമുയര്ത്താനുള്ള ശ്രമം.
ഐസില്‍ ചേര്‍ന്ന മലയാളികളായ നാലു യുവതികളുടെയും ഭര്ത്താക്കന്മാര് വിവിധ ആക്രമങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ ഇപ്പോള്‍ അഫ്ഗാന് ജയിലിലാണ്. ഇവര്‍ നാലു പേരും ഇപ്പോഴും ഐഎസ് ആശയങ്ങളുമായി കഴിയുകയാണ്. മനംമാറിയിട്ടില്ല. ഇവര്‍ തീവ്രമായി മാറിയിട്ടുണ്ടെന്നാണ് (ഹൈലി റാഡിക്കലൈസ്ഡ്) രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. അതിനാല്‍ ഇവര്‍ ഏതു രാജ്യത്താണോ ഉള്ളത്, അവിടത്തെ നിയമമനുസരിച്ച് വിചാരണ നേരിടട്ടെ എന്ന സുചിന്തിതമായ നിലപാടിലാലണ് കേന്ദ്രം. എന്നാല്‍, ഈ നിലപാട് ക്രൂരമാണെന്ന മട്ടിലാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചാരണം തുടങ്ങിയിരിക്കുന്നത്. ഇവരെ മടക്കിക്കൊണ്ടുവരണമെന്ന് പ്രചാരണം നടത്തി, കേന്ദ്രത്തിനെതിരെയുള്ള നീക്കമാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്.
തീവ്രവാദത്തില്‍ തന്നെ; മാതൃക ഫ്രാന്‍സ്
ഇവരെ മടക്കിക്കൊണ്ടുവരാനാണ് ആദ്യം കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ആലോചിച്ചിരുന്നത്. എന്നാല്‍, ഇവരുമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംസാരിച്ചതോടെ ഇവര്‍ തീവ്രവാദം വെടിഞ്ഞിട്ടില്ലെന്ന് മനസിലായി. ഇവര്‍ അങ്ങേയറ്റം സ്വാധീനിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, ഫ്രാന്‍സിന്റെ മാതൃക സ്വീകരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
അഫ്ഗാന് നിയമ പ്രകാരം അവരെ വിചാരണ ചെയ്യട്ടെ എന്ന നിലപാടിലാണ്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഇവര്‍ക്ക് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2017ലാണ് 21 പേര് ഐഎസില്‍ ചേരാന്‍ പോയതോടെ എന്‍ഐഎ കേസ് എടുത്തത്. ഇറാന് വഴിയാണ് 2016ല്‍ ഇവര്‍ അഫ്ഗാനില്‍ എത്തിയത്.
ക്ഷയിച്ചു; പക്ഷെ ഭയക്കണം
ഐഎസിന്റെ അഫ്ഗാനിലെ ഖൊറോസാന്‍ യൂണിറ്റ് ക്ഷയിച്ചുവെന്നാണ് യുഎന്‍ രക്ഷാ സമിതി വിലയിരുത്തല്‍. എന്നാല്‍, 2020 ജൂണില്‍ ഷഹാബ് അല്‍മുജാഹിര്‍ എന്ന ഭീകരന് അതിന്റെ നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. അതോടെ അത് വീണ്ടും കരുത്താര്ജിച്ചേക്കാമെന്ന് അഫ്ഗാന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: