കൊച്ചി: കോണ്‍ഗ്രസ് നേതാവ് ജിതിന് പ്രസാദ ബിജെപിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ ലേഖനത്തിലെ പരാമര്‍ശത്തിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.
അഭിഭാഷക സമൂഹത്തിനായി അഡ്വ.ജെ.എസ്. അജിത്്കുമാറാണ് നോട്ടീസ് അയച്ചത്. പരമാര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജിതിന് പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന്റെ തൊട്ടുപിന്നാലെ ശശി തരൂര്‍ ഒരു മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അഭിഭാഷക സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്ന പരമാര്‍ശം ഉണ്ടായത്. ധാര്‍മ്മികതയില്ലാത്ത തൊഴിലാണ് അഭിഭാഷകരുടേതെന്ന് ധ്വനി ജനിപ്പിക്കുന്ന പരാമര്‍ശമാണ് ലേഖനത്തിലുള്ളത്.
ഭാരതീയ അഭിഭാഷക പരിഷത്ത് ശശി തരൂര്‍ എംപിക്കെതിരെ പ്രമേയം പാസാക്കി. ജുഡീഷ്യറിയെ അവഹേളിക്കുന്ന തരത്തിലാണ് തരൂര്‍ അഭിഭാഷകരെക്കുറിച്ച് പരമാര്ശിച്ചിരിക്കുന്നത്. തീര്‍ത്തും അവഹേളനപരവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പരമാര്‍ശം തരൂര്‍ പിന്‍വലിക്കണമെന്നും രേഖാമൂലം മാപ്പുപറണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തരൂരിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. അഭിഭാഷക പരിഷത്തിന്റെ ഹൈക്കോടതി യൂണിറ്റാണ്് പ്രമേയം അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: