കൊല്‍ക്കൊത്ത: കഴിഞ്ഞ ദിവസം ഇന്ത്യന്‍ അതിര്‍ത്തിരക്ഷാസേന ബംഗാളിലെ മാള്‍ഡയില്‍ നിന്നും പിടികൂടിയ ചൈനക്കാരന് ഹാന്‍ ജുന്‍വെ ഏകദേശം 1300 ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ചൈനയിലേക്ക് അയച്ചുവെന്ന് വെളിപ്പെടുത്തല്‍. അതിര്‍ത്തി രക്ഷാസേനയുടെ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം ഇത്രയും ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ചൈനയിലേക്ക് അയച്ചതായി തുറന്ന് പറഞ്ഞത്. ഇദ്ദേഹത്തിന് ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമില്‍ സ്വന്തമായി ഹോട്ടലുണ്ടെന്ന് മാത്രമല്ല, ഇദ്ദേഹത്തിന്റെ സുഹൃത്ത് ഇന്ത്യയില്‍ വിവിധ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തുവരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ഇതിനിടെ ഉത്തര്‍പ്രദേശ് പൊലീസിലെ തീവ്രവാദവിരുദ്ധ സ്ക്വാഡിലെ (എടിഎസ്) നാല് പേര് ചോദ്യം ചെയ്യലിനായി മാള്‍ഡയില്‍ എത്തി. 36കാരനായ ഹാന്‍ ജുന്‍വെ എന്ന പേരുള്ള ഈ ചൈനക്കാരന് ചൈനയിലെ ഹുബെ സ്വദേശിയാണ്. ഇന്തോ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കവേയാണ് അതിര്‍ത്തിരക്ഷാ സേന(ബിഎസ്എഫ്) പിടികൂടിയത്. ഇദ്ദേഹത്തിന്റെ പങ്കാളിയായ സുന് ജിയാങിനെ നേരത്തെ ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
‘ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇദ്ദേഹം ഇന്ത്യയ്ക്കെതിരായ ഏതെങ്കിലും രഹസ്യഏജന്സിക്കോ സംഘടനയ്ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നോ എന്ന് അറിയേണ്ടതുണ്ട്,’ ബിഎസ്എഫ് ഡി ഐജിയായ എസ്.എസ്. ഗുലേറിയ പറഞ്ഞു. ഒരു ലാപ് ടോപ്, രണ്ട് ഐ ഫോണുകള്‍, ഒരു ബംഗ്ലാദേശ് സിം കാര്‍ഡ്, രണ്ട് പെന്‍ ഡ്രൈവുകള്‍, എടിഎം കാര്‍ഡുകള്‍, യുഎസ് ഡോളറുകളും ബംഗ്ലാദേശി, ഇന്ത്യന്‍ കറന്‍സികളും കണ്ടെടുത്തിട്ടുണ്ട്.
‘ഗുരുഗ്രാമിലെ സ്റ്റാര്‍ സ്പ്രിംഗ് എന്ന ഹോട്ടല്‍ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2010ന് ശേഷം കുറഞ്ഞത് നാല് തവണയെങ്കിലും ഇന്ത്യയില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനകളുടെ സത്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ്,’ ഗുലേറിയ പറഞ്ഞു.
നേരത്തെ ജിയാങ് എന്ന മറ്റൊരു ചൈനക്കാരനെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ചൈനക്കാരായ ജുന്വെയെയും ഭാര്യയെയും കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എല്ലാവരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. ജുന്വേയ്ക്കും ഭാര്യയ്ക്കും എതിരെ എടിഎസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് കടക്കാന്‍ വേണ്ടി ജുന്‍വെ ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നുമാണ് വിസ സംഘടിപ്പിച്ചത്.
‘ഇദ്ദേഹത്തിന്റെ ലാപ്ടോപ് സ്കാന്‍ ചെയ്തുവരികയാണ്. അന്വേഷണം തുടരുകയാണ്. മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. ഈ കേസില്‍ എല്ലാവരും ഒരുമിച്ചായിരിക്കും പ്രവര്‍ത്തിക്കുക,’ ഗുലേറിയ പറഞ്ഞു.
ചോദ്യം ചെയ്യലില്‍ നിന്നും ഇയാള്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ജൂണ്‍ രണ്ടിന് ഒരു ബിസിനസ് വിസയില്‍ എത്തിയതാണെന്ന് മനസ്സിലായതായി അതിര്‍ത്തി രക്ഷാസേന പറഞ്ഞു. അവിടെ ഒരു ചൈനക്കാരനായ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു. ജൂണ്‍ എട്ടിന് ഇയാള്‍ ബംഗ്ലാദേശിലെ സോന മസ്ജിദ് ജില്ലയില്‍ എത്തി. അവിടെ ഒരു ഹോട്ടലില്‍ കഴിയുകയായിരുന്നു. പിന്നീട് ജൂണ്‍ 10നാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇയാളുടെ പാസ്പോര്‍ട്ടും പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: