ശ്രീനാരായണീയരിലെ വലിയൊരു വിഭാഗം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരമെന്ന അവകാശം ലഭിക്കുമെന്ന ധാരണയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ചേക്കേറിയത് 1957ല്‍ ഏലങ്കുളത്തു മനയ്ക്കല്‍ ശങ്കരന് നമ്പൂതിരിപ്പാടിന് കേരള മുഖ്യമന്ത്രിയാകാന്‍ ഇടവരുത്തി. ഇഎംഎസ്സിനെ താഴെയിറക്കാന്‍ ശ്രീനാരായണീയരില്‍ നിന്നു തന്നെ മറുപക്ഷം കണ്ടെത്തിയ ശക്തി സ്രോതസ്സായിരുന്നു ആര്. ശങ്കര്‍. വിമോചന സമരം; കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്തായി.
1962ലെ തിരഞ്ഞെടുപ്പിലൂടെ ശങ്കറിന്റെ കോണ്‍ഗ്രസ്സ് അധികാരം തിരിച്ചു പിടിച്ചു. എന്നിട്ടെന്താ കാര്യം? തല്ലുകൊണ്ടത് ചെണ്ടയും കാശു വാങ്ങിയത് മാരാരും! മുന്നണിയിലെ ഭൂരിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സ് നേതാവ് ആര് ശങ്കറല്ല ചെറു ന്യൂനപക്ഷകക്ഷിയായ പിഎസ്സ് പിയുടെ പട്ടം താണുപിള്ളയാണ് മുഖ്യമന്ത്രിയായത്! മുറിവേറ്റ ശങ്കര്‍ പാര്‍ട്ടിക്കുള്ളില്‍ പോരാട്ടം തുടര്‍ന്നു. പട്ടം പഞ്ചാബിലേക്ക് ഗവര്‍ണറായി പോയി. ശങ്കറിന് അര്‍ഹിക്കുന്ന മുഖ്യമന്ത്രിപദം ലഭിച്ചു. പക്ഷേ പാളയത്തില്‍ തന്നെ യഥാര്‍ത്ഥ പട തുടങ്ങുകയായിരുന്നു.
മന്നവും ശങ്കറും ചേര്‍ന്ന് രൂപം നല്കിയ ഹിന്ദുമഹാ മണ്ഡലത്തെ തകര്‍ത്തതിനും ശബരിമലയ്ക്ക് തീവെച്ചതിനും പിന്നിലുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള വര്‍ഗീയതയുടെ ശക്തികളുടെ കുതന്ത്രങ്ങളുടെ കുത്തൊഴുക്കാണ് പിന്നീടു കണ്ടത്. ഉള്‍പാര്‍ട്ടി പോരാട്ടങ്ങളില്‍, ശങ്കര്‍ വിരുദ്ധരുടെ നേതാവായി മാറിയ പി.ടി. ചാക്കോയുടെ നിര്യാണത്തോടെ വിമതര്‍ പുറത്തു പോയി കേരളാ കോണ്‍ഗ്രസ്സ് ഉണ്ടാക്കുന്നിടം വരെയെത്തി കോണ്‍ഗ്രസ്സ് രാഷ്ട്രീയം. അതില്‍ ദൗര്‍ഭാഗ്യകരമായ വസ്തുത ആദ്യം ചാക്കോയ്ക്കും പിന്നീട് കേരളാ കോണ്‍ഗ്രസ്സിനുമൊപ്പം ‘ശങ്കരമാധവഗോവിന്ദന്മാര്ക്കെതിരെ’ പടക്കുതിരയെ അഴിച്ചു വിടുവാന്‍ മന്നത്തു പദ്മനാഭനും നിന്നുവെന്നാണ്. 1965ലെ തെറ്റ് 1967ല്‍ മന്നം സ്വയം തിരുത്തി, ശങ്കറും മാധവനും ഗോവിന്ദനും നില്ക്കുന്ന പക്ഷത്തേക്ക് വന്നെങ്കിലും പ്രയോജനപ്പെട്ടില്ല. മുസ്ലീം വര്‍ഗീയതയുടെ രാഷ്ട്രീയ പക്ഷത്തെയുള്പ്പടെ കൂടെകൂട്ടി ഭരണം കിട്ടാന്‍ അവസരവാദവും അടവുനയവും ഇറക്കിയ ഇടതുമുന്നണിയുടെ നേതാവായി ശങ്കരന് നമ്പൂതിരിപ്പാട് വീണ്ടും അധികാരത്തിന്റെ ചെങ്കോല്‍ കൈക്കലാക്കി.
പഴയ തന്ത്രം കോണ്‍ഗ്രസ്സ് വീണ്ടും ഇറക്കി. തൊഴിലാളി മേഖലയിലെ കോണ്‍ഗ്രസ്സ് മുഖവും ഐഎന്‍ടിയുസി നേതാവുമായിരുന്ന കെ കരുണാകരനെ മുന്നില്‍ നിര്‍ത്തിയായിരുന്നു 1970കളിലെ പുതിയ രാഷ്ട്രീയ പ്രതിരോധവും പ്രത്യാക്രമണവും. കമ്മ്യൂണിസ്റ്റ് പക്ഷത്തിന്റെ ശക്തികേന്ദ്രമായ പുന്നപ്ര വയലാറില്‍ ഇടത് ഗുണ്ടായിസത്തെ വെല്ലുവിളിച്ച് ഒറ്റയ്ക്ക് കോണ്‍ഗ്രസ്സ് പതാക ഉയര്‍ത്തിയ വയലാര്‍ രവിയെ, ‘ഇഎംഎസ്സിനെ ഈയം പൂശി ഈയലു പോലെ ഇല്ലാതാക്കുമെന്ന്’ ആര്‍ത്തുവിളിച്ച പുതിയതലമുറയുടെ അമരത്തിരുത്തി. വയലാര്‍ രവിയും ശ്രീനാരായണീയനാണെന്നതും പ്രധാന ഘടകമായിരിക്കാം. കമ്യൂണിസറ്റ് പുലിയെ കെണിയില്‍ വീഴ്ത്തി ഇഎംഎസ്സിനെ ഇറക്കി അച്യുതമേനോനെ കസേരയിലിരുത്തി. പിന്നീട് മുഖ്യമന്ത്രിയായത് കരുണാകരന് തന്നെ. പിന്നീട് കേരളം ഇടതുവലത് മുന്നണികളുടെ പോരാട്ട ഭൂമിയായി മാറി.
പക്ഷേ അവിടെയും ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. പട്ടം താണുപിള്ളയെയും ആര് ശങ്കറെയും വ്യത്യസ്ത തന്ത്രങ്ങളിലൂടെ പറത്താക്കി പി.ടി. ചാക്കോയ്ക്ക് വഴിയൊരുക്കുവാന്‍ കോണ്‍ഗ്രസ്സിനുള്ളില്‍ ഉള്‍പാര്‍ട്ടി പോരാട്ടം നടത്തിയവര്‍ മാറിയ സാഹചര്യത്തില്‍ എ.കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയേയും അധികാര കേന്ദ്രങ്ങളാക്കാനുള്ള പോരാട്ടം തുടര്‍ന്നു. കരുണാകരനെതിരെ വയലാര്‍ രവിയെ പടനായകനാക്കി മാറ്റിയായിരുന്നു പുതിയപോരാട്ടം. പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വയലാര്‍ രവിക്ക്, പക്ഷേ, ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിട്ടും ഒരവസരം കിട്ടിയതുമില്ല. സഹികെട്ടപ്പോള്‍, വയലാര്‍ രവിക്ക്, കരുണാകര പക്ഷത്തേക്ക് മാറേണ്ടിയും വന്നു. കൂടെയുണ്ടായിരുന്ന വി.എം. സുധീരനെപ്പോലും ഒരിക്കലെങ്കിലും മുഖ്യമന്ത്രിയാക്കാമെന്ന് ആന്റണി കോണ്‍ഗ്രസ്സ് കരുതിയില്ലെന്നതും കൂടി കണക്കിലെടുക്കുമ്പോഴാണ് പലരുടെയും ഉള്ളിലിരുപ്പ് എന്തായിരുന്നുവെന്നത് പുറത്താകുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അത്തരം അദ്ധ്യായങ്ങള്‍ വായിച്ചു പഠിച്ചിട്ടു വേണം കെ. സുധാകരനെ സംസ്ഥാന അദ്ധ്യക്ഷനാക്കി അധികാരം തിരിച്ചു പിടിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ രണതന്ത്രം തിരിച്ചറിയേണ്ടത്. ആര്. ശങ്കറെയും വയലാര്‍ രവിയെയും വി.എം. സുധീരനെയും അധികാരം പിടിക്കാന്‍ വേണ്ടി വേണ്ടത്ര ഉപയോഗിച്ചപ്പോള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അവരെ പാര്‍ശ്വവത്കരിക്കാനും വഴി തേടിയവരുടെ ഇടമാണ് കോണ്‍ഗ്രസ്സ്. സോണിയയിലും രാഹുലിലും കൂടി സ്വന്തം താത്പര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന് അവര്‍ ഇന്നും കെല്‍പ്പുള്ളവരുമാണ്.
മറ്റൊരു ശ്രീനാരായണീയനും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലെ പോരാട്ട നായകനുമായ കെ. സുധാകരനെ നായകപ്പട്ടം അണിയിക്കുന്നതും അടവാകാന് തന്നെയാണ് സാദ്ധ്യത. ഇടതുരാഷ്ട്രീയത്തിന്റെ പുതിയ ശക്തിസ്രോതസ്സായ ന്യൂനപക്ഷ വര്‍ഗീയ ശക്തികളുടെ കോണ്‍ഗ്രസ്സിലെ ഇഷ്ടതോഴനായ വി.ഡി. സതീശനെയും നിയമസഭാ കക്ഷിനേതാവായി മുന്നില്‍ നിര്‍ത്തി അവരെ തിരികെ വിളിക്കുവാനും ശ്രമവും നടത്തിയിട്ടുണ്ട്. അധികാരം കിട്ടിയാല്‍ തനിക്കാകണം ഊഴമെന്ന് കണക്കുകൂട്ടലോടെ കെ.സി. വേണുഗോപാലാണിതിനൊക്കെ പിന്നിലെന്നും പലരും പറയുന്നുമുണ്ട്. പക്ഷേ കേരളത്തിന് മുക്തി കിട്ടാതെ വീണ്ടും കേരളത്തില്‍ കോണ്‍ഗ്രസ്സ് ഭരണം തിരിച്ചു വന്നാല്‍ സുധാകരന്റെ പോരാട്ട വീര്യവും സതീശന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയവും വേണുഗോപാലന്‍ ഇപ്പോളുള്ള ഹൈക്കമാന്‍ഡ് സ്വാധീനവും എല്ലാം അവഗണിച്ച് കസേരയിലിരിക്കുവാന്‍ പുതിയ മുഖങ്ങളുണ്ടാകും എന്നതിന് സംശയം വേണ്ട. അല്ലെങ്കില്‍ കേരളത്തിലെ കാര്യം ഇനി ഞാനും കേരളത്തിലെ കോണ്‍ഗ്രസ്സുകാരും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അവകാശങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തീരുമാനിക്കുമെന്ന് പറയുവാനുള്ള ചങ്കൂറ്റം കാണിക്കാന്‍ കെ സുധാകരന് തയാറാകണം. അതിനുതകുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വമെന്നതില് തര്‍ക്കമില്ല. പക്ഷേ അങ്ങനെ ഒരു നിലപാടെടുക്കുവാന്‍ സുധാകരന് തയാറാകുമോയെന്നതാണ് നിര്‍ണ്ണായകമായ ചോദ്യം.
അതിനിടയില്‍ സുധാകരന്റെ വരവ് കമ്യൂണിസ്റ്റ് പക്ഷത്തെ വര്‍ഗീയതയുടെ ശബ്ദമായ എം.എ. ബേബിയെ ആശങ്കപ്പെടുത്തുന്നത് ആ സഖാവിന്റെ അടിസ്ഥാന ഭാവമായ ഹിന്ദു വിരുദ്ധ വര്‍ഗീയതയുടെ വികൃതമുഖം കൂടുതല്‍ പ്രകടമാക്കുന്നു. രാഹുലും യച്ചൂരിയും ചേര്‍ന്ന് രമേശ് ചെന്നിത്തലയെ ഒതുക്കിയ അനുഭവവവും സുധാകരനും സതീശനും മറക്കാതിരുന്നാല്‍ അവര്‍ക്ക് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: