ന്യൂദല്‍ഹി: വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ തിരുമല തിരുപ്പതി ദേവസ്ഥാനത്തെത്തി. ദല്‍ഹിയില്‍ നിന്ന് കുടുംബസമേതമാണ് അദേഹം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തിയത്. ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് ഭഗവാനെ കാണാന്‍ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹത്താല്‍ പല അത്ഭുതങ്ങളും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് എത്താന്‍ കാരണം വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹമാണ്. ഭഗവാന്റെ കൃപയോടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ ഉന്നതങ്ങളില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദര്‍ശനത്തിനായി എത്തിയ ചീഫ് ജസ്റ്റിസിനെ തിരുമല തിരുപ്പതി ദേവസ്ഥാനം അദ്ധ്യക്ഷന്‍ വൈ.വി സുബ്ബ റെഡ്ഡിയും ആചാര്യന്മാരും ചേര്‍ന്ന് സ്വാഗതം ചെയ്തു. പ്രധാന ഉപക്ഷേത്രങ്ങളിലെല്ലാം അദേഹം തൊഴുത ശേഷം രങ്കനായാകുല മണ്ഡപത്തില്‍ നിന്നും പ്രസാദം വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.
മടങ്ങുന്നതിന് മുന്‍പ് ബേദി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലും ചീഫ് ജസ്റ്റിസും കുടുംബവും ദര്‍ശനം നടത്തി. ചീഫ് ജസ്റ്റിസിനൊപ്പം ആന്ധ്രാപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് കെ. ലളിത കുമാരി, ചിറ്റൂര്‍ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര ബാബു, തിരുപ്പതി അഡീഷണല്‍ ജില്ലാ ജഡ്ജി വീരജു, പ്രോട്ടോകോള്‍ മജിസ്ട്രേറ്റ് പവന് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. മുന്‍ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡെയും സ്ഥാനമേറ്റ ഉടന്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: