ഇടുക്കി: ജില്ലയില്‍ നാടന്‍ തോക്കുകളുടെ അനധികൃത നിര്‍മാണവും ഉപയോഗവും വര്‍ദ്ധിച്ചിട്ടും തടയാന്‍ നടപടിയില്ല. കുറ്റകൃത്യങ്ങളിലടക്കം നാടന്‍ തോക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍.
ജില്ലയില്‍ നാനൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് തോക്കിന് ലൈസന്‍സുള്ളവര്‍. എന്നാല്‍ ലൈസന്‍സില്ലാതെ തോക്ക് കൈവശം വയ്ക്കുന്നവര്‍ അതിന്റെ ആയിരത്തിലധികം വരും. ഇത്തരക്കാര്‍ക്ക് രഹസ്യമായി തോക്ക് നിര്‍മിച്ച് നല്കുന്നവര് ജില്ലയില്‍ സജീവമാണ്.
വന്യമൃഗ വേട്ടയ്ക്കെന്ന പേരിലാണ് തോക്കുകള്‍ കൈവശം വയ്ക്കുന്നതെങ്കിലും പലപ്പോഴും ഇത് മനുഷ്യര്‍ക്ക് നേരെയും ചൂണ്ടാറുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മറയൂര്‍ പാളപ്പെട്ടയില്‍ വനവാസി യുവതിയെ സഹോദരിയുടെ മകന് നാടന്‍ തോക്കുപയോഗിച്ച് വെടിവച്ചു കൊന്നത്. വനമേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത് സംബന്ധിച്ച് വനംവകുപ്പിന് വിവരം നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് ചന്ദ്രിക(30) യെന്ന യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയത്.
2019 ജൂലായില്‍ കൂലിതര്‍ക്കത്തെ തുടര്‍ന്ന് കരിമണ്ണൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കെതിരെ ഒരാള്‍ നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ത്തിരുന്നു. ലൈസന്‍സില്ലാത്ത നാടന്‍തോക്കുകളാണ് ഇവയില്‍ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഉപയോഗിക്കപ്പെടുന്നത്.
തോക്ക് വാങ്ങാന്‍
തോക്ക് ലൈസന്‍സ് കിട്ടുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത തോക്ക്/ ആയുധ വില്പന കേന്ദ്രങ്ങളില്‍ നിന്നേ തോക്ക് വാങ്ങാവൂ. ലൈസന്‍സ് കാണിച്ചാലെ തോക്ക് ലഭിക്കൂ. റൈഫിളോ, പിസ്റ്റലോ ഏത് വേണമെന്ന് ലൈസന്‍സ് കിട്ടുന്ന ആളിന് തീരുമാനിക്കാം. നിശ്ചിത വില നല്കി വാങ്ങിയ തോക്ക് അതത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണം. അവിടെ തോക്കിന്റെ വിശാദാംശങ്ങളും കമ്പനിയും മറ്റും രേഖപ്പെടുത്തും. ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ പോലീസ് തന്നെ പഠിപ്പിക്കും. സ്വയം രക്ഷയ്ക്ക് ഉപയോഗിക്കേണ്ടി വന്നാല്‍ കാല് മുട്ടിനും താഴെ വെടിവെയ്ക്കാം.
തോക്ക് ലൈസന്‍സിന് അപേക്ഷ കൊടുക്കേണ്ടത് അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ക്രിമിനല്‍ കേസിലെ പ്രതികളായിട്ടുള്ളവര്‍, സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചിട്ടുളളവര്‍, ശിക്ഷിയ്ക്കപ്പെട്ട് ജയിലില്‍ കിടന്നിട്ടുള്ളവര്‍, സാമൂഹിക വിരുദ്ധര്‍, മാനസികരോഗമുള്ളവര്‍, പോലീസ് സംരക്ഷണം ഉള്ളവര്‍, ഏതെങ്കിലും ക്രിമിനല്‍ കേസുകള്‍ കോടതിയില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ലൈസന്‍സ് കിട്ടില്ല.
കളക്ടര്‍ കിട്ടുന്ന അപേക്ഷ എഡിഎമ്മിന്റെ ഓഫീസിനെ ഏല്‍പ്പിക്കുന്നു. പരിശോധന കഴിഞ്ഞാല്‍ ജില്ലാ പോലീസ് മേധാവിക്കോ പോലീസ് കമ്മീഷണര്‍ക്കോ കൈമാറും. അപേക്ഷിച്ച ആളിനെപ്പറ്റി വിശദമായി അന്വേഷിക്കും. അര്‍ഹതയുണ്ടെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ ലൈസന്‍സ് കിട്ടും. അഞ്ച് വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ലൈസന്‍സ് എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാനും കളക്ടര്‍ക്ക് അധികാരമുണ്ട്. നിരവധി പേര് തോക്കിന് ലൈസന്‍സ് തേടി എത്താറുണ്ടെങ്കിലും വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കാറുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: